‘

‘റിയോ ഹംസ ‘ എന്ന പോർച്ചുഗീസ് പദത്തിന് അർത്ഥo “ഹംസ നദി “എന്നാണ്.6000കിലോമീറ്റർ നീളവും 4 കിലോമീറ്റർ ആഴവുമുള്ള ഭൂഗർഭ നദി. ആമസോൺ നദിക്ക് അടിയിൽ ബ്രസീൽ,പെറു എന്നീ രാജ്യങ്ങളിലൂടെ കിഴക്കുനിന്നും പടിഞ്ഞാറേക്ക് ഒഴുകി അറ്റ്ലാന്റിക് സമുദ്രത്തിൽ പതിക്കുന്ന നദി. കോഴിക്കോട്ടുകാരൻ ഹംസയുടെ പേരാണ് ഈ നദിക്ക്. ഡോ: വലിയ മണ്ണത്തൽ ഹംസയുടെ. കോഴീക്കോട് കുന്ദമംഗലം ചൂലാംവയൽ ഗ്രാമത്തിലെ മാക്കൂട്ടം യൂ . പി സ്കൂളിൽ നിന്നും തുടങ്ങി കാനഡയിലെ വെസ്റ്റേൺ ഒൻറാരിയൊ യൂണിവേഴ് സിറ്റിയിൽനിന്നും ഭൌമ ശാസ്ത്രത്തിൽ ഡോക്ടറേറ്റ് നേടിയ ഹംസയുടെ സാഹസികതയും വെല്ലുവിളികളും നിറഞ്ഞ ജീവിതം തലമുറകൾക്ക് മാർഗ്ഗദീപമാകുന്നു. കോഴിക്കോട് ദേവഗിരി സെയിന്റ് ജോസഫ്‌സ് കോളേജിൽനിന്ന് ബിരുദവും പാലക്കാട് വിക്ടോറിയ കോളേജിൽ നിന്ന് ബിരുദാനന്തര ബിരുദവും നേടിയ ഹംസക്ക് ഒരു കോളേജ് അധ്യാപകനായി ഒതുങ്ങി കഴിയാമായിരുന്നു. പക്ഷെ അദ്ദേഹം അതിനു തുനിയാതെ ഉന്നത പഠനത്തിനായി ഹൈദ്രാബാദിലെ നാഷണൽ ജിയോഗ്രഫിക്കൽ റിസർച്ച് ഇൻസ്റ്റിട്യൂട്ടിൽ ജിയോ ഫിസിക്സിൽ സയന്റിഫിക് അസിസ്റ്റന്റ് ആയിപോയി. തുടർന്ന് കാനഡയിലെ ഒന്റാരിയോ സർവ്വകലാശാലയിൽനിന്നും പിഎച്ച്‌ഡി ബിരുദവും കരസ്ഥമാക്കി.1974ൽ സുഹൃത്തിന്റെ ക്ഷണം സ്വീകരിച്ച് ആറുമാസത്തെ സന്ദർശക വിസയിൽ ബ്രസീലിലേയ്ക്ക് പോയി.ബ്രസീലിലെ സാവോ പോളോ സർവകലാശാലയിൽ ജോലിയിൽ പ്രവേശിച്ചു. റിയോ ഡി ജനീറോയിലെ നാഷണൽ ഒബ്സർവേറ്ററിയിൽ ഗവേഷണം തുടർന്നു.
ശിഷ്യയായ എലിസബത്ത് ടി പിമെന്റലുമായി ചേർന്ന് ആമസോൺനദീ പ്രദേശത്ത് പെട്രോബാസ് എന്ന എണ്ണഖനന കമ്പനി ഉപേക്ഷിച്ചുപോയ 241 എണ്ണക്കിണറുകൾ കേന്ദ്രീകരിച്ചു ഗവേഷണം ആരംഭിച്ചു. എണ്ണക്കിണറുകളിലേ താപനില പരിശോധിച്ചപ്പോൾ വ്യത്യസ്ഥരീതിയിലുള്ള താപനില അവയിൽ കണ്ടത് അന്വേഷണത്തിൽ വഴിത്തിരിവായി.

ഒടുവിൽ ആമസോൺ നദിക്ക് അടിയിൽ ഏറെക്കുറെ സമാന്തരമായി മറ്റൊരു നദി മന്ദം ഒഴുകുന്നതായി അദ്ദേഹം കണ്ടെത്തി.ഇതു സംബന്ധിച്ച പ്രബന്ധം ആദ്യം അംഗീകരിക്കുവാൻ പാശ്ചാത്യ ശാസ്ത്രലോകം തയ്യാറായില്ല.ഒടുവിൽ 2012 ൽ ജേർണൽ ഓഫ് സൗത്ത് അമേരിക്കൻ എർത്ത് സയൻസസിൽ പ്രബന്ധം പ്രസിദ്ധീകരിക്കപ്പെട്ടതോടെ ഡോ. വലിയ മന്നത്തിൽ ഹംസയെന്ന മലയാളിയെ ഭൗമശാസ്ത്ര ലോകത്തിന് അംഗീകരിക്കേണ്ടിവന്നു. അദ്ദേഹത്തിന്റെ ബ്രസ്സീലിയൻ ശിഷ്യഗണങ്ങൾ അദ്ദേഹം കണ്ടുപിടിച്ച നദിക്കു പേരുമിട്ടു.’റിയോ ഹംസ’. റിയോ എന്നാൽ പോർട്ടുഗൽ ഭാഷയിൽ നദി. കോഴിക്കോട്ടുകാരൻ വലിയ ഹംസ ഇന്ന് വെറുമൊരു വ്യക്തിയല്ല,നദിയാണ്,മന്ദം മന്ദം ഒഴുകി അറ്റ്ലാന്റിക് സമുദ്രത്തിൽ പതിക്കുന്ന നദി.Dr.Hamsa



