gtag('config', 'AW-16543334972'); gtag('config', 'AW-16543334972');

കടന്നൽ കൂട്ടിലെ കല്ല്

ശബരിമല ക്ഷേത്രക്കൊള്ള കേസിൽ വാദം കേൾക്കവേ ജസ്റ്റിസുമാരായ രാജാ വിജയരാഘവൻ, കെ.വി.ജയകുമാർ എന്നിവർ വളരെ ഗൗരവതരവും കാര്യമാത്രപ്രസക്തവുമായ ഒരു അഭിപ്രായ പ്രകടനം നടത്തി. ഞങ്ങൾ ഒരു കടന്നൽ കൂട് തുറക്കുകയാണെന്ന് ഞങ്ങൾക്ക് ആദ്യം മനസ്സിലായില്ല എന്ന് (“little did we realise,that we were in fact opening a hornet’s nest”). ശബരിമല ക്ഷേത്രം വിഗ്രഹങ്ങളുടെ അറ്റകുറ്റ പണികളുമായി ബന്ധപ്പെട്ട രേഖകൾ പരിശോധിക്കവേ ആയിരുന്നു ആ വരികൾ ഉപയോഗിച്ചത്. ഒരു സെൻസിറ്റീവ് അല്ലെങ്കിൽ വിവാദപരമായ വിഷയത്തിൽ സ്പർശിച്ചുകൊണ്ട് പ്രശ്നമുണ്ടാക്കുകയോ ചൂടേറിയ പ്രതികരണത്തിന് കരണമാകുകയോ ചെയ്യുക എന്നതാണ് പ്രയോഗികാര്ത്ഥം.

കർണാടകത്തിലെ ബിസിനസ്സുകാരനായ വിജയ് മല്യ ശബരിമല ക്ഷേത്രത്തിന് 30.291 കിലോഗ്രാം സ്വർണം കാണിക്കയായി സമർപ്പിച്ചിരുന്നു.1998-1999 കാലഘട്ടത്തിൽ ആയിരുന്നു അത്. ഇത് ഉപയോഗിച്ചാണ് വിഗ്രഹങ്ങളിലും ക്ഷേത്രത്തിന്റെ വിവിധ ഭാഗങ്ങളിലും സ്വർണം പൂശിയത്. തൂണുകൾ, വാതിൽ കമാനങ്ങൾ,ദേവന്റെ ഐതീഹ്യ കഥകൾ വിവരിക്കുന്ന ചുവർ പാളികൾ എന്നിവയിലും സ്വർണംപൂശി. സ്വർണ പാളികളും ഇതിൽപ്പെടും. അവയിൽ വീണ്ടും സ്വർണം പൂശുന്നതിനായി 2019ൽ ശബരിമലയിലെ മുൻ സഹപൂജാരിയായിരുന്ന ഉണ്ണികൃഷ്ണൻ പോറ്റിക്ക് തിരുവിതാംകൂർ ദേവസ്വംബോർഡ് അനുമതിനൽകി. രണ്ടു മാസത്തിനുശേഷം അവ തിരികെ കൊണ്ടുവന്നപ്പോൾ അവയുടെ തൂക്കം ബന്ധപ്പെട്ടവർ നോക്കിയില്ലത്രേ. എന്നാൽ കേരള ഹൈക്കോടതിയുടെ നിരീക്ഷണത്തിൽ നടത്തിയ അന്വേഷണത്തിൽ അവയിലെ ഭാരം കുറഞ്ഞതായി കണ്ടെത്തി. വിഗ്രഹങ്ങളുടെ പീഠം, കട്ടിളകൾ എന്നിവകളിൽനിന്നും ഗണ്യമായി സ്വർണം കുറഞ്ഞതായി കേരള ഹൈക്കോടതി നിയോഗിച്ച പ്രത്യേക അന്വേഷണസംഘം കോടതിക്ക് റിപ്പോർട്ട് നൽകി.ഏകദേശം 4.54 കിലോഗ്രാം സ്വർണം കാണില്ലെന്നാണ് പ്രാഥമിക നിഗമനം. ഇതുസംബന്ധിച്ച തിരുവിതാംകൂർ ദേവസ്വംബോർഡിന്റെ രേഖകൾ,വിഗ്രഹങ്ങളുടെയും,തൂണുകളുടെയും,പാളികളുടെയും പഴയതും പുതിയതുമായ ഫോട്ടോകൾ,ചെന്നൈയിലെ സ്വർണം പൂശൽ സ്ഥാപനത്തിന്റെ രേഖകൾ എന്നിവ പരിശോധനക്ക് വിധേയമാക്കവേ ആണ് കേരളം ഹൈക്കോടതി കടന്നാൽ കൂടിനെ പരാമർശിച്ചത്.

