ഇലക്ട്രിക് വാഹന നിർമ്മാണ മേഖല അനുദിനം വളരുന്നു

ക്രമാനുഗതമായി വളർച്ച നേടുന്ന ഇന്ത്യൻ ഇലക്ട്രിക്ക് വാഹന നിർമ്മാണ മേഖലയിൽ എഞ്ചിനീർമാരെ കാത്തിരിക്കുന്നത് അവസരങ്ങളുടെ പൂരം. ഇലക്ട്രിക്കൽ, ഇലക്ട്രോണിക്സ്, ഓട്ടോമൊബീൽ, കെമിക്കൽ, സോഫ്റ്റ് വെയർ, ഹാർഡ്വെയർ, മെഷീൻ ലേണിങ്, സൈബർ സെക്യുരിറ്റി, സിവിൽ, പവർ സിസ്റ്റംസ്, എംബെഡഡ്ഡ് സിസ്റ്റം, ഇൻഡസ്ട്രിയൽ , മാനുഫാക്റ്ററിങ് എഞ്ചിനീറിങ് ശാഖകളിൽ എല്ലാംതന്നെ അസുലഭ അവസരങ്ങളാണ് ഇനി വരാൻ പോകുന്നത്.
2030 ഓടെ 80 ദശലക്ഷം ഇലക്ട്രിക് വാഹനങ്ങൾ നിരത്തിലിറക്കാൻ ഇന്ത്യ ലക്ഷ്യമിടുന്നു. ആഗോള വിപണിയിലെ മാന്ദ്യം ഉണ്ടായിരുന്നിട്ടും ഇലക്ട്രിക് വാഹന വിൽപ്പന ഇന്ത്യയിൽ 20% വർധ്ധിച്ചു. 2023 ൽ 16.77 ബില്ല്യൺ യു.എസ് ഡോളർ ആയിരുന്ന ഇലക്ട്രിക് വാഹന ബാറ്ററി വ്യവസായം 2028 ആകുന്നതോടെ 27.70 ബില്യൺ ഡോളർ ആയി വളരുമെന്ന് കണക്കാക്കുന്നു. അന്തരീക്ഷ മലിനീകരണം, കുറഞ്ഞുവരുന്ന ക്രൂഡ് ഓയിൽ ലഭ്യത എന്നിവമൂലം വാഹനങ്ങളിൽ മറ്റ് ഊർജസ്രോതസ്സുകൾ ഉപയോഗിച്ചുള്ള പരീക്ഷണങ്ങൾ ലോകത്താകമാനം നടന്നുവരുന്നു. അവയിൽ ധൃതഗതിയിൽ പ്രചാരം നേടുകയാണ് ഇലക്ട്രിക്ക് വാഹനങ്ങൾ. അമേരിക്കയിലെ എമെർജൻ റിസേർച് പ്രസിദധീകരിച്ച ഒരു റിപ്പോർട്ടിൽ 2027 ആകുമ്പോഴേക്കും ഇലക്ട്രിക്ക് വാഹന വ്യവസായം 793.24 ദശലക്ഷം ഡോളറിന്റെ വളർച്ച നേടുമെന്ന് പറയുന്നു. ടെസ്ല, ഫോർഡ്, ജനറൽ മോട്ടോർസ് (ജി.എം.), ഹ്യുണ്ടായ്, ഫോക്സ്വാഗൺ എന്നിവയാണ് ആഗോള തലത്തിലെ പ്രധാന ഇലക്ട്രിക്ക് വാഹന നിർമ്മാതാക്കൾ.ഇന്ത്യയിൽ ടാറ്റ മോട്ടോഴ്സും, മഹീന്ദ്രയുമാണ് ഇലക്ട്രിക്ക് കാർ നിർമ്മാണത്തിലെ കുത്തക കൈയ്യടക്കിയിരിക്കുന്നത്. ഒല, ടി.വി.എസ്, ആഥർ, ബജാജ്, ഹീറോ തുടങ്ങിയ കമ്പനികളാണ് ഇരുചക്ര ഇലക്ട്രിക് വാഹന നിർമ്മിതിയിൽ മുന്നിട്ടുനിൽക്കുന്നത്. ആഗോള ഭീമന്മാരായ ടെസ്ല, യമഹ എന്നിവർ ഇന്ത്യൻ ഇലക്ട്രിക്ക് വാഹന നിർമ്മാണ ലോകത്തെ നോട്ടമിട്ടു കഴിഞ്ഞു.

