എസ് . ജ്യോതികുമാർ
ആദ്യ കൂടിക്കാഴ്‌ച.
1946 മാർച്ച് 18ന് മലയയിൽ വച്ചാണ് ജവഹർലാൽ നെഹ്റു ആദ്യമായി മൗണ്ട് ബാറ്റണെ കാണുന്നത്. മൗണ്ട് ബാറ്റൺ അന്ന് വൈസ്രോയി അല്ല. രണ്ടാം ലോക മഹായുദ്ധത്തിലെ സഖ്യസേനയുടെ സുപ്രീം അലൈസ് കമാൻഡർ ആണ്. മലയയിൽ വൈ.എം.സി.എ. റസ്റ്റ് റൂമിൽ Welfare വർക്കേഴ്‌സുമായി ചായ കുടിക്കാൻ പോയപ്പോഴാണ് നെഹ്റു മൗണ്ട് ബാറ്റണേയും ഭാര്യ എഡ്വിനയേയും ആദ്യമായി കാണുന്നത്. ഐ.എൻ.എ ഭടന്മാർ കാൻ്റീനിലേയ്ക്ക് തള്ളിക്കയറിയതുമൂലം അവിടെ കാൽ വഴുതി നിലത്ത് വീഴാൻ പോയ എഡ്വിനയെ നെഹ്റു രക്ഷിച്ചു.
12.02.1947-ൽ മൗണ്ട് ബാറ്റൺ വൈസ്രോയിയായി ഇന്ത്യയിൽ ചുമതലയേറ്റു. എഡ്വിന മൗണ്ട്ബാറ്റണ് അന്ന് 45 വയസ്സ് പ്രായം. നെഹ്റുവിന് 57 വയസ്സ്. ജവഹർലാൽ നെഹ്റുവിൻ്റെ ഭാര്യ കമല നെഹ്റു 28.02.1936-ൽ ക്ഷയരോഗ ബാധിതയായി ജർമ്മനിയിൽ ചികിത്സയിലിരിക്കെ അന്തരിച്ചു. ചിതാഭസ്മം മാത്രമേ ഇന്ത്യയിലേക്ക് കൊണ്ടുവരാൻ കഴിഞ്ഞുള്ളു. 1916-ൽ വിവാഹിതരായ നെഹ്റുവും കമലയും 20 കൊല്ലം ഒന്നിച്ചു ജീവിച്ചു. ആദ്യം സ്വിറ്റ്‌സർലണ്ടിലും പിന്നീട് ജർമനിയിലും കമലയെ ചികിത്സിച്ചു. ജവഹർലാൽ നെഹ്റു ജയിലിൽ ആയിരുന്നതി നാൽ കമലയെ ജർമ്മനിയിൽ ചികിത്സയ്ക്കായി കൊണ്ടുപോകാൻ ഏർപ്പാട് ചെയ്തത് സുഭാഷ് ചന്ദ്രബോസ് ആയിരുന്നു.
നെഹ്റുവിന്റെ സ്ത്രീ സുഹൃത്ത്.
പത്മജാ നായിഡു എന്ന സ്ത്രീ സുഹൃത്ത് ജവഹർലാൽ നെഹ്‌റുവിന് ഉണ്ടായിരുന്നു. സരോജിനി നായിഡുവിൻ്റെ മകളായ പത്മജാ നായിഡു 1950-ൽ പാർലമെൻറ് അംഗമായിരുന്നു. 1956-ൽ പശ്ചിമ ബംഗാൾ ഗവർണ്ണറായിരുന്നു. ജവ ഹർലാൽ നെഹ്റുവും പത്മജാ നായിഡുവും ഒരുപാടു നാളുകൾ ഒരുമിച്ച് ജീവിച്ചു. പുപുൽ ജയകർ എഴുതിയ ഇന്ദിരാഗാന്ധിയുടെ ജീവചരിത്രത്തിൽ, മകൾ ഇന്ദിരയെ വിഷമിപ്പിക്കേണ്ടെന്ന് കരുതി ജവഹർലാൽ നെഹ്റു രണ്ടാമതൊരു വിവാഹ ബന്ധ ത്തിൽ ഏർപ്പെട്ടില്ല എന്ന് രേഖപ്പെടുത്തിയിട്ടുണ്ട്. പത്മജ നായിഡു 1975-ൽ മരിക്കു ന്നതുവരെ അവിവാഹിതയായി തുടർന്നു. താമസം പ്രധാനമന്ത്രിയുടെ വസതിയായ ദില്ലിയിലെ തീൻമൂർത്തി ഭവനിലെ ബംഗ്ലാവിൽ ആയിരുന്നു.
1937നും 1938-നും ഇടയിലുള്ള കാലം ജവഹർലാൽ നെഹ്റു അൻപതോളം കത്തുകൾ പത്മജ നായിഡുവിന് എഴുതിയതായി കണ്ടെത്തിയിട്ടുണ്ട്. അവയിൽ പലതും പ്രണയ ലേഖനങ്ങൾ ആയിരുന്നു. അവയിൽ ഒന്നിൽ നെഹ്റു എഴുതി “I famish for news of you. How I long to hold you”. (നിന്നെക്കുറിച്ച് അറിയാൻ ഞാൻ ദാഹിക്കുന്നു. നിന്നെ എത്രകാലം ചേർത്ത് പിടിക്കാൻ എനിക്ക് കഴിയും).
