സൂപ്പർ സ്റ്റാർ പദവിയിൽ നിന്നും അഭിനേതാവിലേക്കുള്ള ദൂരം
“ഏഴ് നൂറ്റാണ്ടുകൾക്ക് മുൻപ് ,
ആഴമേറിയ ഒരു താഴ്വരയിൽ നിന്ന്
ഏഴ് വെളുത്ത പ്രാവുകൾ
പർവ്വതത്തിന്റെ മഞ്ഞുപോലെ
വെളുത്ത നിറമുള്ള
കൊടുമുടിയിലേക്ക് പറന്നുയർന്നു
പറക്കൽ നിരീക്ഷിച്ച ഏഴുപേരിൽ
ഒരാൾ പറഞ്ഞു,”ഏഴാമത്തെ പ്രാവിന്റെ ചിറകിൽ ഒരു കറുത്ത പൊട്ട്
ഞാൻ കാണുന്നു.”
ഇന്ന് ആ താഴ്വരയിലെ ആളുകൾ
മഞ്ഞുമൂടിയ പർവ്വതത്തിന്റെ
കൊടുമുടിയിലേക്ക് പറന്ന ഏഴ്
കറുത്ത പ്രാവുകളെക്കുറിച്ച് പറയുന്നു ”
വിശ്വ മഹാകവി ഖലീൽ ജിബ്രാന്റെ “മണലും നുരയും”(Sand and Form) എന്ന ഗ്രന്ഥത്തിലെ വരികളാണിത്. മനുഷ്യ സ്വഭാവം, സമൂഹത്തിൽ നിഷേധാത്മകതയുടെ ശക്തി, ചരിത്രത്തെ വളച്ചൊടിക്കുന്നതിൽ ദോഷൈക ദൃഷ്ടികൾക്കുള്ള പങ്ക് എന്നിവ പകൽപോലെ വ്യക്തമാക്കുന്നു ത്രികാല ജ്ഞാനിയായിരുന്ന കവിയുടെ വാക്കുകൾ. കൊടുമുടിയിലേക്ക് പറന്നുയർന്ന ഏഴ് വെളുത്ത പ്രാവുകൾ ചരിത്രത്തിൽ ഏഴ് കറുത്ത പ്രാവുകളായി പരിണമിച്ചു. പ്രാവുകളെ നേരിട്ടു കണ്ട ഏഴു മനുഷ്യരിൽ ഒരാൾ ഒരു ദോഷൈകദൃക്ക് ആയിരുന്നു. ഒരു പ്രാവിന്റെ ചിറകിൽ മാത്രം കണ്ട ഒരു കറുത്ത പുള്ളിയെ അയാൾ പൊലിപ്പിച്ചു. വെളുത്ത പ്രാവുകളിലെല്ലാം അയാൾ കറുപ്പ് മാത്രം കണ്ടു. പിന്നീട് വന്നവർ അയാളുടെ വാക്കുകൾ മാത്രം വിശ്വസിച്ചു. നന്മയെല്ലാം തിന്മകളായി. എല്ലാറ്റിനെയും ഒന്നുകിൽ വെളുപ്പിക്കുക അല്ലെങ്കിൽ കറുപ്പിക്കുക എന്ന പൊതുസമൂഹത്തിന്റേയും ചരിത്ര രചനകളിലേയും വിരോധാഭാസവും ഈ വരികൾ വരച്ചു കാട്ടുന്നു.