എഞ്ചിനീർമാരെ സംബന്ധ്ധിച്ചിടത്തോളം ഇത് ആവേശകരവും അവസരങ്ങൾ നിറഞ്ഞതുമായ ഒരു യുഗത്തിന്റെ തുടക്കമാണ്. ഇന്ന് രാജ്യ വ്യാപകമായി ഏകദേശം 12,000 ചാർജിങ് സ്റ്റേഷനുകൾ ആണ് ഉള്ളത്. 2030 ആകുമ്പോഴേക്കും 1.32 മില്യൺ ചാർജിങ് പോയിന്റുകൾ നിർമ്മിക്കണം. ഈ വെല്ലുവിളി നേരിടാൻ ഇലക്ട്രിക്കൽ, സിവിൽ, സോഫ്റ്റ്വെയർ എഞ്ചിനീയർമാരുടെ വിദഗ്ദ്ധ സേവനം ആവശ്യമാണ്. FAME II,PM E-DRIVE പധ്ധതികളിലൂടെ കേന്ദ്ര സര്ക്കാർ 20,000 കോടിയിലധികം രൂപ അടിസ്ഥാന സൗകര്യ വികസനത്തിനായി മുതൽ മുടക്കുന്നു. ഇലക്ട്രിക്കൽ-ഇലക്ട്രോണിക്സ് എഞ്ചിനീയറിംഗ് ഇ.വി. വ്യവസായത്തിന്റെ നട്ടെല്ലാണ്. ഒരു വാഹനത്തിന്റെ മോട്ടോർ രൂപകൽപ്പന മുതൽ ബാറ്ററി, പവർ കൺവെർട്ടറുകൾ, വയറിങ്, ഇലക്ട്രിക്ക് സർക്യൂട്ട്, വോൾട്ടേജ് നിയന്ത്രണം തുടങ്ങി വിവിധ ഘട്ടങ്ങളിൽ ഇവരുടെ വൈദഗ്ധ്യം ആവശ്യമാണ്. മനുഷ്യ ശരീരത്തിൽ എന്നതുപോലെ ഇലക്ട്രിക്ക് വാഹനങ്ങൾക്കും തലച്ചോറും നാഡീവ്യൂഹവും ആവശ്യമാണ്. ഇതു സാധ്യമാക്കണമെങ്കിൽ എഞ്ചിനീർമാർ വേണം. ഡീസൽ-പെട്രോൾ എഞ്ചിനുകളിൽ കളിച്ചിരുന്ന മെക്കാനിക്കൽ എങ്ങിനീർമാർക്ക് കളം മാറ്റി ചവിട്ടേണ്ടിവരും. അവർ ഇനിമേൽ ഭാരം കുറഞ്ഞ ഷാസികൾ, എയ്റോഡൈനാമിക് ബോഡികൾ, ഇലക്ട്രിക്ക് പവർ ട്രെയിൻസിന്റെ സംയോജനം തുടങ്ങി ഇലക്ട്രിക്ക് വാഹനത്തെ സുരക്ഷിതവും കാര്യക്ഷമവുമാക്കേണ്ട ചുമതലകൾ വഹിക്കേണ്ടി വരും.