പട്ടാള മേധാവിക്ക് രഹസ്യ റിപ്പോർട്ട്.
എഡ്വിന മൗണ്ട് ബാറ്റൺ ഇന്ത്യയിൽ എത്തും മുൻപ് രണ്ട് വിവാദങ്ങളിൽ ഉൾപ്പെട്ടിരുന്നു. അമേരിക്കൻ നടനും ഗായകനുമായ പോൾ റോബ്‌സൺ, ഗായകനായ ലെസ്‌ലി ഹച്ചിസൺ എന്നിവരുമായി എഡ്വിന അടുത്ത ബന്ധം പുലർത്തി വന്നതായി 1932-ൽ ‘ദി പീപ്പിൾ’ തിടങ്ങിയ പത്രങ്ങളിൽ വാർത്ത വന്നിരുന്നു. എന്നാൽ എഡ്വിന അത് രണ്ടും നിഷേധിച്ചിരുന്നു. എഡ്വിന ഇന്ത്യയിൽ വന്ന് പതിനൊന്ന് മാസം പിന്നിട്ടപ്പോഴേക്കും ബ്രിട്ടീഷ് ഫീൽഡ്മമാർഷൽ ക്ലൗഡി അലുച്ചിൻലെക്കിൻ്റെ സെക്രട്ടറി ഷാഹിദ് ഹാമിദ് തന്റെ ഫീൽഡ് മാഷിന് ഒരു രഹസ്യ റിപ്പോർട്ട് നൽകി. എഡ്വിനയും നെഹ്റുമായുള്ള ബന്ധം ആരിലും സംശയം ഉണർത്തുന്നതാണ് എന്നതായിരുന്നു ആ റിപ്പോർട്ടിന്റെ സാരം. കൃഷ്ണമേനോൻ പറഞ്ഞാണ് താൻ ഈ വിവരം അറിഞ്ഞതെന്നും അറിയിച്ചു. 28.03.1947-ൽ നടന്ന ഏഷ്യൻ റിലേഷൻ കോൺഫറൻസിൽ പങ്കെടുക്കാൻ എത്തിയ നെഹ്‌റുവും എഡ്വിനയും കസേരകൾ അഭിമുഖമായി തിരിച്ചിട്ട് പരിസരം മറന്ന് സംസാരിച്ചു. മാത്രമല്ല രണ്ടുപേരും രാത്രി വൈകിയും ദീർഘനേരം സംഭാഷണങ്ങളിൽ ഏർപ്പെട്ടു. എപ്പോഴും പരസ്‌പരം കണ്ടുമുട്ടുവാൻ ഇരുവരും ഏറെ ആഗ്രഹിച്ചു. മൗണ്ട്ബാറ്റൺ ഈ ബന്ധത്തെ എതിർത്തില്ല. അദ്ദേഹം ഇതിനെ മാതൃകാപരമായ സൗഹൃദ ബന്ധമായി കണ്ടു.
കുടുംബ സുഹൃത്ത് നെഹ്റു.
നെഹ്റുവിനെ തൻ്റെ അടുത്ത സുഹൃത്തായി മൗണ്ട് ബാറ്റൺ കരുതി. മൗണ്ട് ബാറ്റണും എഡ്വിനയും അവരുടെ ഇളയ മകളായ പമേലയുമൊത്ത് അലഹബാദിൽ കുംഭമേളയ്ക്കു പോയപ്പോൾ പണ്‌ഡിറ്റ് ജവഹർലാൽ നെഹ്റുവും അവരോടൊപ്പം ഉണ്ടാ യിരുന്നു. നാലുപേരും ചേർന്ന് രഥം വലിക്കുന്ന ചിത്രം മൗണ്ട് ബാറ്റന്റെ ചിത്ര ശേഖരത്തിലുണ്ട്. മൗണ്ട് ബാറ്റൻ ആ ചിത്രത്തിനു കൊടുത്ത തലക്കെട്ട് “Family visit to Allahabad” എന്നാണ്. എഡ്വിനയും നെഹ്റുവും തമ്മിൽ നിരന്തരം കത്തിടപാടുകൾ നടത്തിയിരുന്നു. നെഹ്റുവിന്റെ വീട്ടിലെ നിത്യസന്ദർശകയായി എഡ്വിന. എഡ്വിന വീട്ടിലുള്ളപ്പോഴൊക്കെ തൻ്റെ സഹോദരൻ നെഹ്റു ചിരിയും കളിയും നിറഞ്ഞ ഒരു ചെറുപ്പക്കാരനായി മാറിയിരുന്നു എന്ന് സഹോദരി വിജയലക്ഷ്‌മി പണ്ഡിറ്റ് അഭിപ്രായപ്പെട്ടിട്ടുണ്ട്. എഡ്വിനയുമായുള്ള നെഹ്റുവിൻ്റെ അടുപ്പംമൂലമാണ് മൗണ്ട് ബാറ്റൺ ഇന്ത്യയ്ക്ക് അനുകൂലമായി തീരുമാനങ്ങൾ എടുക്കുന്നത് എന്ന് ആരോപണം