ഇരയുടെ പേര്
വിനായകൻ മലയാള സിനിമയിലെ ഒരു നടനാണ്. കൊറിയോഗ്രഫർ ആകാൻ ആഗ്രഹിച്ച് സിനിമാലോകത്തെത്തി നടനായി പരിണമിച്ച വ്യക്തി. മികച്ച നടനുള്ള സംസ്ഥാന സർക്കാർ അവാർഡ് നേടിയ അഭിനേതാവ്. കവി അൻവർ അലിയുടെ ‘ “പുഴുപുലികൾ പക്കി പരുന്തുകൾ..” എന്ന വരികൾക്ക് ഈണം പകർന്ന് സംഗീത സംവിധായകനുമായി.തമ്പി കണ്ണന്താനത്തിന്റെ ‘മാന്ത്രികം’എന്ന ചിത്രത്തിൽ ഡാൻസർ വേഷത്തിലൂടെ 1995 ൽ സിനിമയിൽ അരങ്ങേറ്റം. ഹിന്ദി, തെലുങ്ക്, തമിഴ്, മലയാളം ഉൾപ്പെടെ 65 ഓളം ചിതങ്ങളിൽ അഭിനയിച്ചു. രാജീവ് രവിയാണ് വിനായകനിലെ അഭിനേതാവിനെ പര്യവേഷണം ചെയ്തത്. ‘കമ്മട്ടിപ്പാടം'(2016), വഴിത്തിരിവായി. ‘കാളി'(2016), ‘ആട് ഒരു ഭീകര ജീവിയല്ല'(2017), ‘ട്രാൻസ്'(2023), ‘ജയിലർ'(2023), ഇപ്പോൾ ‘കളംകാവൽ'(2025), ഈ ചിത്രങ്ങളിലൂടെയെല്ലാം ശത്രുത പുലർത്തുന്നവരിൽപ്പോലും മതിപ്പുളവാക്കുന്ന അഭിനയ ചാതുരി ഈ നടൻ കാഴ്ചവച്ചു. എങ്കിലും മലയാള സിനിമയിലെ വരേണ്യ വർഗ്ഗം ക്വട്ടേഷൻ ഗുണ്ടയുടെ മുഖമാണ് ഇദ്ദേഹത്തിന് ചാർത്തിക്കൊടുത്തത്. വറുതികളുടെയും അവഗണകളുടേയും ഒറ്റപ്പെടുത്തലിന്റെയും കനൽ വഴിക്കാലം താണ്ടിവന്ന വ്യക്തിയോ സമൂഹമോ അമുൽ ബേബിമാരുടെ ആചാരഭാഷ സംസാരിക്കുകയോ വ്യാജശരീരഭാഷ പ്രകടിപ്പിക്കുകയോ ചെയ്യുകയില്ല. അവർ ഭൂതകാലത്തോട് കലഹിച്ചുകൊണ്ടിരിക്കും. ചുറ്റുമുള്ളവർ ചാർത്തിക്കൊടുക്കുന്ന ബിംബകൽപ്പനകളെ അവഗണിക്കുവാനുള്ള ഉൾക്കരുത്ത് ഇവർ ആർജ്ജിച്ചിരിക്കും. സ്ത്രീ-പുരുഷ ബന്ധം, ജാതി സമ്പ്രദായം, മരണം തുടങ്ങിയവയെപ്പറ്റിയെല്ലാം വിനായകൻ നടത്തിയ അഭിപ്രായപ്രകടനങ്ങൾ അദ്ദേഹത്തിന് വിനയായി.വാസസ്ഥാലം, എയർപോർട്ട്, ഹോട്ടൽ, പോലീസ്സ്റ്റേഷൻ എന്നിവിടങ്ങളിലെല്ലാം അദ്ദേഹം നടത്തിയ സ്വകാര്യ കലഹങ്ങൾ സമൂഹമാധ്യമങ്ങളിൽ ആഘോഷിക്കപ്പെട്ടു. മികച്ച നടനുള്ള സർക്കാർ അവാർഡ് നേടിയ വ്യക്തിയെ ശത്രുക്കൾ കോമാളിയാക്കി ചിത്രീകരിച്ചു. എല്ലാ മനുഷ്യരിലും ഇത്തരം അംശങ്ങൾ കുടിയിരുപ്പുണ്ടെങ്കിലും പ്രശസ്തിയുടെ വെള്ളിവെളിച്ചത്തിൽ നിൽക്കുന്ന വിനായകന്റെ പെരുമാറ്റം അവർ പൊരുതില്ല. ഒരു സിനിമാ താരം എങ്ങനെ പെരുമാറണമെന്നതിന് പൊതു സമൂഹം അലിഖിതമായ ഒരു പെരുമാറ്റച്ചട്ടം തയ്യാറാക്കിയിട്ടുണ്ട്. അതിനു വിപരീതമായി താരം പ്രവർത്തിച്ചാൽ പൊതുസമൂഹം പൊറുക്കില്ല.വിനായകനാകട്ടെ ഈ ലക്ഷ്മണരേഖ മറികടക്കുകയും താരത്തിന്റെ നിലവിട്ട് സാധാരണക്കാരനെപ്പോലെ സ്വന്തം അഭിപ്രാങ്ങൾ പ്രകടിപ്പിക്കുകയും കലഹിക്കുകയും ജീവിക്കുകയും ചെയ്തുകൊണ്ടിരുന്നു. ഒരു അർത്ഥത്തിൽ താരവും മനുഷ്യനും തമ്മിലുള്ള കലഹമാണ് വിനായകനിൽ നടന്നു കൊണ്ടിരുന്നത്. സിനിമകളിലെ വിനായകനും ജീവിതത്തിലെ വിനായകനും ഒന്നു തന്നെയെന്ന് എതിരാളികൾ കാണികളെ തെറ്റിദ്ധരിപ്പിച്ചു. ഒരർത്ഥത്തിൽ വിനായകനും ഇരയാക്കപ്പെട്ടു.
