300 മില്യൺ ഡോളർ വ്യവസായ സംരഭത്തിന് ഉടമ

“ജീവിതം ഒരു മരം കയറ്റമാണ്. മരത്തിൽ കയറുന്നതിനുള്ള ഏണിയാണ് കഠിനാദ്ധ്വാനം. ഏണി ശരിയായ മരത്തിൽ ചാരണം. നമ്മൾ നമ്മുടെ ഏണി കണ്ണിൽ കാണുന്ന മരങ്ങളിലൊക്കെ ചാരിവെക്കാൻ ശ്രമിക്കരുത് . അങ്ങനെ എങ്കിൽ ഉദ്ദേശിച്ച ഫലം ലഭിക്കുകയില്ല. വർഷങ്ങൾ കഠിനാധ്വാനം ചെയ്‌താൽ തെറ്റായ വൃക്ഷത്തിന്റെ മുകളിൽ എത്തിപ്പെട്ടേക്കാം. വൃക്ഷത്തിന്റെ ഉയരം നമ്മൾ അപ്പോൾ മനസ്സിലാക്കിയേക്കാം. എന്നാൽ അപ്പോഴേക്കും നമ്മുടെ ആയുസ്സ് കുറേ നഷ്ടപ്പെട്ടിരിക്കും. പാഴ് മരത്തിൽ കയറിയിട്ട് പ്രയോജനമില്ല. അതിനാൽ കഠിനാദ്ധ്വാനം ചെയ്തതിന്റെ പ്രതിഫലം ലഭിക്കുവാൻ ആദ്യം ചെയ്യേണ്ടത്, നമ്മൾ വച്ച ഏണി ശരിയായ മരത്തിൽ തന്നെ ആണോ എന്ന് ഉറപ്പാക്കുകയാണ്. കാരണം കഠിനാധ്വാനം കൊണ്ട് മാത്രം ലാഭം നേടാൻ കഴിയില്ല, ബുദ്ധിയും പ്രയോഗിക്കണം. വെറുതെയുള്ള കഠിനാധ്വാനം ഒന്നും ഉറപ്പു തരുന്നില്ല” ഇന്ത്യൻ വംശജയായ 21 കാരി പെണ്കുട്ടിയുടെ വാക്കുകളാണിത് . പേര് സെലിൻ കോകലർ കേവലം രണ്ട് കൊല്ലം കൊണ്ട് 300 മില്യൺ ഡോളറിന്റെ ബിസിനസ്സ് നടത്തിയ ഡെൽവ് എന്ന ഐ. ടി . സ്ഥാപനത്തിന്റെ സഹ സ്ഥാപക. കേംബ്രിഡ്ജ് മസ്സാചുസെറ്റ്സ് ഇൻസ്റ്റിറ്യൂട്ട് ഓഫ് ടെക്നോളജിയിൽ നിന്നും പഠനം പൂർത്തിയാക്കാതെ പോയവൾ.
സെലിൻ തുടരുന്നു ;- “ജീവിതത്തിൽ എനിക്ക് ലഭിച്ച ഏറ്റവും മോശം ഉപദേശം, തികഞ്ഞ ധൈര്യവും, കഠിനാദ്ധ്വാനവും മാത്രമാണ് ഒരാളെ വിജയിപ്പിക്കുക എന്നതാണ്. എന്നാൽ ജീവിതത്തിൽ വിജയിക്കണമെങ്കിൽ ശരിയായ പാതയിലൂടെയാണ് നമ്മൾ സഞ്ചരിക്കുന്നത് എന്ന് ആദ്യം ഉറപ്പു വരുത്തുകയാണ്. 5 വര്ഷം,10 വര്ഷം,50 വര്ഷം എന്നിങ്ങനെ ദീർഘകാല അടിസ്ഥാനത്തിൽ ഭാവി ജീവിതത്തെ പ്ലാൻ ചെയ്യണം. സമയത്തിനനുസരിച്ച് നമ്മൾ സഞ്ചരിക്കണം. ഭൂതകാലത്തിലേക്ക് മാത്രം നോക്കികൊണ്ട് വർത്തമാനകാലത്തിൽ പ്രവർത്തിക്കരുത്.” 20 വയസ്സായപ്പോഴേക്കും സെലിൻ എട്ട് പ്രബന്ധങ്ങൾ പ്രസിദ്ധീകരിച്ചു. അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽ അവർ ഒരു പരീക്ഷണം നടത്തുകയും ഹൈസ്കൂളിൽ പഠിക്കുമ്പോൾ ബഹിരാകാശ യാത്രികരുമായി സംസാരിക്കുകയും ചെയ്തിരുന്നു.
