gtag('config', 'G-V5M9MZ23B8');

ചാനൽ മുതലാളി കാട്ടുകള്ളൻ, വാർത്തകൾ വായിക്കുന്നത് വിധേയൻ.

നമ്മെ പോലെതന്നെ ഏതൊരു ഇന്ത്യൻ പൗരനും ഉള്ള പൗരാവകാശങ്ങളേ ഇന്ത്യയിൽ മാധ്യമങ്ങൾക്കും ജേർണലിസ്റ്റുകൾക്കും ഉള്ളു. ചിലർ കൊട്ടിഘോഷിക്കുന്നപോലെ ഇന്ത്യൻ ഭരണഘടനയിൽ എങ്ങും തന്നെ ഒരു നാലാം തൂണിനെപ്പറ്റി (Fourth Estate) പരാമർശവുമില്ല. ലെജിസ്ലേറ്റർ, എക്സിക്യൂട്ടീവ്, ജുഡീഷ്യറി എന്നീ മൂന്നു തൂണുകളെ മാത്രമേ ഭരണഘടന അംഗീകരിക്കുന്നുള്ളു. യൂറോപ്പ്യൻ സാമ്രാജ്യത്വ പാരമ്പര്യത്തിൽ നിന്നും കടംകൊണ്ട ഒരുസാങ്കല്പിക പദം മാത്രമാണ് നാലാം തൂൺ എന്നത്. (പാശ്ചാത്യ മാധ്യമ ലോകം ഇപ്പോൾ ‘അഞ്ചാം തൂണി’നെയും അംഗീകരിച്ചു കഴിഞ്ഞു. യൂട്യൂബർമാർ, സോഷ്യൽ മീഡിയ ക്രീയേറ്റർമാർ, ബ്ലോഗ്ഗർമാർ, ന്യൂസ് വെബ്സൈറ്റ് എഴുത്തുകാർ എന്നിവർ ഉൾപ്പെടുന്നതാണ് ‘അഞ്ചാം തൂൺ). യജമാന പ്രീതിക്കായി പൊറാട്ട് നാടകം കളിക്കുന്ന ചില ചാനൽ മാധ്യമ തൊഴിലാളികളുടെ അഭിനയം കാണുമ്പോൾ ഇന്ത്യൻ ഭരണഘടന അവർക്ക് പ്രത്യേക കൊമ്പും കുഴലും കൽപ്പിച്ച് നൽകിയിട്ടുള്ളതു പോലെ തോന്നും.

Thank you for reading this post, don't forget to subscribe!

ഇന്ത്യൻ ഭരണഘടന ; ആർട്ടിക്കിൾ 19 (1) (a)

ഇന്ത്യൻ ഭരണഘടനയുടെ 19-ആം അനുച്ഛേദത്തിൽ, നമ്മെ പോലെയുള്ള പൗരന്മാർക്ക് ചില അടിസ്ഥാന ‘സ്വാതന്ത്ര്യങ്ങൾ’ ഉറപ്പുനൽകുന്നു. ആ വ്യക്തി സ്വാതന്ത്ര്യം മാത്രമേ മാധ്യമങ്ങൾക്കും ഉള്ളു. അവ ഇപ്രകാരമാണ്:-

“അനുച്ഛേദം 19(1);- അഭിപ്രായ സ്വാതന്ത്ര്യം തുടങ്ങിയവയുമായി ബന്ധപ്പെട്ട അവകാശങ്ങളുടെ സംരക്ഷണം. എല്ലാ പൗരന്മാർക്കും അവകാശമുണ്ടായിരിക്കും:-

(എ) സംസാര സ്വാതന്ത്ര്യത്തിനും ആവിഷ്കാര സ്വാതന്ത്ര്യത്തിനും;

(ബി) ആയുധങ്ങളില്ലാതെ സമാധാനപരമായി ഒത്തുകൂടാൻ;

(സി) അസോസിയേഷനുകളോ യൂണിയനുകളോ സഹകരണ സംഘങ്ങളോ രൂപീകരിക്കാൻ;

(ഡി) ഇന്ത്യയുടെ പ്രദേശത്തുടനീളം സ്വതന്ത്രമായി സഞ്ചരിക്കാൻ;

(ഇ) ഇന്ത്യയുടെ ഏത് ഭാഗത്തും താമസിക്കാനും സ്ഥിരതാമസമാക്കാനും;

(ജി) ഏതെങ്കിലും തൊഴിൽ പരിശീലിക്കാനോ ഏതെങ്കിലും തൊഴിൽ, വ്യാപാരം അല്ലെങ്കിൽ ബിസിനസ്സ് നടത്താനോ.”

മുകളിൽ പറയുന്നവയിൽ 19(1) (എ ) അനുച്ഛേദത്തിന് കീഴിൽ ആണ് മാധ്യമ സ്വാതന്ത്ര്യവും ഉൾപ്പെടുന്നത്. 1780-ൽ ജെയിംസ് അഗസ്റ്റസ് ഹിക്കിയുടെ ബംഗാൾ ഗസറ്റോടെ ആരംഭിച്ച ഇന്ത്യൻ പത്രപ്രവർത്തനം, ആദ്യകാലം മുതൽക്കേ ഭരണകൂട അടിച്ചമർത്തലുകൾ നേരിട്ടാണ് ഉയർന്നു വന്നത്. സ്വാതന്ത്ര്യ സമരകാലത്ത് കൊളോണിയൽ വാഴ്ചക്ക് എതിരെ പോരാടുവാനും ദേശീയ ബോധം വളർത്തുന്നതിനുമായാണ് ഇന്ത്യയിൽ പത്രങ്ങൾ ഉദയം ചെയ്തത്. ബാലഗംഗാധര തിലകന്റെ ‘കേസരി’, എസ്.കെ.ഘോഷിന്റെ ‘അമൃത ബസാർ പത്രിക’, സുരേന്ദ്രനാഥ് ബാനർജിയുടെ ‘ദി ബംഗാളി’, മദൻ മോഹൻ മാളവ്യയുടെ ‘ലീഡർ’, ഡോ.ആനി ബസന്റിന്റെ ‘ന്യൂ ഇന്ത്യ’, മൗലാനാ അബുൽ കലാം ആസാദിന്റെ ‘അൽ ഹിലാൽ’, മോട്ടിലാൽ നെഹ്രുവിന്റെ ‘ദി ഇൻഡിപെൻഡന്റ്’, ഡോ.ബി.ആർ.അംബേദ്കറുടെ ‘മൂക് നായക്’, മഹാത്മാ ഗാന്ധിയുടെ ‘ഹരിജൻ, യങ് ഇന്ത്യ, നവ ജീവൻ’,ഫിറോസ് ഷാ മേത്തയുടെ ‘ബോംബെ ക്രോണിക്കിൾ’, ജവാഹർലാൽ നെഹ്രുവിന്റെ ‘നാഷണൽ ഹെറാൾഡ്’ തുടങ്ങിയവ ആയിരുന്നു ദേശീയതലത്തിൽ പ്രധാനപ്പെട്ടവ. സുരേന്ദ്രനാഥ് ബാനർജി, ബാലഗംഗാധര തിലകൻ,മൗലാന അബുൽകലാം ആസാദ്, മഹാത്‌മാ ഗാന്ധി തുടങ്ങിയവർ പത്രപ്രവർത്തനത്തിന്റെ പേരിൽ ജയിൽ ശിക്ഷ അനുഭവിച്ചു. ബാലഗംഗാധര തിലകനെ മ്യാൻമറിലെ ജയിലിൽ 6 കൊല്ലമാണ് ബ്രിട്ടീഷുകാർ കഠിനതടവിൽ ഇട്ടത്. അടിയന്തിരാവസ്ഥാ കാലത്ത് 327 പത്രപ്രവർത്തകർ തടവിൽ അടക്കപ്പെട്ടു. പരിസ്ഥിതി, അന്വേഷണാത്മക പത്രപ്രവർത്തനം എന്നീ മേഖലകളിൽ പ്രവർത്തിച്ച 60 പത്രപ്രവർത്തകർ 2014നും 2019നും ഇടക്ക് കൊല്ലപ്പെട്ടിട്ടുള്ളതായി റിപ്പോർട്ടുകൾ ഉണ്ട്. എല്ലാക്കാലത്തും പത്രപ്രവർത്തനം സാമൂഹിക പ്രതിബധ്ധതയുടെയും ആദർശ വിശുദ്ധിയുടെയും ഒപ്പം ധീരതയുടെയും പ്രതീകമായിരുന്നു.

