ബൈക്ക് ആംബുലൻസ് ആക്കിയ മനുഷ്യ സ്നേഹി

അറിയില്ലേ കരീമുൾ ഹഖീമിനെ? സ്വന്തം ബൈക്ക് ആംബുലസ് ആക്കി മാറ്റി ആയിരക്കണക്കിനു രോഗികളെ സൗജന്യമായി ആശുപത്രിയിലെത്തിച്ചു ചരിത്രം കുറിച്ച ഈ തേയിലത്തോട്ടം തൊഴിലാളിയെ? ഭൂട്ടാൻ, അഫ്ഘാനിസ്ഥാൻ എന്നീ രാജ്യങ്ങളുമായി അതിർത്തി പങ്കിടുന്ന പശ്ചിമ ബംഗാളിലെ ജൽപായ് ഗുരി ജില്ലയിലെ ധലാബരി വില്ലേജിൽ ജനനം. തേയില തോട്ടങ്ങളും മരങ്ങളും നിറഞ്ഞ മലയോരം. ഭൂരിഭാഗവും കർഷക തൊഴിലാളികൾ. മൊബൈൽ ഫോൺ കണക്ഷൻ ഉണ്ടെങ്കിലും റോഡും വൈദ്യുതിയും ഇനിയും എത്തിച്ചേർന്നിട്ടില്ല. ദുർഘടം പിടിച്ച ഒറ്റയടി പാതകളിലൂടെ ആംബുലസ് എത്തുകയില്ല. 1995 ന് ഒരു രാത്രിയിൽ കരീമുൾ ഹഖിന്റെ ഉമ്മാക്ക് കടുത്ത നെഞ്ചുവേദന വന്നു. ഉമ്മയെ ആശുപത്രിയിൽ എത്തിക്കാൻ ഹഖ് പല വാതിലുകളിലും മുട്ടി. ആരും കനിഞ്ഞില്ല. അന്ന് അദ്ദേഹത്തിന് സ്വന്തം ബൈക്ക് ഉണ്ടായിരുന്നില്ല. ഉമ്മ ചികിത്സ കിട്ടാതെ ആ രാത്രിയിൽ വീട്ടിൽ വച്ച് ഹൃദയാഖാതം മൂലം മരിച്ചു. അത് ഹഖിന്റെ ജീവിതത്തിലെ വഴിത്തിരിവായിരുന്നു. തന്റെ ഉമ്മയുടെ ഗതി ഗ്രാമത്തിൽ മറ്റാർക്കും ഉണ്ടാകരുതെന്ന് അദ്ദേഹം ആഗ്രഹിച്ചു. ആ ചിന്തയിൽനിന്നാണ് ബൈക്ക് കാരസ്ഥാമാക്കിയത്. തേയില തോട്ടത്തിലെ സഹ പ്രവർത്തകനായ അസീസുൽ ജോലിക്കിടെ കുഴഞ്ഞുവീണു. ബൈക്കിനു പിന്നിൽ ഇരുത്തി സഹ പ്രവർത്തകനെ തന്റെ ശരീരത്തോട് ചേർത്തുവച്ച് കെട്ടി 50 കിലോമീറ്റർ അകലെയുള്ള ആശുപത്രിയിൽ എത്തിച്ചു കരീമുൾ ഹഖ്. സഹപ്രവർത്തകൻ രക്ഷപെട്ടു.

അതോടെ സ്വന്തം ബൈക്ക് ആംബുലൻസ് ആക്കി മാറ്റുകയായിരുന്നു ഹഖ്. ആദ്യം ആളുകൾ കളിയാക്കി ചിരിച്ചു. ആദ്യം ചിരിച്ചവർ പിന്നീട് തങ്ങൾക്കും സഹായം തേടി ഹഖിനെ തന്നെ സമീപിച്ചു. ഇപ്പോൾ നാട്ടുകാർ പറയുന്നത് , തങ്ങളെ രക്ഷിക്കാൻ ദൈവം കരീമുൾ ഹഖിനെ ഗ്രാമത്തിലേക്ക് അയച്ചിരിക്കുന്നു എന്നാണ്. പ്രധാനപ്പെട്ട ചടങ്ങുകളിൽ തങ്ങളെ അനുഗ്രഹിക്കാൻ അവർ ഹഖിനെ ക്ഷണിക്കുന്നു. 2019 ൽ മാത്രം 5000ത്തിനും 5500നും ഇടക്ക് രോഗികളെ അദ്ദേഹം ആശുപത്രിയിൽ എത്തിച്ചു. ജില്ലയിലെ 20 വില്ലേജുകളിൽ കരീമുൽ ഹഖിന്റെ ബൈക്ക് രോഗികളുടെ ജീവൻ രക്ഷിക്കാനായി പായുന്നു. ചില്ലിക്കാശ് പ്രതിഫലം വാങ്ങാതെ. തേയിലത്തോട്ടത്തിൽ പണിയെടുത്ത് കിട്ടുന്ന പണത്തിന്റെ സിംഹഭാഗവും ബൈക്കിൽ പെട്രോൾ അടിക്കാൻ ചെലവഴിക്കും. ഭാര്യയും രണ്ട് ആൺ മക്കളും അടങ്ങുന്നതാണ് കുടുംബം. അടിയന്തിര ഘട്ടങ്ങളിൽ രോഗികൾക്ക് ഇദ്ദേഹം പ്രഥമ ശുശ്രുഷയും നൽകുന്നുണ്ട്. അതിനുള്ള പരിശീലനം പരിചയക്കാരായ ഡോക്ടർമാർ നൽകിയിട്ടുണ്ട് . കയ്യിൽ പണമുണ്ടെങ്കിൽ പാവപ്പെട്ട രോഗികൾക്ക് മരുന്ന് വാങ്ങിക്കൊടുക്കുകയും ചെയ്യും. കരീമുൾ ഹഖിന്റെ നിസ്തുല സേവനത്തെ മാനിച്ച് 2017ൽ പദ്മശ്രീ ബഹുമതി നൽകി രാഷ്ട്രം അദ്ദേഹത്തെ ആദരിച്ചു. കരീമുൾ ഹഖിന്റെ ജീവിതത്തെ ആസ്പദമാക്കി ബിശ്വജിത് ദ്ധാ രചിച്ച “ബൈക്ക് ആംബുലൻസ് ദാദ” എന്ന ഗ്രന്ഥം പെൻഗ്വിൻ ഇന്ത്യ പ്രസിദധീകരിച്ചു.

ഇപ്പോൾ അഭ്രപാളികളിലും കരീമുൾ ഹഖിന്റെ ജീവിതം പകർത്തപ്പെടുകയാണ്. ബംഗാളി സിനിമയിലെ സൂപ്പർ സ്റ്റാറും രാജ്യസഭാ എം.പിയുമായ ദേവ് (ദീപക് അധികാരി) ആണ് കരീമുൾ ഹഖ് ആയി അഭിനയിക്കുന്നത്. ദേവിന്റെ അൻപതാമത്തെ ചിത്രമാണിത്. വിനയ് എം. മുട്ഗിൽ സംവിധാനം നിർവഹിക്കും.ദേവ് തന്നെയാണ് നിർമ്മാതാവും. ചിത്രത്തിന്റെ ആദ്യ പോസ്റ്റർ കഴിഞ്ഞ ദിവസം റിലീസ് ചെയ്തു.
