– സവർണ്ണ പുരുഷൻ്റെ വല്ലാത്തൊരു ലോകം മലയാള സിനിമകളിലെല്ലാം പ്രത്യക്ഷപ്പെട്ടു തുടങ്ങിയത് പി. പത്മരാജൻ്റെ” തൂവാനത്തുമ്പികൾ “എന്ന ചലച്ചിത്രത്തോട് കൂടിയാണെന്ന് സാമൂഹിക ചിന്തകൻ ഡോ :എ .കെ .വാസു .
ജന്മിയുടെ ഭൂമിയിൽ കുടിൽ- കെട്ടി കൃഷിപ്പണിചെയ്ത് ജീവിക്കുന്ന ജഗതി ശ്രീകുമാറിന്റെ കഥാപാത്രമുണ്ട് അതിൽ . മോഹൻലാൽ കഥാപാത്രമായ മണ്ണാറത്തൊടി ജയകൃഷ്ണൻ ജഗതിയെ കൊല്ലാൻ ശ്രമിക്കുന്നു . മോഹൻലാലിന്റെ കാമുകിയായ രാധയായി പാർവ്വതി അഭിനയിക്കുന്നു . ജഗതിയുടെ കുടിയാൻ കഥാപാത്രത്തെ കൊല്ലാൻ ശ്രമിച്ച വിവരം ജയകൃഷ്ണൻ തന്റെ കാമുകിയായ രാധയോട് പറയുമ്പോൾ രാധ പൊട്ടി പൊട്ടി ചിരിക്കുകയാണ് . ഇതിൽ ചിരിക്കുവാൻ എന്ത് ഫലിതമാണുള്ളത്. കൊലച്ചിരിയാണത്.
മണ്ണാറത്തൊടി ജയകൃഷ്ണന്റെ മറ്റൊരു കാമുകിയായ ക്ലരയായി സുമലത അഭിനയിക്കുന്നു . പ്രണയത്തിന്റെ മൂർത്തിമദ്ഭാവമാണ് ക്ളാര എന്നാണ് കൊട്ടിഘോഷിക്കപ്പെടുന്നത്. ക്ലാരക്ക് ക്രൈസ്തവ ലത്തീൻ കത്തോലിക്ക വ്യക്തിത്വമാണുള്ളത് .അതിൽ “മേഘം പൂത്തുതുടങ്ങി … ” എന്ന ഗാനത്തിനുമുൻപ് മോഹൽലാൽ സുമലതയുമായി കടലിൽ ഉടലുരുമ്മി കിടക്കുന്ന ഒരു രംഗമുണ്ട്. ക്ലാരയെ ഞാൻ വിവാഹം കഴിച്ചുകൊള്ളട്ടെ എന്ന് മോഹൻലാൽ കഥാപാത്രമായ മണ്ണാറത്തൊടി ജയകൃഷ്ണൻ ചോദിക്കുമ്പോൾ സുമലത പറയുന്നു “ഞങ്ങളുടെ കുട്ടത്തിൽ ചേരണം “
അപ്പോൾ ജയകൃഷ്ണൻ ; “നിങ്ങളുടെ കൂട്ടത്തിൽ എന്നുപറഞ്ഞാൽ?”. ക്ലാര :- “കടലിൽ പോകണം . കടലിൽ പോകുമ്പോൾ എന്തെങ്കിലും കൊണ്ടുവരണം. ” – ജയകൃഷ്ണൻ :- “എന്തെങ്കിലും മതിയോ ? “. ക്ലാര :- “വലയിൽ എന്തെങ്കിലും ഉണ്ടാവണം”.
ക്ലാര എവിടെനിന്നു വരുന്നു എന്നന്വേഷിച്ചാൽ കടപ്പുറത്തെ ഒരു ലത്തീൻ കത്തോലിക്കാ വ്യക്തിത്വമാണെന്ന് മനസിലാക്കാം .
പാർവ്വതി അഭിനയിച്ച രാധ എന്ന കഥാപാത്രം തറവാട്ടിൽനിന്നും വരുന്ന ആളാണ് . രാധ , ക്ലാര എന്നീ കാമുകിമാർക്കിടയിൽ നിൽക്കുന്ന മണ്ണാറത്തൊടി ജയകൃഷ്ണനെ ക്ലാരയിൽനിന്നും അടർത്തിമാറ്റി രാധയോടു ചേർക്കുന്ന ഒരു ആചാര സംരക്ഷണ സിനിമയാണ് “തൂവാനത്തുമ്പികൾ” .- എന്നാൽ നമ്മൾ ഇതിനെ ഉദാത്തമായ പ്രണയ സിനിമയായി വാഴ്ത്തുന്നു .ക്ലാര വരുമ്പോഴെല്ലാം മഴയായിരുന്നു എന്നൊക്കെ പറയുന്നു .ഇതിന്റെ പിന്നിൽ ഇങ്ങനെയും ഒരു സംഭവമുണ്ട്. ഒരു ഫ്യൂഡൽ സവർണ്ണ പുരുഷന്റെ വല്ലാത്തൊരു ലോകം അത് വരച്ചുകാട്ടുന്നു .നവോതഥാനത്തിന് മുൻപ് ഉണ്ടായിരുന്നു എന്ന് അവർ കരുതുന്ന മണ്ണാറത്തൊടി ജയകൃഷ്ണന്റേതുപോലുള്ള ഫ്യൂഡൽ സവർണ്ണ ഭാവന പിന്നീടുള്ള മലയാള സിനിമകളിലെല്ലാം ആവർത്തിക്കപ്പെട്ടു എന്ന് ഡോ : എ .കെ .വാസു നിരീക്ഷിക്കുന്നു.