മാധ്യമ വേട്ടകളും നിയമ പോരാട്ടങ്ങളും

നിരവധി നിയമപോരാട്ടങ്ങളിലൂടെയാണ് സ്വതന്ത്ര ഇന്ത്യയിൽ മാധ്യമരംഗം ശക്തി പ്രാപിച്ചത്. പ്രസിദ്ധീകരണത്തിന് മുമ്പ് പത്രത്തിന്റെ ഉള്ളടക്കം സർക്കാർ പരിശോധനയ്ക്ക് വിധേയമാക്കണമെന്ന ഡൽഹി ചീഫ് കമ്മീഷണറുടെ ഉത്തരവ് റദ്ദാക്കി കൊണ്ടുള്ള1950 ലെ കോടതി വിധിയിൽ തുടങ്ങുന്നു ആ പോരാട്ട ചരിത്രം. *ബ്രിജ് ഭൂഷൺ Vs സ്റ്റേറ്റ് ഓഫ് ഡൽഹി (S.C.1950), ഈ വിധി 1951-ലെ ഒന്നാം ഭരണഘടനാ ഭേദഗതിക്ക് കാരണമായി. തുടർന്നുള്ള വിധികൾ ഈ പരിരക്ഷ വിപുലീകരിച്ചു: **സകാൽ പേപ്പേഴ്സ് Vs യൂണിയൻ ഓഫ് ഇന്ത്യ (1962) കേസിൽ ദിനപത്രങ്ങളുടെ പേജ് എണ്ണത്തിന് പരിധി നിശ്ചയിച്ച സർക്കാർ നയം കോടതി അസാധുവാക്കി. ***നരേഷ് ശ്രീധർ മിരാജ്കർ Vs. സ്റ്റേറ്റ് ഓഫ് മഹാരാഷ്ട്ര (1966) കേസിൽ തുറന്ന വിചാരണകൾ ഭരണഘടനാപരമായ സ്ഥിരം നടപടിയാണെന്നും, ജനങ്ങൾക്ക് നീതിന്യായ നടപടികൾ അറിയാനുള്ള അവകാശമുണ്ടെന്നും കോടതി വിധിച്ചു. ബിനോദ് റാവു Vs. എം.ആർ. മസാനി (1976), ഇന്ത്യൻ എക്സ്പ്രസ് ന്യൂസ്പേപ്പർ-Vs.യൂണിയൻ ഓഫ് ഇന്ത്യ (1985), ശ്രേയ സിംഗാൾ Vs യൂണിയൻ ഓഫ് ഇന്ത്യ (2015) (ഐടി ആക്ടിലെ സെക്ഷൻ 66A റദ്ദാക്കിയ കേസ്), ആർ. രാജഗോപാൽ Vs സ്റ്റേറ്റ് ഓഫ് തമിഴ്നാട് (1994), എൽഐസി Vs മനുഭായ് ഡി. ഷാ (1992), സെക്രട്ടറി, മിനിസ്ട്രി ഓഫ് ഐ & ബി Vs ക്രിക്കറ്റ് അസോസിയേഷൻ, ബംഗാൾ (1995), ടാറ്റ പ്രസ് Vs എം.ടി.എൻ.എൽ (1995), പ്രഭാ ദത്ത് Vs യൂണിയൻ ഓഫ് ഇന്ത്യ (1982), സ്റ്റേറ്റ് Vs ചാരുലത ജോഷി (1999) തുടങ്ങിയ കേസുകൾ ഇന്ത്യൻ പത്രപ്രവർത്തന ചരിത്രത്തിലെ നിയമ പോരാട്ടങ്ങളുടെ ഏടുകളാണ്.

