120 പെൺകുട്ടികൾക്ക് ഒരു മൂത്രപ്പുര .എല്ലാവരും താമസിച്ചിരുന്ന ഹോസ്റ്റൽ കെട്ടിടം അപകടനിലയിൽ ആയതിനെത്തുർന്ന് അടച്ചുപൂട്ടി .ഇപ്പോൾ 120 പേരും താമസം മൂന്ന് ക്ലാസ് മുറികളിൽ .പഠിപ്പിക്കാൻ ക്ലാസ്സ്മുറികൾ ഇല്ലാതായതിനെത്തുടർന്ന് സ്കൂൾ ലൈബ്രറി ,കമ്പ്യൂട്ടർലാബ് ,സ്റ്റേജ് എന്നിവ ക്ലാസ്സ്മുറികൾ ആക്കി .വയനാട്ടിലെ തിരുനെല്ലി ആശ്രമം ഗവണ്മെന്റ് റെസിഡൻഷ്യൽ സ്കൂളിലെ വിദ്യാർഥിനികൾക്കാണ് ഈ ദുർഗ്ഗതി .വയനാട് ,കോഴിക്കോട് ജില്ലകളിലെ ഏക സർക്കാർ റസിഡൻഷ്യൽ സ്കൂൾ ആണിത് .2025 ജൂലായിൽ പൊതുമരാമത്തു വകുപ്പിന്റെ പരിശോധനയിൽ ഹോസ്റ്റൽ കെട്ടിടം അപകടനിലയിൽ ആണെന്ന് കണ്ടെത്തിയിരുന്നു . അതിനുശേഷമാണ് 120 വിദ്യാർഥിനികളെയും മൂന്ന് ക്ലസ്സ്മുറികളിലേക്ക് മാറ്റിയത് .120 പെൺകുട്ടികളും ഒരു ശുചിമുറി ഉപയോഗിക്കേണ്ട ഗതികേടിലാണ് .കഴിഞ്ഞ എസ് .എസ് .എൽ .സി പരീക്ഷകളിൽ നൂറുശതമാനം വിജയം ഇവിടുത്തെ വിദ്യാർത്ഥികൾ നേടിയിട്ടുണ്ട് . ഈ സ്കൂൾ 60 കിലോമീറ്റർ അകലെയുള്ള കണ്ണൂർ ജില്ലയിലെ ആറളത്തേക്ക് മാറ്റാനും നീക്കം നടക്കുന്നുണ്ട് .അങ്ങനെവന്നാൽ മക്കളെ കാണാൻ മാതാപിതാക്കൾക്ക് 60 കിലോമീറ്റർ അധിക ദൂരം സഞ്ചരിക്കേണ്ടിവരും.

