gtag('config', 'G-V5M9MZ23B8');

ആർ.ശങ്കർ; ജാതിവെറിയുടെ ഇര

തെരഞ്ഞെടുപ്പിൽ വിജയിപ്പിച്ചത് മുസ്ലീം ലീഗ്

Thank you for reading this post, don't forget to subscribe!
R.Sankar, Chief Minister of Kerala

കേരളത്തിലെ ആദ്യത്തെ കോൺഗ്രസ്സ് മുഖ്യമന്ത്രി ആയിരുന്നു ആർ.ശങ്കർ. കേരള ചരിത്രത്തിലെ ഹിന്ദു ഭൂരിപക്ഷജാതിയിലെ ആദ്യത്തെയും ഒരുപക്ഷേ ആവസാനത്തെയും മുഖ്യമന്ത്രി കൂടിയായിരുന്നു കൊല്ലം കൊട്ടാരക്കര പുത്തൂർ വിളയിൽ വീട്ടിൽ രാമൻ മകൻ ശങ്കർ. 1957ലെ ഇ.എം എസ് മന്ത്രിസഭയെ വിമോചന സമരത്തിലൂടെ പുറത്താക്കാൻ കോൺഗ്രസ്സ് പാർട്ടിയെ നയിച്ചതും അന്ന് കെ.പി.സി.സി പ്രസിഡണ്ട് ആയിരുന്ന ശങ്കർ ആയിരുന്നു.

മുസ്ലിം ലീഗും പി.ടി.ചാക്കോയും

ശങ്കർ നേതൃസ്ഥാനത്ത് എത്തുന്നതിനെ ഏതുവിധേനയും തടയാൻ കോൺഗ്രസ് പാർട്ടിയിലെ ഹിന്ദു ന്യുനപക്ഷജാതി വിഭാഗം നേതാക്കൾ ആദ്യകാലം മുതൽ എല്ലാ തന്ത്രങ്ങളും പയറ്റികൊണ്ടേയിരുന്നു . അവയെല്ലാം തന്റെ ബുദ്ധിവൈഭവവും ചങ്കൂറ്റവും കൊണ്ട് അതിജീവിക്കുകയാണ് ശങ്കർ ചെയ്തത് . അതിന് അദ്ദേഹത്തെ അകമഴിഞ്ഞ് സഹായിച്ചത് മുസ്ലിം ലീഗും പി.ടി.ചാക്കോയും ആയിരുന്നു.

ജനപിന്തുണ വേണ്ടുവോളം ഉണ്ടായിരുന്നിട്ടും ശങ്കർ മത്സരിച്ച ഒട്ടുമിക്ക ഇടങ്ങളിലും തോൽവികൾ ഏറ്റുവാങ്ങുവാൻ ആയിരുന്നു അദ്ദേഹത്തിന്റെ വിധി. 1952ൽ കൊട്ടാരക്കര മണ്ഡലത്തിലും, 1954ൽ കൊല്ലം മണ്ഡലത്തിലും, 1965ൽ ആറ്റിങ്ങൽ നിയമസഭാ മണ്ഡലത്തിലും, 1967ൽ ചിറയിൻകീഴ് ലോക്സഭാ മണ്ഡലത്തിലും അദ്ദേഹം തെരഞ്ഞെടുപ്പ് പരാജയം ഏറ്റുവാങ്ങിയിട്ടുണ്ട്. പാർട്ടിയിലെ മറു വിഭാഗം പിന്തുടർന്നു പരാജയപ്പെടുത്തുക ആയിരുന്നു എന്ന് ചിലർ നിരീക്ഷിച്ചിട്ടുണ്ട്.