ഉണ്ടായിരുന്നു. എഡ്വിന, നെഹ്റുവിന് എഴുതിയത് എന്ന് പറയുന്ന കുറെ കത്തുകൾ എങ്ങിനെയോ മുഹമ്മദലി ജിന്നയുടെ പക്കൽ കിട്ടിയെന്നും അവയിൽ ഒന്നിൽ “താങ്കൾ, താങ്കളുടെ തൂവാല എന്റെ വീട്ടിൽ വച്ച് മറന്നു മൗണ്ട് ബാറ്റൻ കണ്ടെത്തും മുൻപ് ഞാൻ അത് എടുത്തുമാറ്റി എന്നും, “സിംലയിൽ നമ്മൾ ഒന്നിച്ചു ചെലവിട്ട നിമിഷങ്ങളും അങ്ങയുടെ സ്‌പർശവും ഇപ്പോഴും ഓർക്കുന്നു എന്നും” എഴുതിയിരുന്നതായി ജിന്നയുടെ സഹപ്രവർത്തകനും പിന്നീട് പാകിസ്ഥാനിലെ വിദേശകാര്യ വകുപ്പ് മന്ത്രിയുമായി മാറിയ എസ്.എസ്.പിർസാദ വെളിപ്പെടുത്തിയിട്ടുണ്ട്. എന്നാൽ ജിന്ന ഇത് ആരോടും വെളിപ്പെടുത്താതെ കത്തുകൾ എഡ്വിനയ്ക്ക് മടക്കി നൽകി. “സീസറുടെ ഭാര്യ സംശയങ്ങൾക്ക് അതീതയായിരിക്കണം” എന്നുമാത്രം പറഞ്ഞു.
ബന്ധം രാഷ്ട്രീയ വിവാദം.
വൈസ്രോയി ആയ മൗണ്ട് ബാറ്റൺ ഇന്ത്യയ്ക്കും കോൺഗ്രസിനും അനുകൂലമായ തീരുമാനങ്ങൾ എടുക്കുന്നത് എഡ്വിനയും നെഹ്റുവും തമ്മിലുള്ള പ്രേമം മൂലമാണെന്ന് ജിന്നയുടെ അടുപ്പക്കാരനായ ബലൂചിസ്ഥാൻ നേതാവ് യഹ്യ ഭക്ത്യാർ ആരോപിച്ചിരുന്നു. നെഹ്റുവും എഡ്വിനയും തമ്മിലുള്ള ബന്ധം വളരെ വൈകാരികവും ആഴമേറിയതും ആണെന്ന് നെഹ്റുവിന് ഒപ്പം താമസിച്ചിരുന്ന അനന്തിരവൾ നയൻതാര പണ്ഡിറ്റ് അഭിപ്രായപ്പെട്ടിട്ടുണ്ട്. “നെഹ്റുവും എഡ്വിനയും തമ്മിൽ പ്രണയത്തിലായിരുന്നോ” എന്ന് തന്നോട് ചോദിച്ചാൽ, “ആയിരുന്നു” എന്ന് താൻ നിസ്സംശയം മറുപടി പറയുമെന്ന് എഡ്വിനയുടെയും മൗണ്ട്ബാറ്റന്റെയും ഇളയ മകൾ പമേല പറഞ്ഞിട്ടുണ്ട്. പക്ഷേ അവർ ഒന്നുകൂടി കൂട്ടിച്ചേർത്തു, അത് അനശ്വര പ്രേമം ആയിരുന്നു. അവരുടെ മൂത്ത മകൾ പട്രീഷ്യയും ഇതു ശരി വെച്ചിട്ടുണ്ട്. 1947ൽ ബ്രിട്ടീഷുകാർ ഇന്ത്യ വിട്ടുപോയെങ്കിലും എഡ്വിന ഇന്ത്യയിൽ നിന്നും പോയില്ല. കാരണം സ്വതന്ത്ര ഇന്ത്യയിലെ ആദ്യത്തേയും അവസാനത്തേയും ഗവർണർ ജനറലായി മൗണ്ട്ബാറ്റൺ പ്രഭുവിനെ ഒരു കൊല്ലത്തേക്ക് നെഹ്റു നിയമിച്ചിരുന്നു. ആ ഒരു കൊല്ലക്കാലം ഇവരുടെ ജീവിതത്തിൽ പലതും സംഭവിച്ചു. വിഭജനത്തിന്റെ ഫലമായി നടന്ന പലായനങ്ങളും കലാപങ്ങളും അക്രമ സംഭവങ്ങളും മൂലം ഇരുരാജ്യങ്ങളിലും അഭയാർത്ഥി ക്യാമ്പുകളുടെ നിരതന്നെ ഉണ്ടായി. അവിടെയുള്ള മനുഷ്യർക്ക് മരുന്നും, ഭക്ഷണവും, വസ്ത്രവും, അഭയവും ഒരുക്കാൻ മറ്റുള്ളവർക്കൊപ്പം എഡ്വിനയും അശ്രാന്ത പരിശ്രമം നടത്തി. മുറിവേറ്റവർക്ക് വേണ്ടി സേവനം ചെയ്യാമോ എന്ന് നെഹ്‌റു എഡ്വിനയോട് ചോദിച്ചിരുന്നു. അക്കാലത്ത് 22 ഓളം ചാരിറ്റബിൾ സൊസൈറ്റികളുടെ പ്രസിഡന്റും ‘യുണൈറ്റഡ് കൗൺസിൽ ഫോർ റിലീഫ് ആൻ്റ് വെൽഫെയർ’ എന്ന സംഘടനയുടെ വൈസ് പ്രസിഡന്റുമായിരുന്നു എഡ്വിന. 1947 സെപ്റ്റംബറിൽ നെഹ്റുവും എഡ്വിനയും കൈകൾ കോർത്ത് പിടിച്ച് ഒരു അഭയാർത്ഥി ക്യാമ്പ് സന്ദർശിക്കുന്ന പ്രസിദ്ധമായ ഒരു ചിത്രം ഉണ്ട്. എഡ്വിന ഈ സംഭവം തന്റെ ഡയറികളിൽ എഴുതിയിട്ടുണ്ട്. നെഹ്റുവുമായി അടുത്തതിൻ്റെ അത്ഭുതവും ആഹ്ലാദവും അവർ പ്രകടിപ്പിക്കുന്നുണ്ട്. നെഹ്‌റു എഡ്വിനയ്ക്ക് എഴുതിയ ഒരു കത്ത് ഇങ്ങനെയാണ് “ഏതോ അതീതശക്തി നിനക്ക് സൗന്ദര്യവും ബുദ്ധിശക്തിയും ഒരുമിച്ച് നൽകി. ഒപ്പം മറ്റാർക്കും നൽകാത്ത ഒന്നു കൂടി നൽകി മനുഷ്യത്വം”.
ഗാന്ധിജിയുടെ വേർപാട്.
ഇതിനിടെ ഗാന്ധിജി 1948 ജനുവരി 31ന് രക്തസാക്ഷിയായി. ഇത് ഒട്ടൊന്നുമല്ല നെഹ്റുവിനെ മാനസികമായി തളർത്തിയത്. നെഹ്രുവിനെ സാന്ത്വനിപ്പിക്കാൻ മറ്റുള്ളവർക്കൊപ്പം മൗണ്ട്ബാറ്റണും ഉണ്ടായിരുന്നു. ഇതിനിടെ തൻ്റെ കാലാവധി പൂർത്തിയാക്കും മുൻപ് ഇംഗ്ലണ്ടിലേക്ക് മടങ്ങാൻ മൗണ്ട്ബാറ്റൺ നിർബന്ധിതനായി. അഞ്ചുകൊല്ലം കൂടി ഗവർണർ ജനറലായി തുടരാൻ നെഹ്റുവും പട്ടേലും നിർദ്ദേശിച്ചിട്ടും മൗണ്ട്ബാറ്റൺ വഴങ്ങിയില്ല. നെഹ്റു പിന്നെയും കടുത്ത മാനസിക സംഘർഷത്തിൽ ആയി. ഇത് കണ്ടറിഞ്ഞ എഡ്വിന ഹിമാചൽ പ്രദേശിലെ സിംലയിലെ മഷോബ്രയിലേക്ക് നെഹ്റുവിനേയുംകൂട്ടി ഉല്ലാസയാത്രക്കുപോയി. ഒപ്പം മൗണ്ട്ബാറ്റണും ഇളയ മകൾ പമേലയും ഉണ്ടായിരുന്നു. ടിബറ്റൻ റോഡിലൂടെ ഒരു തുറന്ന ചുവപ്പ് കാറിൽ അവർ സഞ്ചരിച്ചു. നാല് ദിവസം എഡ്വിനയോടും കുടുംബത്തോടുമൊപ്പം നെഹ്റു അവിടെ ചെലവഴിച്ചു. സങ്കടവും സമാധനവും നിറഞ്ഞ നാല് ദിവസങ്ങളായിരുന്നു മഷോ ബ്രയിലേതെന്ന് നെഹ്റു മകൾ ഇന്ദിരയ്ക്ക് എഴുതി. അഞ്ചാം ദിവസം വെളുപ്പിന് ആറരയ്ക്ക് നെഹ്റു തനിച്ച് അവിടെ നിന്നും തിരികെ പോന്നു. “താങ്കൾ ഒറ്റയ്ക്ക് തിരികെ പോകുന്നത് കാണാൻ ഞാൻ ഇഷ്ടപ്പെട്ടില്ല, എന്നാൽ താങ്കൾ എന്നെ വന്യമായ ഒരു ശാന്തതയിലും സന്തോഷത്തിലും ആണ് തനിച്ചാക്കി പോയത്” എന്ന് എഡ്വിന പിന്നീട് എഴുതി.
വേർപാടിന്റെ വേദന.