പെട്രോൾ-ഡീസൽ പോലെ ഒരു ഇലക്ട്രിക്ക് വാഹനത്തിന്റെ ജീവ ജലമാണ് ബാറ്ററി. അതുകൊണ്ടുതന്നെ ബാറ്ററി ടെക്നോളജിയിലും കെമിക്കൽ എഞ്ചിനീറിങ്ങിലും വൻ കുതിച്ചുചാട്ടത്തിന്റെ കാലമാണ് വരാൻ പോകുന്നത്. ഇലക്ട്രിക്ക് വണ്ടിയുടെ ഹൃദയമാണ് അതിലെ ബാറ്ററി. ലിഥിയം ഇയോൺ ബാറ്ററികൾ ആണ് ഇപ്പോൾ ലോകവ്യാപകമായി ഉപയോഗിക്കുന്നത്. അവയുടെ കാര്യക്ഷമത വർധ്ധിപ്പിക്കൽ, സംഭരണശേഷി കൂട്ടൽ, ചാർജിങ്, താപ നിയന്ത്രണം, പുനരുപയോഗം തുടങ്ങിയ മേഖലകളിൽ ലോകത്താകമാനം പരീക്ഷണ നിരീക്ഷണങ്ങൾ നടന്നു കൊണ്ടിരിക്കുന്നു. ഇലക്ട്രിക്ക് വാഹന രൂപകൽപ്പനയിലെ മറ്റൊരു അവിഭാജ്യ എഞ്ചിനീറിങ് ശാഖയാണ് കോർ എംബഡഡ് സിസ്റ്റവും സോഫ്റ്റ് വെയർ എഞ്ചിനീറിംഗും, ഉപഭോക്താക്കളെ ആകർഷിക്കുന്ന ഡാഷ് ബോർഡുകൾ, റിമോട്ട് സെൻസറുകൾ, വിദൂര വാഹന നിയന്ത്രണ സംവിധാനങ്ങൾ എന്നിവ കൈകാര്യം ചെയ്യാൻ സോഫ്റ്റ് വെയർ, ഹാർഡ് വെയർ എഞ്ചിനീർമാർ വേണം.

ഇൻഡസ്ട്രിയൽ, മാനുഫാക്ചട്യൂറിങ്, സിവിൽ, സപ്ലൈ ചെയിൻ എന്നീ എഞ്ചിനീയറിംഗ് ശാഖകൾ ഇന്ത്യയിൽ ഒരു പുതിയ ഘട്ടത്തിലേക്ക് കടക്കുകയാണ്. കമ്പനികൾ അവരുടെ ഉൽപ്പാദനം വർധ്ധിപ്പിക്കുമ്പോൾ പുതിയ ഫാക്ടറികളുടെ നിർമ്മാണം, അവയിലെ യന്ത്ര വൽക്കരണം, ഉൽപ്പന്നങ്ങളുടെ വിതരണം എന്നീ വെല്ലുവിളികൾ നേരിടാൻ ഈ മേഖലകളിലെ മിടുക്കരായ എഞ്ചിനീർമാർ വേണം.മാറുന്ന കാലത്തിനനുസരിച്ച് വിദ്യാഭാസ സ്ഥാപനങ്ങൾ അനുയോജ്യമായ കോഴ്സുകളും ആരംഭിച്ചു കഴിഞ്ഞു. മദ്രാസ് ഐ.ഐ.ടി, ബെംഗളൂരു എ.ഐ.എസ്,സി സ്ഥാപനങ്ങൾ EV സർട്ടിഫിക്കേഷൻ കോഴ്സ്കളും ഗവേഷണ പരിപാടികളും ആരംഭിച്ചു. സ്കിൽ ലിങ്ക്, എൻ.പി.ടി.ഇ.എൽ, ഐ.എസ്.സി തുടങ്ങിയ പ്ലാറ് ഫോമുകൾ വ്യാവസായിക ആവശ്യകതകളുമായി ബന്ധപ്പെട്ട കോഴ്സുകൾ വാഗ്ദാനം ചെയ്യുന്നു. ISIEINDIA, NIELIT(Govt. of India), Indian Institute of skills(IIS), DIYGuru, IGMPI, Tata Technologies, Indian Institute of Solar Energy, NPTEL(IITs/IIsc), ASAP Kerala തുടങ്ങിയ സ്ഥാപനങ്ങൾ വിവിധ കോഴ്സുകൾ ഇതുസംബന്ധിച്ചു നടത്തി വരുന്നു.