കണ്ണൂർ വിളിക്കുന്നു

ആദ്യ ഇ.എം.എസ് മന്ത്രിസഭയുടെ പതനത്തിനുശേഷം കേരള നിയമസഭയിലേക്ക് 1960ൽ തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കുമ്പോൾ ആർ.ശങ്കർ ആയിരുന്നു കെ.പി.സി.സി. പ്രസിഡണ്ട്. പാർട്ടിയെ സംസ്ഥാന തലത്തിൽ നയിക്കേണ്ട “ഭാരിച്ച ” ഉത്തരവാദിത്തം ഏറ്റെടുക്കേണ്ടി വരുന്നതിനാൽ ശങ്കർ നിയമസഭയിലേക്ക് മത്സരിക്കില്ലെന്നാണ് മറു ഗ്രൂപ്പിലെ മുഖ്യമന്ത്രി കസേര മോഹികൾ കരുതിയത്. എന്നാൽ അവരെ ഞെട്ടിച്ചുകൊണ്ട് ആർ.ശങ്കർ സ്ഥാനാർത്ഥിപട്ടികയിൽ ഇടം നേടി. മുസ്ലിംലീഗിന് നിർണ്ണായക സ്വാധീനമുള്ള കണ്ണൂർ ഒന്നാം മണ്ഡലമാണ് അദ്ദേഹം തന്റെ മത്സരവേദിയായി തെരഞ്ഞെടുത്തത് എന്നത് ഏവരെയും അത്ഭുതപ്പെടുത്തി. എന്നാൽ തന്റെ പാർട്ടിയിലെ ഹിന്ദു ന്യുനപക്ഷജാതി വിഭാഗം നേതാക്കളുടെ കുതന്ത്രങ്ങൾ ഏൽക്കാതിരിക്കാൻ ശങ്കറിലെ രാഷ്ട്രീയക്കാരൻ പ്രകടിപ്പിച്ച മെയ്‌വഴക്കമായിരുന്നു അത്. ഇതിന് ലീഗ് നേതൃത്വത്തിന്റെ അനുഗ്രഹാശിസ്സുകളും പണ്ഡിറ്റ് ജവാഹർലാൽ നെഹ്രുവിന്റെ മൗനാനുവാദവും ഉണ്ടായിരുന്നു.അന്ന് കണ്ണൂർ ദ്വയാംഗ മണ്ഡലം ആയിരുന്നു. കണ്ണൂർ ഒന്നും, കണ്ണൂർ രണ്ടും. കണ്ണൂർ നഗര പ്രദേശം ഉൾക്കൊള്ളുന്നതായിരുന്നു ഒന്നാം മണ്ഡലം. 2011ലെ സെൻസസ് പ്രകാരം കണ്ണൂർ മുൻസിപ്പാലിറ്റി പ്രദേശത്തെ മുസ്ലിം ജനസംഖ്യ 56.36 ശതമാനം ആയിരുന്നു. ഐ.യു.എം എൽ പിന്തുണയോടെ മത്സരിച്ച ആർ.ശങ്കറിന് 33313 വോട്ടും എതിർ സ്ഥാനാർഥി കമ്മ്യൂണിസ്ററ് പാർട്ടിയിലെ കണ്ണൻ ചാലിയോത്തിന് 238459 വോട്ടും ലഭിച്ചു.1967ൽ നടന്ന തെരഞ്ഞെടുപ്പിൽ ഇ.അഹമ്മദ് ആണ് ഇവിടെ വിജയിച്ചത്.