ഇതിനിടെ മൗണ്ട് ബാറ്റൻ ഇന്ത്യ അനുകൂലിയാണെന്ന് ബ്രിട്ടനിൽ സംസാരമായി. ഇന്ത്യയും പാകിസ്ഥാനും വേർതിരിക്കുന്ന അന്താരാഷ്ട്ര അതിർത്തി രേഖ വരച്ചതിൽ പോലും പക്ഷപാതം കാട്ടിയെന്ന് എതിരാളികൾ അവിടെ പറഞ്ഞുപരത്തി. “രാമൻ്റെ ഹൃദയം പിളർന്നു നോക്കിയാൽ സീതയുടെ പേര് കാണാം. നെഹ്റുവിന്റെ ഹൃദയം പിളർന്നു നോക്കിയാൽ എഡ്വിനയുടെ പേര് കാണാം” എന്ന് എതിർ പാർട്ടിക്കാർ ഡെൽഹിയിലെ തെരുവുകളിൽ നെഹ്രുവിനെതിരെ മുദ്രാവാക്യം മുഴക്കി. ഇംഗ്ലണ്ടിലേക്ക് മടങ്ങിപ്പോകുന്ന മൗണ്ട്ബാറ്റണും എഡ്വിനയ്ക്കും 1948 ജൂൺ 19ന് നെഹ്റു ഗംഭീരമായ യാത്രയയപ്പ് ചടങ്ങ് നടത്തി. മൗണ്ട്ബാറ്റൺ, എഡ്വിന, നെഹ്റു എന്നീ മൂന്ന് പേർ ഒരു തുറന്ന റോൾസ് റോയ്‌സ് കാറിൽ ഡൽഹി ഗേറ്റ് മുതൽ ചെങ്കോട്ട വരെ നഗരപ്രദക്ഷിണം നടത്തി. റോഡിന് ഇരുപുറവും തിങ്ങിനിറഞ്ഞ ജനസമൂഹം റോസാപ്പൂക്കളാൽ അവരെ മൂടി. എഡ്വിന ചാന്ദ്നി ചൗക്കിൽ വെച്ച് ജനങ്ങളോട് ഹിന്ദിയിൽ “നമസ്തേ” പറഞ്ഞപ്പോൾ ആവേശഭരിതരായി നിയന്ത്രണം വിട്ട ജനക്കൂട്ടം ബാരിക്കേട് തകർത്തു കാറിനടുത്തെത്തി. നെഹ്റു ഏറെ പണിപ്പെട്ടാണ് ജനങ്ങളെ നിയന്ത്രിച്ചത്. പതിനെട്ടാം നൂറ്റാണ്ടിലെ സ്വർണ്ണ നിർമ്മിതമായ ഒരു പെട്ടി, ഒരു മരതക മോതിരം, എഡ്വിനയുടെ അമ്മ അവരുടെ അച്ഛന് സമ്മാനിച്ച സെയിൻ്റ് ക്രിസ്റ്റഫറിന്റെ ചിത്രംപതിച്ച ഒരു ലോക്കറ്റ് എന്നിവ എഡ്വിന നെഹ്റുവിന് സമ്മാനിച്ചു.
പകരം നെഹ്റു എഡ്വിനയ്ക്ക് ഒരു പുരാതന നാണയം, ഒരു പെട്ടി നിറയെ മാമ്പഴം, കൈയ്യൊപ്പിട്ട തൻ്റെ ആത്മകഥയുടെ പകർപ്പ് എന്നിവ സമ്മാനിച്ചു. ഇംഗ്ലണ്ടിൽ ചെന്നതിനു ശേഷം വെള്ളിയിൽ തീർത്തതും ജവഹർ എന്ന് അവ്യക്തമായി കൊത്തിയതുമായ ഒരു പെട്ടി നെഹ്‌റുവിന് എഡ്വിന സമ്മാനിച്ചു. ജനുവരി 21ന് അവർ യാത്രയായപ്പോൾ ഡെൽഹിയിലെ പാലം വിമാനത്താവളം വരെ സഞ്ചരിക്കാൻ നാലു കുതിരകൾ പൂട്ടിയ രഥം നെഹ്റു ഏർപ്പാടാക്കി. നെഹ്റു തല കുമ്പിടുകയും എഡ്വിനയുടെ കയ്യിൽ ചുംബിക്കുകയും ചെയ്തു. ഇംഗ്ലണ്ടിൽ ചെന്നതിനുശേഷം എഡ്വിന നെഹ്റുവിന് എഴുതി “ജീവിതം അയഥാർത്ഥവും ശൂന്യവുമായി തോന്നുന്നു.” ആകെ സങ്കടത്തിൽ ആയ എഡ്വിനയെ ഭർത്താവ് മൗണ്ട്ബാറ്റൺ ബക്കിങ്ഹാം കൊട്ടാരത്തിലെ ഉദ്യാന വിരുന്നുകളിൽ നിർബന്ധിച്ചു കൂട്ടിക്കൊണ്ടുപോയെങ്കിലും അവയെല്ലാം വ്യർത്ഥമായിരുന്നു. നെഹ്റു എഡ്വിനയ്ക്ക് എഴുതി “അന്തരീക്ഷ വായുവിൽ എനിക്ക് ഇപ്പോഴും ആ സുഗന്ധം ശ്വസിക്കാൻ കഴിയുന്നു. ആ സ്വപ്നലോകത്ത് എനിക്ക് എന്നെ നഷ്ടപ്പെട്ടിരിക്കുന്നു. ഒരു പ്രധാനമന്ത്രിക്ക് അതു ചേർന്നതല്ലെങ്കിലും”.
