ഉടമയ്ക്ക് പത്ത് ലക്ഷം നഷ്ടപരിഹാരം നൽകാൻ വിധി.
Thank you for reading this post, don't forget to subscribe!
വാഹന വായ്പ തിരിച്ചടക്കുന്നതിൽ വീഴ്ച വരുത്തിയാൽ ബലം പ്രയോഗിച്ച് വണ്ടി പിടിച്ചെടുക്കരുതെന്ന് സുപ്രീം കോടതി. ഉത്തർപ്രദേശുകാരനായ ഹരിദത്ത ശർമ്മ ഒരു ധനകാര്യ സ്ഥാപനത്തിൽനിന്ന് ലോറി വാങ്ങുന്നതിനായി വായ്പ എടുത്തിരുന്നു. വായ്പാ തുക തിരിച്ചടക്കുന്നതിൽ അദ്ദേഹത്തിന് കാലതാമസം സംഭവിച്ചു. ഇതിനെ തുടർന്ന് ഹരിദത്ത ശർമ്മയുടെ ലോറി രാത്രി ഒരുമണിക്ക് ബലാൽക്കാരമായി ഗുണ്ടകൾ പിടിച്ചെടുത്തുകൊണ്ടുപോയി.
വണ്ടിയുടെ സ്റ്റിയറിങ് ലോക്ക് തകർത്താണ് വാഹനം ഓടിച്ചുകൊണ്ടു പോയത്. മാത്രമല്ല പിടിച്ചെടുത്ത ലോറി ശർമ്മയെ അറിയിക്കാതെ ധനകാര്യ സ്ഥാപനക്കാർ നാലര ലക്ഷം രൂപക്ക് വിറ്റ് കാശാക്കുകയും ചെയ്തു. ഇതിനെതിരെ ഹരിദത്ത ശർമ്മ ആദ്യം അലഹബാദ് ഹൈക്കോടതിയെ സമീപിച്ചെങ്കിലും ഫലമുണ്ടായില്ല. ഒടുവിൽ സുപ്രീം കോടതിയെ സമീപിക്കുകയായിരുന്നു.
സുപ്രീം കോടതി ജസ്റ്റിസുമാരായ പി.എസ്. നരസിംഹ, അലോക് അരാധെ എന്നിവരടങ്ങിയ ബെഞ്ചാണ് വിധി പ്രസ്താവിച്ചത്. വായ്പാ കുടിശ്ശിക ഈടാക്കാനും വാഹനം തിരിച്ചുപിടിക്കാനും ധനകാര്യ സ്ഥാപനങ്ങൾക്ക് കരാർ പ്രകാരം അവകാശമുണ്ടെങ്കിലും, അത് നിയമപരവും ന്യായവുമായ നടപടിക്രമങ്ങളിലൂടെയാണ് നടപ്പാക്കേണ്ടതെന്നും ബലപ്രയോഗത്തിലൂടെയോ ഭീഷണിയിലൂടെയോ രഹസ്യമായോ അല്ലെന്നും കോടതി വ്യക്തമാക്കി.
കേരളത്തിൽ പവർകട്ട് എന്തുകൊണ്ട് ? വായിക്കാം:-https://saltmarchmedia.in/kerala-electricity-crisis/
അലഹബാദ് ഹൈക്കോടതി ശർമ്മയുടെ റിട്ട് ഹർജി തള്ളിയത് സുപ്രീം കോടതി റദ്ദാക്കി. വായ്പകൾ തിരിച്ചുപിടിക്കുന്നതിനായി റിസർവ് ബാങ്ക് പുറപ്പെടുവിച്ചിട്ടുള്ള ‘ന്യായ പ്രവർത്തന രീതികൾ സംബന്ധിച്ച ചട്ടങ്ങൾ’ (Fair Practices Code) അനുസരിച്ച് ശർമ്മക്ക് മതിയായ നോട്ടീസ് നൽകാതെയാണ് വാഹനം അനധികൃതമായി പിടിച്ചെടുത്തതെന്നും ഇത് ഭരണഘടനയുടെ 14, 21 അനുച്ഛേദങ്ങളുടെ ലംഘനമാണെന്നും കോടതി കണ്ടെത്തി. ശർമ്മയുടെ ലോൺ അക്കൗണ്ടുകൾ ക്ലോസ് ചെയ്തു കൊടുക്കുവാനും ലോറി വിറ്റുകിട്ടിയ നാലര ലക്ഷം രൂപ, ആറ് ശതമാനം വാർഷിക പലിശ സഹിതം തിരികെ നൽകാനും മാനസിക പീഡനത്തിനും ഉപജീവനമാർഗ്ഗം നഷ്ടപ്പെടുത്തിയതിനും പ്രത്യേകം 10 ലക്ഷം രൂപ നഷ്ടപരിഹാരമായും 50,000 രൂപ കോടതിച്ചെലവും ശർമ്മക്ക് നൽകണമെന്നും വിധിച്ചു. വായ്പാ തിരിച്ചടവ്, വാഹനങ്ങൾ പിടിച്ചെടുക്കൽ എന്നീകാര്യങ്ങളിൽ ബാങ്കുകളും നോൺ ബാങ്കിങ് ധനകാര്യ സ്ഥാപനങ്ങളും റിസർവ് ബാങ്കിന്റെ ചട്ടങ്ങൾ അനുസരിച്ചാണ് പ്രവർത്തിക്കുന്നത് എന്ന് ഉറപ്പാക്കാൻ ഫലപ്രദമായ നടപടികൾ സ്വീകരിക്കണമെന്ന് സുപ്രീം കോടതി റിസർവ് ബാങ്കിന് നിർദ്ദേശം നൽകി.
ഈ കേസിൽ ബഹുമാനപ്പെട്ട സുപ്രീം കോടതി പുറപ്പെടുവിച്ച വിധിന്യായത്തിന്റെ പൂർണരൂപം കാണുവാൻ ചുവടെയുള്ള ലിങ്ക് ക്ലിക്ക് ചെയ്യുക. https://drive.google.com/file/d/1UmYaY6snofHVsVg6nybqlInksQJLsH_T/view?usp=sharing
ശക്തരായവർക്കെതിരെ അഴിമതിക്കേസുൾ നിലനിൽക്കില്ലേ ? വായിക്കാം :- https://saltmarchmedia.in/anti-corruption-laws/


2 thoughts on “ക്വട്ടേഷൻ ഗുണ്ടകൾ വണ്ടി പിടിക്കരുത്: സുപ്രീം കോടതി,”