1960ലെ നിയമസഭാ തെരഞ്ഞെടുപ്പിനെ ആർ.ശങ്കറിന്റെ നേതൃത്വത്തിലാണ് കോൺഗ്രസ്സ് പാർട്ടി നേരിട്ടത്. മത്സരം നടന്ന 114ൽ 63 സീറ്റ് കോൺഗ്രസ് നേടി. ഘടകകക്ഷികളായ പി.എസ്.പി 20 ഉം ഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗ് 11സീറ്റുകൾ വീതം നേടി. സാക്ഷാൽ ഇ.എം.ശങ്കരൻ നമ്പൂതിരിപ്പാട് നേതൃത്വം നൽകിയ കമ്യൂണിസ്ററ് പാർട്ടി ഓഫ് ഇന്ത്യയെ ശങ്കറിന്റെ നേതൃത്വത്തിൽ കേവലം 29 സീറ്റിലേക്ക് ഒതുക്കി. മിന്നുന്ന പ്രകടനം കാഴ്ചവച്ച് പാർട്ടിയെയും മുന്നണിയെയും വൻ വിജയത്തിലേക്ക് നയിച്ചിട്ടും മുഖ്യമന്ത്രി ആകാൻ കേരളത്തിലെ കോൺഗ്രസ്സ് പാർട്ടിയിലെ വർണവെറിയന്മാർ ശങ്കറിനെ അനുവദിച്ചില്ല. പാർട്ടിക്ക് 63 സീറ്റ് നേടിക്കൊടുത്ത നേതാവിനെ ഒഴിവാക്കി അവർ 20 സീറ്റുമായിവന്ന പി.എസ്. പിക്കാരനായ പട്ടം താണുപിള്ളയെ മുഖ്യ1960 ഫെബ്രുവരി 22ന് പട്ടം സത്യപ്രതിജ്ഞ ചെയ്തു.സി.കെ.ഗോവിന്ദൻ നായർ ആയിരുന്നു കെപിസിസി പ്രസിഡന്റ്. എന്നാൽ കാലാവധി തികക്കാനുള്ള ഭാഗ്യം പട്ടത്തിന് ഉണ്ടായില്ല. കേരളത്തിലെ ജനഹിതം മനസ്സിലാക്കിയ പണ്ഡിറ്റ് ജവാഹർലാൽ നെഹ്‌റു പട്ടത്തെ മുഖ്യമന്ത്രി പദത്തിൽ നിന്നും രാജിവയ്‌പിച്ച് ആർ.ശങ്കറിനെ മുഖ്യമന്ത്രിയാക്കി.. രാജിവെക്കാൻ ആദ്യം മടിച്ച പട്ടം താണുപിള്ളക്ക് പഞ്ചാബ് ഗവർണർ പദവി നൽകിയാണ് പ്രശ്‍നം പരിഹരിച്ചത്.