നെഹ്റുവിന്റെ ഇംഗ്ലണ്ട് സന്ദർശനം.
ജവഹർലാൽ നെഹ്‌റു 1948 ഒക്ടോബർ അഞ്ചിന് ഇംഗ്ലണ്ടിലെ ബ്രോഡ്ലാൻഡിൽ ചെന്ന് എഡ്വിനയെ അവരുടെ താമസ സ്ഥലത്ത് വെച്ച് കണ്ടു. അപ്രതീക്ഷിതമായി ആ രാത്രി സന്ദർശനം ഏറ്റവും പ്രിയങ്കരമായിരുന്നുവെന്ന് എഡ്വിന എഴുതി. അടുത്ത ദിവസം എഡ്വിനയും നെഹ്‌റുവും തനിച്ച് ബ്രോഡ്ലാൻഡിൽ ചുറ്റിയടിച്ചു. 1957 മാർച്ചിൽ എഡ്വിന നെഹ്റുവിന് എഴുതി “പത്തുവർഷങ്ങൾ, എക്കാലവും ഞാൻ ഓർമ്മിക്കും പ്രത്യേകിച്ച് നമ്മുടെ സ്വകാര്യ നിമിഷങ്ങൾ”. ഈജിപ്‌തിൽ നിന്നുള്ള സിഗരറ്റ് എഡ്വിന നെഹ്റുവിന് സമ്മാനിച്ചു. 1956-ൽ മൗണ്ട്ബാറ്റണൊപ്പം എഡ്വിന ഇന്ത്യയിൽ വന്നു. പിന്നീട് എഡ്വിന പലതവണ ഒറ്റയ്ക്ക് ഇന്ത്യയിൽ വന്നിട്ടുണ്ട്. 1957ൽ ഇരുവരും അജന്ത ഗുഹ സന്ദർശിച്ചു. ഏഷ്യൻ രാജ്യങ്ങളിൽ സെൻ്റ് ജോൺ ആംബുലൻസ് സർവ്വീസ് എന്ന സംഘടനയുടെ നേത്യത്വത്തിലുള്ള സന്നദ്ധ പ്രവർത്തനങ്ങൾ എഡ്വിന നടത്തുന്നുണ്ടായിരുന്നു.
നെഹ്റുവിന്റെ കത്തുകൾ.
1952 എഡ്വിന ഒരു മേജർ സർജറിക്ക് വിധേയയായി. ഓപ്പറേഷൻ തീയേറ്ററിൽ അനസ്തേഷ്യ നൽകുന്നതിനു മുൻപായി നെഹ്റു തനിക്ക് എഴുതിയ കത്തുകളുടെ ശേഖരം തങ്ങളുടെ വീട്ടിൽ രഹസ്യമായി സൂക്ഷിച്ചിരിക്കുന്ന സ്ഥലം എഡ്വിന ഭർത്താവായ മൗണ്ട്ബാറ്റണോട് വെളിപ്പെട്ടു ത്തി. അവ സൂക്ഷിച്ചു വയ്ക്കണമെന്ന് നിർദ്ദേശിക്കുകയും ചെയ്തു. അവ ഭദ്രമായി സീൽചെയ്ത നിലയിലായിരുന്നു. മൗണ്ട്ബാറ്റൺ അത് പൊട്ടിച്ചു വായിച്ചു. “ഗംഭീരം” (Splendid) എന്നാണ് അദ്ദേഹം അഭിപ്രായപ്പെട്ടത്.