മാധ്യമങ്ങളുടെ കമ്പോളവൽക്കരണം

ഇന്ത്യ ഇന്ന് ലോകത്തിലെ ഏറ്റവും വലിയ മാധ്യമ വിപണികളിലൊന്നാണ് . 1,18,000 ത്തിലധികം രജിസ്റ്റർ ചെയ്ത പ്രസിദ്ധീകരണങ്ങളും (38,000 ത്തിലധികം വാരികകളും മാസികകളും, 17,000 ത്തിലധികം ദിനപത്രങ്ങളും), 880 ലധികം സാറ്റലൈറ്റ് ചാനലുകളും, 550 ലധികം റേഡിയോ സ്റ്റേഷനുകളും ഇപ്പോൾ ഇന്ത്യയിൽ പ്രവർത്തിക്കുന്നുണ്ട്.പഴയകാലത്തിൽനിന്നു വിഭിന്നമായി ഇന്ത്യൻ പത്രപ്രവർത്തന മേഖലയിൽ പുതിയ ശീലങ്ങളും കാഴ്‌വഴക്കങ്ങളും രൂപപ്പെട്ടത് 1991ൽ സാമ്പത്തിക ഉദാരവൽക്കരണം നയം ഇന്ത്യയിൽ നടപ്പാക്കിയതോടെയാണ്. അതോടെ മാധ്യമരംഗത്തും കച്ചവട താൽപ്പര്യങ്ങൾ തള്ളിക്കയറി. പരസ്യ വരുമാനത്തെ മാത്രം ആശ്രയിക്കുന്ന ഒരു ബിസിനസ് മനോഭാവം പ്രകടമായി. ധാർമികത, സത്യസന്ധത, സാമൂഹിക പ്രതിബദ്ധത, ത്യാഗ മനോഭാവം എന്നീ ഗുണഗണങ്ങളുടെ സ്ഥാനത്ത് ലാഭക്കൊതി വേരുകൾ ആഴ്ത്തി. മാത്രമല്ല മാധ്യമ സ്ഥാപനങ്ങളെ വൻകിട കോർപ്പറേറ്റുകൾ വിലക്കെടുക്കുന്ന കാഴ്ചയാണ് പിന്നീട് കാണുന്നത്. അതോടെ, ഏത് വാർത്ത ജനങ്ങളിലേക്ക് എത്തണമെന്നു നിർണ്ണയിക്കുന്ന ഘടകങ്ങൾ മാധ്യമ മുതലാളിമാരുടെ രാഷ്ട്രീയ ചായ്‌വുകളും, പരസ്യ വരുമാനത്തിന്റെ വലിപ്പവും മാത്രമായി. സ്വതന്ത്ര പത്രപ്രവർത്തനം അഥവാ നിഷ്പക്ഷ മാധ്യമ പ്രവർത്തനം അതോടെ ചരമഗതി പ്രാപിച്ചു. കോർപ്പറേറ്റ് ഉടമകൾ, തങ്ങളുടെ കച്ചവട – രാഷ്ട്രീയ താല്പര്യങ്ങൾക്ക് എതിരായ വാർത്തകൾ തടയുകയും എഡിറ്റോറിയൽ നയങ്ങളെ നേരിട്ട് നിയന്ത്രിക്കുകയും ചെയ്യുന്നു.