ചാക്കോ എന്ന ആത്‌മമിത്രം

ആർ.ശങ്കർ 1962 സെപ്റ്റംബർ 26ന് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു. കേരളത്തിലെ ആദ്യത്തെ കോൺഗ്രസ്സ് മുഖ്യമന്ത്രിയായ ശങ്കറിന് സ്വന്തം പാർട്ടിയുടെ സംസ്ഥാന ഘടകമായ കെ.പി.സി.സിയിൽനിന്ന് യാതൊരു സഹായവും ലഭിച്ചില്ല. ഈ സമയം കെ.പി.മാധവൻ നായർ ആയിരുന്നു കെ.പി.സി.സി.പ്രസിഡന്റ്. ഇ.എം.എസ്സും സി.അച്യുതമേനോനും അടങ്ങുന്ന പ്രതിപക്ഷത്തിന് കാര്യമായി പണിയെടുക്കേണ്ടിവന്നില്ല. അവർ ചെയ്യേണ്ട പണിയെല്ലാം കെപിസിസി ചെയ്തു. നിയമ സഭക്കുള്ളിൽ ആർ.ബാലകൃഷ്ണ പിള്ളയെ പോലുള്ള കെപിസിസി ഗ്രുപ് അനുകൂലികളും ശങ്കറിനെതിരെ തങ്ങളാൽ കഴിയുന്നതെല്ലാം ചെയ്തു. നട്ടാൽ മുളക്കാത്ത അഴിമതി ആരോപണങ്ങളാണ് കെപിസിസി സ്പോൺസർ ചെയ്ത എം.എൽ.എ മാർ സഭക്കുള്ളിൽ ശങ്കറിനെതിരെ ഉന്നയിച്ചത്. ശങ്കർ തിരുവനന്തപുരം വേളി കായലിന്റെ കുറെ ഭാഗം നികത്തി ഭാര്യയുടെ വസ്തുവിനോട് ചേർത്തു എന്നാരോപിച്ചത് ബാലകൃഷ്ണ പിള്ളയാണ്. ‘ മിസ്റ്റർ പിള്ളക്ക് ഞാൻ കാലണ വണ്ടിക്കൂലി തരാം. പാളയത്തുനിന്നും വേളി വരെപോയി സംഭവ സ്ഥലം നേരിട്ടുപോയി അന്വേഷിക്കുക. ആരോപണം ശരിയെങ്കിൽ ഞാൻ രാഷ്ട്രീയ പ്രവർത്തനം അവസാനിപ്പിക്കാം’ ആർ.ബാലകൃഷ്ണ പിള്ളക്ക് ആർ.ശങ്കർ കൊടുത്ത മറുപടിയാണിത്. ഇതുകേട്ട പിള്ള ആരോപണം വിഴുങ്ങി. അതുകൊണ്ടും തീർന്നില്ല. കോൺഗ്രസ്സിന്റെ അഖിലേന്ത്യാ നേതൃത്വത്തിലേക്ക് ശങ്കറിനെതിരെ വ്യാജപരാതികൾ പ്രവഹിച്ചു. തീർന്നില്ല, കൂലിക്കെടുത്തവരെ കൊണ്ട് കോടതികളിൽ കേസ് കൊടുപ്പിച്ചു. ആർ.ശങ്കറിൽ പൂർണ്ണ വിശ്വാസം ഉണ്ടായിരുന്ന നെഹ്‌റു പരാതികളെല്ലാം അവഗണിച്ചു.ഈ സന്ദർഭങ്ങളിലെല്ലാം ശങ്കറിന് തുണയായി നിന്നത് ഇന്ത്യൻ യൂണിയൻ മുസ്ലീം ലീഗും, കോൺഗ്രസ് നേതാവും ശങ്കർ മന്ത്രിസഭയിലെ ആഭ്യന്തരം, റവന്യൂ, നിയമ വകുപ്പുകളുടെ മന്ത്രിയുമായിരുന്ന പി.ടി.ചാക്കോയും ആയിരുന്നു. ചാക്കോയെ വശത്താക്കാനും വിലക്കെടുക്കാനും ശങ്കറിൽ നിന്നും അകറ്റാനും മറുഭാഗം ആവുന്നതെല്ലാം ശ്രമിച്ചെങ്കിലും ആദർശ ധീരതയുടെ ആൾരൂപമായിരുന്ന ചാക്കോ ശങ്കറിന് പിന്നിൽ പാറപോലെ ഉറച്ചുനിന്നു. ഒടുവിൽ അവർ സത്യസന്ധനായ ചാക്കോയെ ‘പീച്ചി’ കേസിൽ പെടുത്തി .(ശങ്കറിനെയും ആത്‌മമിത്രം ആയിരുന്ന ചാക്കോയേയും തമ്മിൽ തെറ്റിക്കാൻ എതിർഗ്രൂപ്പ് രചിച്ച തിരക്കഥയായിരുന്നു “പീച്ചി”സംഭവം. ഒരു കോൺഗ്രസ്സുകാരി ചാക്കോയുടെ കാറിൽ പട്ടാപ്പകൽ സഞ്ചരിക്കുന്നതും കാർ ഒരു ഉന്തുവണ്ടിയിൽ ഇടിക്കുന്നതുമായ ദുർബ്ബലമായ ഒരു കഥാ കഥാതന്തുവിൽ മെനഞ്ഞെടുത്തതുമായിരുന്നു ആ കഥ.) ആ സംഭവത്തിന്റെ പേരിൽ ചാക്കോ രാജിവെക്കണമെന്ന് ശങ്കർ വിരുദ്ധരായ കോൺഗ്രസ്സുകാർ ആവശ്യപ്പെട്ടു. പിന്നീട് അത് പ്രതിപക്ഷവും ഏറ്റെടുത്തു. ഉറ്റസുഹൃത്തിന്റെ നിഷ്കളങ്കതയിൽ വിശ്വാസം ഉണ്ടായിരുന്നെങ്കിലും ഗത്യന്തരമില്ലാതെ ചാക്കോയുടെ രാജി ശങ്കർ ആവശ്യപ്പെട്ടു. ധർമ്മ നിഷ്ഠനായ പി.ടി.ചാക്കോ ഹൃദയവേദനയോടെ രാജിവച്ചു.