അറ്റകുറ്റപണികളുടെ പേരിൽ ഉണ്ണികൃഷ്ണൻ പോറ്റിക്ക് വിഗ്രഹങ്ങൾ പുറത്തെടുക്കാൻ അനുമതിനല്കിയത് ദുരൂഹത സൃഷ്ടിച്ചു. പാളികൾ ചെമ്പു തകിടുകൾ ആക്കി രേഖകളിൽ കൃത്രിമം കാട്ടി.2019ൽ ദ്വാരപാലക വിഗ്രഹങ്ങൾ വീണ്ടും സ്വർണംപൂശാൻ എന്നപേരിൽ തിരുവിതാംകൂർ ദേവസ്വംബോർഡ് ഉണ്ണികൃഷ്ണൻ പോറ്റിയെ ഏൽപ്പിക്കുമ്പോൾ അതിന് 42.8 കിലോഗ്രാം തൂക്കം ഉണ്ടായിരുന്നു.ചെന്നൈയിലെ പൂശലിനുശേഷം അത് തിരികെ കൊണ്ടുവന്നപ്പോൾ 38.258 കിലോഗ്രാമായി ചുരുങ്ങി. ദ്വാരപാലക വിഗ്രഹങളിൽനിന്നും യാതൊരു നിബന്ധനകളും പാലിക്കാതെ അനധികൃതമായി സ്വർണപാളികൾ നീക്കംചെയ്തു. ചട്ടങ്ങൾ പാലിക്കാതെ ഒരു സ്വകാര്യ വ്യക്തിക്ക് അമൂല്യമായ വസ്തുക്കൾ കൈമാറിയത് ഗുരുതരമായ ഔദ്യോഗിക കൃത്യനിർവ്വഹണ വീഴ്‌ചയായി.പൂശലിനുശേഷം സ്വർണ്ണത്തിൽ കുറവുവന്ന വിവരവും അത് എത്രയെന്ന അളവും രേഖപ്പെടുത്തപ്പെട്ടില്ല. മിച്ചംവന്നു എന്നുപറയപ്പെടുന്ന സ്വർണം കൈവശം വെക്കുവാൻ കേവലം സ്വകാര്യ വ്യക്തി മാത്രമായ ഉണികൃഷ്ണൻ പോറ്റിക്ക് ദേവസ്വംബോർഡ് മൗനാനുവാദം നൽകി. മാത്രമല്ല ചെന്നൈയിലെ സ്വർണം പൂശലിനുശേഷം തന്റെ കൈയ്യിൽ മിച്ചംവന്ന സ്വർണം “അറിയാവുന്നതോ, ബന്ധമുള്ളതോആയ ഒരു മലയാളി പെൺകുട്ടിയുടെ വിവാഹത്തിന് ” ഉപയോഗിക്കുവാൻ അനുവദിക്കണമെന്നുകാട്ടി ഉണ്ണികൃഷ്ണൻ നമ്പൂതിരി തിരുവിതാംകൂർ ദേവസ്വംബോർഡിന് ഇമെയിൽ അയച്ചു. ഇവയെല്ലാം അഗാധമായി അസ്വസ്ഥത ഉളവാക്കുന്നതാണെന്നും കൊള്ളയുടെ വ്യാപ്തി ആഴത്തിലുള്ളതാണെന്നും നിരീക്ഷിക്കപ്പെട്ടു.