എഡ്വിനയും ജവഹർലാലും ഹിമാലയൻ താഴ്‌വരയിലെ നൈനിറ്റാളിൽ താമസിച്ചിരുന്നു. അന്ന് അവർക്ക് താമസ സൗകര്യം ഏർപ്പെടുത്തിയത് യു.പി.യിലെ മുൻ ഗവർണർ ആയിരുന്ന ഹോമി മോഡി ആയിരുന്നു. നെഹ്റുവിനെയും എഡ്വിന യേയും ഡിന്നറിനായി ക്ഷണിക്കാൻ അവരുടെ താമസ സ്ഥലത്തേക്ക് മോഡി ഒരാളെ പറഞ്ഞുവിട്ടു എന്നും അയാൾ ചെന്ന് അവിചാരിതമായി അവരുടെ മുറിയുടെ വാതിൽ തള്ളിയപ്പോൾ അത് തുറന്നു കിടക്കുകയായിരുന്നു എന്നും അപ്പോൾ ആലിംഗനബദ്ധരായ നെഹ്‌റുവിനെയും എഡ്വിനയേയും കണ്ടു എന്നും രണ്ട് ചരിത്രഗ്രന്ഥങ്ങളിൽ രേഖപ്പെടുത്തിയിട്ടുണ്ട്. നെഹ്‌റുവും എഡ്വിനയും തമ്മിലുള്ള ബന്ധം പാർലമെന്റിലും പ്രശ്‌നങ്ങൾ സൃഷ്ടിച്ചു. മിഡിൽ ഈസ്റ്റ് രാജ്യങ്ങളുമായി ഇന്ത്യ പ്രതിരോധ കരാറിൽ ഏർപ്പെട്ടത് എഡ്വിനയുടെ നിർബന്ധപ്രകാരമാണെന്ന് 1953ൽ കമ്മ്യൂണിസ്റ്റ് പാർട്ടി അംഗങ്ങൾ പാർലമെൻ്റിൽ ആരോപിച്ചു. നെഹ്റു ഇതിൽ ക്ഷുഭിതനാവുകയും “പച്ചക്കള്ളം” എന്ന് ആക്രോശിച്ചുകൊണ്ട് ഡെസ്കിൽ ശക്തിയായി അടിക്കുകയും ചെയ്‌തു. ഈ വിവരം പാർലമെൻറ് രേഖകളിൽ ഉൾപ്പെടുത്തിയിട്ടില്ല. 27.02.1953-ൽ ഡെയ്ലി ഹെറാൾഡ്,,ദി ടൈംസ് എന്നീ രണ്ട് ബ്രിട്ടീഷ് പത്രങ്ങൾ ഇത് റിപ്പോർട്ട് ചെയ്‌തിട്ടുണ്ട്.
യുദ്ധവിമാന ഇടപാട്.
“Gnat” എന്ന പേരിലുള്ള ഒരു ജെറ്റ് വിമാനം ബ്രിട്ടീഷ് എയർഫോഴ്സ് ഉപയോഗിച്ചിരുന്നു. “Folland Gnat” എന്നാണ് ഇത് അറിയപ്പെട്ടിരുന്നത്. ഇതിന്റെ ഘടകങ്ങൾ ബാംഗ്ലൂരിലെ ഹിന്ദുസ്ഥാൻ എയറോനോട്ടിക്കൽസ് ലിമിറ്റഡിൽ കൊണ്ടുവന്ന് “HAL Ajeet” എന്ന പേരിൽ നെഹ്റു നിർമ്മിച്ചു. ഈ വിമാനം 1965ലെ പാക്കിസ്ഥാൻ യുദ്ധത്തിൽ ഇന്ത്യ ഉപയോഗിച്ചു. ഇത് സാധ്യമായത് എഡ്വിന വഴിയുള്ള മൗണ്ട് ബാറ്റന്റെ ഇടപെടൽ കാരണമാണ്. ഇന്ത്യൻ പ്രധാനമന്ത്രിയും എഡ്വിനയും തമ്മിലുള്ള ബന്ധം കോമൺവെൽത്ത് രാജ്യങ്ങൾ തമ്മിലുള്ള ബന്ധത്തിന് തടസ്സം സൃഷ്ടിക്കാതെ നോക്കാൻ എഡ്വിനയെ ഉപദേശിക്കണമെന്ന് ബ്രിട്ടനിലെ രാജ്ഞിയുടെ പ്രൈവറ്റ് സെക്രട്ടറി വിൻസ്റ്റൺ ചർച്ചിലിൻ്റെ സെക്രട്ടറിക്ക് എഴുതി. എന്നാൽ ആരും അതിന് ധൈര്യപ്പെട്ടില്ല.
ആഴക്കടലിൽ അന്ത്യവിശ്രമം.
16.01.1960-ൽ തൻ്റെ ഇളയ മകൾ പമേലയുടെ വിവാഹ ചടങ്ങ് നടന്നു കഴിഞ്ഞതിന്റെ അടുത്തദിവസം എഡ്വിന ഇന്ത്യയിലേക്ക് പറന്നു. നെഹ്റുവിനെ കണ്ടു. ജനുവരി 26ന് നടന്ന റിപ്പബ്ലിക് ദിന പരേഡിൽ അവർപങ്കെടുത്തു. ശേഷം മുഗൾ ഗാർഡനിലെ വിരുന്നിലും പങ്കെടുത്തു. നെഹ്‌റുവുമായി ഇന്ത്യയുടെ വിവിധ ഭാഗങ്ങളിൽ നിന്നെത്തിയ നാടോടി നർത്തകരുടെ നൃത്തം കണ്ടു. അവിടുന്ന് നേരെ മലയയിലേക്ക് എഡ്വിന പോയി. അവിടെ സെൻറ് ജോൺസ് ആംബുലൻസ് സർവീസിൻ്റെ സന്നദ്ധ പ്രവർത്തനങ്ങൾ സംബന്ധമായ പരിപാടികളിൽ പങ്കെടുത്തു. തുടർന്ന് അവിടെ ഹോട്ടൽ മുറിയിൽ ഉറങ്ങാൻ കിടന്ന എഡ്വിനയെ 21.02.1960-ൽ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. 