715 ദിവസത്തെ യുദ്ധം

ചാക്കോ അനുകൂലികൾ എന്നപേരിൽ ആർ.ബാലകൃഷ്ണ പിള്ള, കെ.എം.ജോർജ്ജ് അടക്കമുള്ള 15 കോൺഗ്രസ്സ് എം.ൽ.എ മാർ സഭക്കുള്ളിൽ പ്രത്യേക ബ്ലോക്ക് ആയി . പിന്നീട് ആർ.ശങ്കറിനെ രാജിവെയ്‌പ്പിക്കുക എന്നതായി അവരുടെ ദൗത്യം. (പി.ടി.ചാക്കോ ഇതിനൊന്നും നിന്നുകൊടുക്കാതെ കോൺഗ്രെസ്സുകാരനായി തുടർന്നു). കെപിസിസി അപ്പോഴെല്ലാം കുറ്റകരമായ മൗനം പാലിച്ചു. മുസ്ലിം ലീഗ് മാത്രമാണ് ശങ്കറിനൊപ്പം അപ്പോഴും നിന്നത്. ഒടുവിൽ അത് സംഭവിച്ചു. ഭരണ കക്ഷിയിൽപെട്ട പട്ടം താണുപിള്ളയുടെ പി.എസ്സ് .പിയിലെ പി.കെ.കുഞ്ഞ് 1964 സെപ്റ്റംബർ 3 ന് സഭയിൽ ആർ.ശങ്കറിനെതിരെ അവിശ്വാസ പ്രമേയം അവതരിപ്പിച്ചു. പ്രതിപക്ഷത്തിന് അധികം വിയർപ്പൊഴുക്കേണ്ടി വന്നില്ല. 50ന് എതിരെ 73 വോട്ടുകൾക്ക് അവിശ്വാസം വിജയിച്ചു. അതിനു മുമ്പ് 1962 ഒക്ടോബർ 10നും 1963 സെപ്റ്റംബർ 11 നും കമ്മ്യൂണിസ്റ് പാർട്ടിയിലെ സി. അച്യുത മേനോൻ കൊണ്ടുവന്ന രണ്ട് അവിശ്വാസ പ്രമേയങ്ങളെയും ശങ്കർ അതിജീവിച്ചിരുന്നു എന്നോർക്കണം. 715 ദിവസത്തെ ഭരണത്തിന് ശേഷം 1964 സെപ്റ്റംബർ 10 ന് ആർ.ശങ്കർ രാജിവച്ചു. സ്വന്തം പാർട്ടിയിലെ ജാതി വേറിയന്മാരുമായുള്ള 715 ദിവസത്തെ യുദ്ധത്തിനുശേഷം അദ്ദേഹം പടിയിറങ്ങി എന്നുവേണം കരുതുവാൻ.

കേരളാ കോൺഗ്രസിന്റെ പിറവിയുടെ മുഖ്യ കാരണങ്ങളിൽ ഒന്ന് ശങ്കർ വിരോധം ആണെന്ന് സൂഷ്മ തലത്തിൽ പരിശോധിച്ചാൽ മനസ്സിലാകും. മന്നത്തു പദ്മനാഭനും കേരളാ കോൺഗ്രസ്സ് രൂപീകരണത്തിന് പിന്തുണ നൽകിയിട്ടുണ്ട് . താൻ ഒരു ഈഴവ സ്ത്രീയുടെ വയറ്റിൽ ജനിച്ചതുകൊണ്ടാണ് തനിക്ക് മുഖ്യ മന്ത്രി സ്ഥാനം നഷ്ടമായതെന്ന് തിരുവനന്തപുരം പേട്ടയിൽ നടന്ന സ്വീകരണ യോഗത്തിൽ ആർ, ശങ്കർ പ്രസംഗിച്ചതായി പറയുന്നു.