പ്രത്യേക അന്വേഷണ സംഘത്തിന്റെ മേൽനോട്ടം ഹൈക്കോടതിയുടെ നിയന്ത്രണത്തിൽ ആണെന്നുള്ളതാണ് ആശ്വാസകരം. അഞ്ച് പ്രതികൾ നിയമത്തിന്റെ വലയിൽ ആയി.ആരോഗ്യ കാരണങ്ങൾ നിരത്തി നാലാം പ്രതിയായ സ്ത്രീ നൽകിയ മുൻ‌കൂർ ജാമ്യാപേക്ഷ നേരത്തേ കേരള ഹൈക്കോടതിയും പിന്നീട് പത്തനംതിട്ട ജില്ലാ കോടതിയും തള്ളിയിരുന്നു. ദേവസ്വംബോർഡ് മുൻപ്രസിഡന്റിനെ അന്വേഷണ സംഘം ചോദ്യം ചെയ്യലിന് വിളിച്ചപ്പോൾ ബന്ധുവിന്റെ മരണകാരണം ചൂണ്ടിക്കാട്ടി അദ്ദേഹം ഒഴിഞ്ഞുമാറി. സർവ്വവ്യാപിയായി മാറിയിരിക്കുന്ന രാഷ്ട്രീയ അഴിമതിയുടെ അധോലോകത്തിന്റെ ഇടപെടൽ ഈ കേസ് ഭാവിയിൽ മറ്റു അഴിമതിക്കേസുകളുടെ തനിയാവർത്തനം ആക്കുകയില്ലെന്ന് കരുതാം. എപ്പോൾ ശരിക്കും കളത്തിൽ ഇറങ്ങിയിരിക്കുന്നത് നീതിബോധവും ദേശസ്നേഹവും ചങ്കുറപ്പുമുള്ള ന്യായാധിപന്മാർ ആണ്. ആർത്തവവിരാമ പാരിധി നിശ്ചയിക്കാതെ എല്ലാ പ്രായത്തിലുമുള്ള സ്ത്രീ വിശ്വാസികൾക്കും ശബരിമലയിൽ ശബരിമലയിൽ പ്രവേശനം നൽകണമെന്ന് പരമോന്നത നീതിപീഠം വിപ്ലവകരമായ വിധി പ്രസ്താവിച്ചിരുന്നു.അതിന്റെ പേരിൽ വിശ്വാസസംരക്ഷകർ, നവോത്ഥനമൂല്യ സംരക്ഷകർ,കുലസ്ത്രീകൾ തുടങ്ങിയ പേരുകളിൽ ജനങ്ങൾ വിഘടിച് തെരുവിൽ ഇറങ്ങിയിരുന്നു. ഒടുവിൽ കോടതിക്ക് ആ വിധി പുനഃപരിശോധിക്കേണ്ടിവന്നു. തിരുവനന്തപുരം ശ്രീപദ്‌മനാഭാ ക്ഷേത്രത്തിലെ നിലവറകളിലുള്ള സ്വർണത്തെ സംബന്ധിച്ചും കേസും വിവാദങ്ങങ്ങളും ഉടലെടുത്തിരുന്നു. മുൻ കേരള മുഖ്യമന്ത്രിയും മാർക്സിസ്റ്റ് നേതാവുമായിരുന്ന വി.എസ്.അച്യുതാനന്ദൻ പദ്മനാഭക്ഷേത്രത്തിലെ നിധിശേഖരം ജനങ്ങളാൽ തെരഞ്ഞെടുക്കപ്പെട്ട ഗവൺമെന്റിൽ നിക്ഷിപ്തമാക്കണമെന്ന അഭിപ്രായക്കാരൻ ആയിരുന്നു.

പൊതുവായ വിഷയങ്ങളോടു് ഒരു രാജ്യത്തെ ജനങ്ങൾ നിസ്സംഗത പുലർത്തിയാൽ ദുഷ്ടനായ മനുഷ്യർ അധികാരം കൈക്കൽ ആക്കുമെന്നും, അവർ ജനങ്ങളെ ഭരിക്കുമെന്നും മഹാനായ ഗ്രീക്ക് താത്വചിന്തകൻ പ്ളേറ്റോ അഭിപ്രായപ്പെട്ടിട്ടുണ്ട്(“The price good men pay for indifference to public affairs is to be ruled by evil men “). ഭക്തിയുടെ പേരിൽ വിശ്വാസിൾ നൽകുന്ന പണവും,പണ്ടങ്ങളും കൊള്ളയടിക്കുന്ന എല്ലാ ഇത്തിൾ കണ്ണികൾക്കുമുള്ള മുന്നറിയിപ്പ് കൂടിയാണ് ശബരിമലയിലെ കടന്നൽ കൂടിനുനേർക്ക് കേരള ഹൈക്കോടതി എറിഞ്ഞ നീതിയുടെ കല്ല്. കൊള്ളക്കാർക്കും,വിശ്വാസ വഞ്ചകന്മാർക്കും ഇരുമ്പഴികൾ ഉറപ്പാക്കുന്നതുവരെ ഉണർന്നിരിക്കേണ്ടത് ജനാധിപധ്യബോധമുള്ള ഓരോ പൗരന്റേയും കടമ ആണ്. sabarimala case. Citation:WP(C) No. 40608 / 2025 (A). Suo Motu V. The State of Kerala and Others. (Hon’ble High Court of Kerala).Home

https://drive.google.com/file/d/1MKWNV6k_uFGJHaWDgMXsKsyjpMeVRjcV/view?usp=drivesdk

Leave a Reply

Your email address will not be published. Required fields are marked *