സാഹസികനായ താരം
ഒരു നടൻ താരമായി മാറുന്നതോടെ ജനപ്രീതിയും ധനവും ഒരുപോലെ വർധിക്കുന്നു. എന്നാൽ ഇവ ആ നടനിൽ വെല്ലുവിളികൾ ഉയർത്താനും ആരംഭിക്കുന്നു. പ്രശസ്തിയുടെ വെള്ളിവെളിച്ചത്തിൽ നിൽക്കുന്ന നടൻ ഇപ്പോഴും സമൂഹത്തിന്റെ നിരീക്ഷണത്തിൽ ആയിരിക്കും. കാവൽക്കാരൻ ജയിൽപുള്ളിയെ എന്നതുപോലെ അവർ സ്കാനിങ്ങിനു വിധേയരായിക്കൊണ്ടിരിക്കും. സിനിമയിലെ കഥാപാത്രങ്ങളിലൂടെ ആർജ്ജിച്ചതും കാണികൾ കൽപ്പിച്ചു നൽകിയതുമായി കാൽപ്പനിക പരിവേഷം നിലനിത്തേണ്ട ഭാരിച്ച ബാധ്യത അവരെ പിന്തുടർന്നുകൊണ്ടിരിക്കും. വിജയിച്ച സിനിമകളുടെ മാന്ത്രിക നിഴലിലാകും ശിഷ്ടജീവിതം. സ്വകാര്യത സ്വപ്നത്തിൽ മാത്രമാകും. ഉത്സവങ്ങൾക്ക് മാറ്റുകൂട്ടുവാൻ സമൂഹം കോമാളികളെ തിരഞ്ഞുകൊണ്ടിരിക്കും. തങ്ങളെ ചിരിപ്പിക്കുവാനും കരയിക്കുവാനും വികാരവിക്ഷുബ്ധരാക്കുവാനും കാണികൾ നടനെ നിരന്തരം പ്രേരിപ്പിക്കുകയും ക്ഷണിക്കുകയും ചെയ്തുകൊണ്ടിരിക്കും. സ്വന്തം പ്രേക്ഷക ലക്ഷങ്ങൾ തനിക്കു നൽകിയ പ്രതിഛായ നിലനിത്തുക എന്നതും തന്നിലുള്ള അഭിനയസിദ്ധിയുടെ വൻകരകൾ കണ്ടെത്തുക എന്നതും നടനെ സംഘർഷത്തിൽ ആക്കുന്നു. അഭിനയ സാധ്യതകളുള്ള വ്യത്യസ്തമായ കഥാപാത്രങ്ങളെ സ്വീകരിക്കുവാൻ സ്വന്തം ഇമേജിന്റെ തടവുകാരനായ ഒരു നടന് സാധിക്കുകയില്ല. മീശ പിരിച്ചും ഉടുമുണ്ട് മടക്കിക്കുത്തിയും ഗുണ്ടകളെ അടിച്ചൊതുക്കുന്ന നായക നടൻ വിപരീത കഥാപാത്രങ്ങളെ തെരഞ്ഞെടുത്താൽ കാണികൾ കയ്യൊഴിയും. മലയാള സിനിമയിൽ അടുത്തകാലത്ത് ഇത്തരം ഒരു സംഭവം നടന്നു. ‘കളംകാവൽ’ എന്ന ചിത്രത്തിൽ. ഇന്ത്യൻ സിനിമാലോകത്തുതന്നെ നായകനായി പ്രതിഷ്ഠനേടിയ മമ്മൂട്ടിയാണ് ഇത്തരം ഒരു അപകടകരമായ സാഹസം ചെയ്തത്. സ്ഥിരം നായകനായ അദ്ദേഹം ‘കളംകാവലിൽ’ വില്ലനായിമാറി. തീർന്നില്ല, വിനായകൻ എന്ന നടനെ നായക കഥാപാത്രം ആക്കുകയും ചെയ്തു. മാത്രമല്ല സ്ഥിരം ഗുണ്ടാ വേഷത്തിൽനിന്ന് വിനായകനെ രക്ഷപ്പെടുത്തുകയും ചെയ്തു. പോലീസ് ഉദ്യോഗസ്ഥന്റെ സുപ്രധാന വേഷം നൽകി വിനായകനിലെ അഭിനേതാവിന്റെ കഴിവുകളെ മിഴിവുള്ളതാക്കാനും മമ്മൂട്ടിക്ക് കഴിഞ്ഞു. ഇന്ത്യൻ സിനിമയിൽ എന്നല്ല ലോക സിനിമയിൽ തന്നെ കേട്ടുകേഴ്വി പോലുമില്ലാത്ത പ്രവൃത്തിയാണിത്. ചിത്രത്തിന്റെ നിർമ്മാതാവ് കൂടിയായ മമ്മൂട്ടി വിനായകനിലുള്ള പൂർണ്ണ വിശ്വാസം കൊണ്ടുകൂടിയാകാം ഈ സാഹത്തിനു പുറപ്പെട്ടത്. വില്ലൻ വേഷം സ്വീകരിച്ചതിലൂടെ മെഗാസ്റ്റാർ സങ്കൽപ്പത്തെ സ്വയം തകർക്കുകയും തന്നിലെ കലാകാരനെ വീണ്ടെടുക്കുകയും ചെയ്തിരിക്കുന്നു അദ്ദേഹം. മലയാള സിനിമയിലെ നിശ്ശബ്ദ വിപ്ലവമാകുന്നു ഇത്. പരിഹസിച്ചും അവഗണിച്ചും ഇരുളിൽ നിർത്തിയിരുന്ന വിനായകൻ എന്ന അതുല്യ നടനെ ചേർത്ത് നിർത്തിയതിന് ശ്രീ.മമ്മൂട്ടി, താങ്കളെ കാലം നമിക്കും. അടിമയായ ബിലാലിനെ ചേർത്തുനിർത്തി വിശുദ്ധ ദേവാലയത്തിന്റെ താക്കോൽ ഏൽപ്പിച്ചിട്ട് വിളിക്കൂ ബിലാൽ ദൈവം വലിയവൻ എന്ന് ഉദ്ഘോഷിച്ച വിശുദ്ധ പ്രവാചകനെ ഓർത്തുപോകുന്നു. പടം
മമ്മൂട്ടിയെ പ്രശംസിച്ച് ബിഷപ്പ് ചലച്ചിത്രതാരം മമ്മൂട്ടിയെ വാനോളം പുകഴ്ത്തി നിരണം ഭദ്രാസനാധിപൻ ഗീവര്ഗീസ് മാർ കുറിലോസ് മെത്രപൊലീത്ത. വിഖ്യാത ചലച്ചിത്ര നടൻമാരായ ഡാനിയേൽ ഡേ ലൂയിസ് , റോബർട്ട് ഡി നീറോ എന്നിവരുമായി മമ്മൂട്ടിയെ […]
ബൈക്ക് ആംബുലൻസ് ആക്കിയ മനുഷ്യ സ്നേഹി അറിയില്ലേ കരീമുൾ ഹഖീമിനെ? സ്വന്തം ബൈക്ക് ആംബുലസ് ആക്കി മാറ്റി ആയിരക്കണക്കിനു രോഗികളെ സൗജന്യമായി ആശുപത്രിയിലെത്തിച്ചു ചരിത്രം കുറിച്ച ഈ തേയിലത്തോട്ടം തൊഴിലാളിയെ? ഭൂട്ടാൻ, അഫ്ഘാനിസ്ഥാൻ എന്നീ […]