മസ്സാചുസെറ്റ്സ് ഇൻസ്റ്റിറ്യൂട്ട് ഓഫ് മാനേജ്‍മെന്റിൽ വിദ്യാർത്ഥി ആയിരിക്കെ സഹപാഠിയായ കരുൺ കൗശിക്കിനെ കണ്ടുമുട്ടുകയും ഇരുവരും കൂടി “ഡെൽവ്”എന്ന ഐ. ടി സ്ഥാപനം ആരംഭിക്കുന്നതിനായി പഠനം പാതിവഴിയിൽ ഉപേക്ഷിക്കുകയും ആയിരുന്നു. വൻകിട കമ്പനികളുടെ റെഗുലേറ്ററി കോംപ്ലെയൻസിനെ നിയന്ത്രിക്കുന്ന ആർടിഫിഷ്യൽ ഇൻറലിജെൻസ് ടൂളുകൾ ആണ് ഡെലവ് എന്ന സ്റ്റാർട്ട് അപ് സ്ഥാപനം പ്രദാനം ചെയ്യുന്നത്.ഇതുമൂലം ജീവനക്കാരുടെ ജോലിസമയം കുറയ്ക്കുവാന് സാധിക്കും. ആരോഗ്യ മേഖലയിൽ രോഗ നിർണയത്തിനായുള്ള എ. ഐ ടൂളുകളും ഇവര് വികസിപ്പിച്ചിട്ടുണ്ട്. രണ്ട് കൊല്ലം കൊണ്ട് 300 മില്യൺ ഡോളറിന്റെ ബിസിനസ്സ് ആണ് ഇവര് നടത്തിയത്.
മറ്റുള്ളവർ പോകാത്തതും, സഞ്ചരിക്കാൻ മടിക്കുന്നതുമായ വഴികളിലൂടെ പോകണം. എല്ലാവരും പോകുന്ന വഴിയേ വെറുതെ സഞ്ചരിച്ചിട്ടു കാര്യമില്ല. എതിർ ദിശയിലും പോകണം. മറ്റുള്ളവർ എതിരത്തേക്കാം. എന്റെ കൂടെയുള്ള വിദ്യാർത്ഥികൾ എല്ലാവരും സ്പാനിഷ് ഭാഷ പഠിച്ചപ്പോൾ ഞാൻ ചൈനീസ് ഭാഷ തെരഞ്ഞെടുത്തു. വെറുതെ ഒരു രസത്തിന്.. ഇതിനെ വെല്ലുവിളി എന്നും പറയാം. നമുക്ക് ഒന്നുമറിയാത്ത മേഖലകളിൽ കടന്നു ചെന്ന് പുതിയ കാര്യങ്ങൾ പഠിക്കാൻ ശ്രമിക്കണം. നിങ്ങൾ സ്റ്റീവ് ജോബ്സ് ആയി മാറാൻ ശ്രമിച്ചാൽ ദൈനം ദിന ജീവിതത്തെ എങ്ങനെ വ്യത്യസ്ഥമാക്കാൻ കഴിയും? സെലിൻ കോകലാർ ചോദിക്കുന്നു.