58 വയസ്സായിരുന്നു അവർക്ക് അപ്പോൾ. മരണകാരണം ഹൃദയാഘാതം ആണെന്ന് പിന്നീട് സ്ഥിരീകരിച്ചു. മരിക്കുമ്പോൾ എഡ്വിനയുടെ കയ്യിൽ നെഹ്റു എഴുതിയ കുറേ കത്തുകൾ ഉണ്ടായിരുന്നു. അവ കട്ടിലിലും മുറിയിലുമായി ചിതറി കിടന്നിരുന്നു. എഡ്വിനയുടെ മരണവാർത്ത നെഹ്‌റുവിന് ഏറ്റ കടുത്ത ആഘാതമായിരുന്നു. എഡ്വിനയുടെ മൃതശരീരം ഇംഗ്ലണ്ടിലേക്ക് കൊണ്ടുപോയി. മരണ ശേഷം തന്റെ ഭൗതിക ശരീരം കടലിൽ അടക്കം ചെയ്യണമെന്നത് എഡ്വിനയുടെ അന്ത്യാഭിലാഷം ആയിരുന്നു. അതനുസരിച്ച് ഔദ്യോഗിക ബഹുമതികളോടെ മതാചാര പ്രകാരം ഇംഗ്ലീഷ് ചാനലിൽ ശവപേടകം താഴ്ത്തി. കാൻ്റൻബറി ആർച്ച് ബിഷപ്പ് മുഖ്യ കാർമികത്വം വഹിച്ചു. ബ്രിട്ടീഷ് നേവിയുടെ “എച്ച്.എം.എസ് വേക്ഫുൾ “എന്ന കപ്പലിലാണ് ശവപേടകം കടലിൽ കൊണ്ടുപോയി താഴ്ത്തിയത്. ഈ സമയം ബ്രിട്ടീഷ് കപ്പലിനെ മറ്റൊരു ഇന്ത്യൻ യുദ്ധക്കപ്പൽ പിന്തുടരുന്നുണ്ടായിരുന്നു. അത് ഇന്ത്യൻ നാവികസേനയുടെ “എച്ച്.എം.എസ് തൃശ്ശൂൽ” എന്ന യുദ്ധക്കപ്പൽ ആയിരുന്നു. ആ ഇന്ത്യൻ പടക്കപ്പൽ അറബിക്കടൽ താണ്ടി ഇംഗ്ലണ്ട് തീരത്ത് എത്തിയത് പണ്ഡിറ്റ് ജവഹർലാൽ നെഹ്റുവിൻ്റെ നിർദ്ദേശ പ്രകാരമായിരുന്നു. എഡ്വിനയുടെ ഭൗതിക ശരീരത്തിൽ പുഷ്‌പചക്രം അർപ്പിക്കുവാൻ.
എഡ്വിനയുടെ മരണത്തിന് ശേഷം നെഹ്റു പതിയെ തളർന്നു തുടങ്ങി. മുഖം വാടി. കരൾരോഗ ചികിത്സയ്ക്കായി ലണ്ടനിൽ പോയി. ബ്രിട്ടീഷ് രാഞ്ജിയുടെ ഡോക്ടർ നെഹ്‌റുവിനെ പരിശോധിച്ചു. വൃക്കരോഗ പരിശോധനയും നടത്തി. ഇതിനിടയ്ക്കാണ് 1962 ചൈന യുദ്ധം പൊട്ടിപ്പുറപ്പെട്ടത്. ചൈനയുടെ ചതി കൂടിയായപ്പോൾ നെഹ്റു തളർന്നുപോയി. രാഷ്ട്രീയ പ്രവർത്തനം ഒഴിവാക്കി വിശ്രമ ജീവിതം നയിക്കണമെന്ന് ബന്ധുക്കൾ ആവശ്യപ്പെട്ടെങ്കിലും അദ്ദേഹം കൂട്ടാക്കിയില്ല. നെഹ്റുവിന്റെ മനോവ്യഥകളെ അടുത്തുനിന്നു കണ്ട സഹോദരിയായ വിജയലക്ഷ്‌മി പണ്ഡിറ്റ് സഹികെട്ട് മൗണ്ട്ബാറ്റൺ പ്രഭുവിന് കത്തെഴുതി. രാഷ്ട്രീയം മതിയാക്കി വിശ്രമജീവിതം നയിക്കുവാൻ തൻ്റെ സഹോദരനെ ഉപദേശിക്കണമെന്ന് അവർ മൗണ്ട്ബാറ്റണോട് അഭ്യർത്ഥിച്ചു. അപ്പോൾ മൗണ്ട്ബാറ്റൺ വിജയലക്ഷ്മി പണ്ഡിറ്റിന് മറുപടി എയെഴുതിങ്ങനെ:- “ഞാൻ പറഞ്ഞാൽ ജവഹർലാൽ കേൾക്കില്ല. പറഞ്ഞാൽ കേൾക്കുന്ന ഒരാളേ ഉണ്ടായിരുന്നുള്ളു. അവരുടെ പേര് എഡ്വിന എന്നായിരുന്നു. അവർ പോയി.” എഡ്വിന മരിച്ച് നാലു കൊല്ലങ്ങൾക്ക് ശേഷം 1964 മെയ് 27ന് 74-ാം വയസ്സിൽ ഹൃദയാഘാതം മൂലം ജവഹർലാൽ നെഹ്റു അന്തരിച്ചു.

Good writing
Thank You Sir