ആർ.ശങ്കർ രാജിവച്ചിട്ട് 2026 ആകുമ്പോൾ 62 കൊല്ലങ്ങൾ ആകുന്നു. ശങ്കർ ഇരുന്ന കേരള മുഖ്യമന്ത്രിയുടെ കസേരയിൽ ഹിന്ദു ഭൂരിപക്ഷ സമുദായത്തിലെ ഒരാളെ കോൺഗ്രസ് പാർട്ടി ഇനി വാഴിക്കുമോ? തച്ചടി പ്രഭാകരനെ പോലെയുള്ള ഭരണ നിപുണനായ നേതാക്കന്മാർ ശങ്കറിന് പിന്നാലെ വന്നെങ്കിലും അവരെയെല്ലാം അകാരണമായി ഒതുക്കപ്പെടുന്നതായി നമുക്ക് കാണുവാൻ കഴിയും. അതിൽ ഏറ്റവും ഒടുവിലത്തെ ഇരയാണ് മുൻ കെപിസിസി പ്രസിഡന്റ് കെ.സുധാകരൻ. കാലാവധി തികക്കാൻപോലും അനുവദിക്കാതെ കെ.സുധാകരനെ എന്തുകൊണ്ട് ആ പദവിയിൽ നിന്നും നീക്കി എന്നതിന് വിശ്വാസ യോഗ്യമായ ഒരു ഉത്തരം ഇനിയും നൽകിയിട്ടില്ല. നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ ആഗ്രഹം പ്രകടിപ്പിച്ചതിന് അദ്ദേഹത്തെ കരിവാരിതേയ്ക്കാൻ ആണ് ചിലർ ശ്രമിച്ചത്. സുധാകരൻ ജയിച്ച് എം.എൽ.എ ആയാൽ മുഖ്യമന്ത്രി സ്ഥാനം ചോദിച്ചേക്കാം എന്നതായിരുന്നിരിക്കാം ഇവരുടെ ഭയം, അതിനെ തടയുവാൻ അവർ എം.പിമാർ ആരും മത്സരിക്കേണ്ട എന്ന നിബന്ധന മുന്നോട്ടുവച്ചു. ഒടുവിൽ തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്നപ്പോൾ മുഖ്യമന്ത്രിയാകാൻ ഒരു ഹിന്ദു ന്യുനപക്ഷ സമുദായ എം.പി.നടത്തിയ പരാക്രമങ്ങൾ കേരളം കണ്ടതാണ്. കെ.സുധാകരന് ഒരുനീതിയും മുഖ്യമന്ത്രി സ്ഥാന മോഹിയായ ന്യുനപക്ഷ സമുദായ എം.പിക്ക് മറ്റൊരു നീതിയും എങ്കിൽ അതിന്റെ പേര് ജനാധിപത്യം എന്നല്ല. ജാതിവെറി എന്നോ വര്ണവെറി എന്നോ ആണ്. ആർ.ശങ്കറിനെ വേട്ടയാടിയവർ ഇപ്പോഴും സജ്ജീവമാണെന്നും കരുതാം.

ജന്ദർ മന്ദറിൽ നടന്നതെന്ത്? ജന്തർ മന്ദറിലേക്കുള്ള വഴികൾ; വായിക്കാം:-https://saltmarchmedia.in/the-roads-to-jandar-mandar

One thought on “ആർ.ശങ്കർ; ജാതിവെറിയുടെ ഇര

Leave a Reply

Your email address will not be published. Required fields are marked *