വ്യാജ വാർത്തകളുടെ പ്രഭവ കേന്ദ്രങ്ങൾ

വ്യവസായ കുടുംബങ്ങളാണ് പത്രങ്ങളും ചാനലുകളും നിയന്ത്രിക്കുന്നത്. ലോണുകളും നിക്ഷേപങ്ങളും നൽകി ഇവർ പ്രധാന ചാനലുകളുടെ നിയന്ത്രണത്തിൽ നിർണ്ണായക പങ്ക് വഹിക്കുന്നു. മാധ്യമരംഗത്ത് വ്യവസായികൾ പണം മുടക്കുന്നത് കേവലം കച്ചവട താൽപ്പര്യംകൊണ്ടു മാത്രമാണെന്ന് കരുതിക്കൂട. തങ്ങൾ പടച്ചുവിടുള്ള വാർത്തകളിലൂടെ പൊതുജനങ്ങളിൽ സ്വാധീനം ചെലുത്തുകയും അതുവഴി അധികാര രാഷ്ട്രീയത്തിന്റെ ഇടനാഴികളിൽ കയറിക്കൂടുകയുമാണ് ഇവരുടെ ലക്‌ഷ്യം. അതുവഴി സർക്കാർ നയരൂപീകരണങ്ങളിൽ ഇടപെടുകയും, സമ്മർദ്ദ ശക്തിയായിനിന്നുകൊണ്ട് സർക്കാർ നയങ്ങൾ തങ്ങളുടെ കച്ചവട താൽപ്പര്യങ്ങൾക്ക് അനുകൂലമാക്കി തീർക്കുകയും ചെയ്യുന്നു. ഇതിനു പ്രത്യുപകാരമായി അഴിമതി വീരന്മാരായ രാഷ്ട്രീയക്കാരുടെ കള്ളക്കച്ചവടങ്ങൾ വാർത്തയാക്കാതെ, അവയുടെ സ്ഥാനത്ത് വ്യാജ ബ്രേക്കിംഗ് വാർത്തകൾ പടച്ചുവിട്ട് സമൂഹത്തിൽ അരാജകത്വം സൃഷ്ടിക്കുന്നു. കൂടാതെ അവരെ എതിർക്കുന്ന സത്യസന്ധരായ രാഷ്ട്രീയ നേതാക്കളെയും മാധ്യമ പ്രവർത്തകരെയും തെരഞ്ഞുപിടിച്ച് അവരെ അരികുവൽക്കരിക്കുകയോ വ്യാജ ആരോപണങ്ങൾ ഉയർത്തി അവരെ മാനസികമായി തളർത്തുകയോ ചെയ്യുന്നു. അടുത്തിടെ അന്തരിച്ച മാധ്യമ പ്രവർത്തകൻ ജിജോ ജോൺ പുത്തേഴത്ത് ഇതിന് ഉത്തമോദാഹരണമാണ്.

മാധ്യമങ്ങൾ തമ്മിലുള്ള കിടമത്സരങ്ങളും പരസ്യകേന്ദ്രീകൃത തന്ത്രങ്ങളും മൂലം എങ്ങനെയും ലാഭമുണ്ടാക്കണമെന്ന ഏക ലക്ഷ്യത്തിലേക്ക് മാധ്യമ രംഗം മാറി. ഇതിന്റെ ദുരന്തഫലമായി വളർന്നുവന്ന ഒരു പ്രവണതയാണ് പെയ്ഡ് ന്യൂസ് (Paid News). പണമോ മറ്റ് വാഗ്ദാനങ്ങളോ സ്വീകരിച്ച് പരസ്യങ്ങളെ വാർത്തകളായി ചിത്രീകരിച്ച് വായനക്കാരെ തെറ്റിദ്ധരിപ്പിക്കുന്ന രീതിയാണ് അത്. വർത്തമാന മാധ്യമ രംഗത്തെ മറ്റൊരു തിന്മയാണ് ടി.ആർ.പി (TRP) വേട്ട, ടെലിവിഷൻ റേറ്റിംഗുകൾ കൂട്ടാനായി പൊതുജനതാല്പര്യമുള്ള വിഷയങ്ങൾക്ക് പകരം കുറ്റകൃത്യങ്ങളെ പർവ്വതീകരിച്ച് കാണിച്ച് സെൻസേഷണലിസം സൃഷ്ടിക്കുന്ന പ്രവണതയാണ് അത്. പത്രം, ടെലിവിഷൻ, റേഡിയോ, ഡിജിറ്റൽ പ്ലാറ്റ്‌ഫോമുകൾ എന്നിവയെല്ലാം ഒരൊറ്റ മാധ്യമ കമ്പനി തന്നെ കൈവശം വെക്കുന്നതിനെ ‘ക്രോസ്-മീഡിയ ഉടമസ്ഥത’ (Cross-Media Ownership) എന്ന് പറയുന്നു. ഇതുമൂലം വ്യത്യസ്ത മാധ്യമങ്ങളിലൂടെ കാണുന്ന വാർത്തകൾ ഒരേ സ്രോതസ്സിൽ നിന്നുള്ളതാണെന്ന് തിരിച്ചറിയാൻ ജനങ്ങൾക്ക് കഴിയാതെ പോകുന്നു.

കള്ളപ്പണക്കാരന്റെ പറുദീസ

കള്ളപ്പണക്കാർ മുൻപ് ഭാഗ്യം പരീക്ഷിക്കാനായി പൊയ്ക്കൊണ്ടിരുന്നത് സിനിമയിലും രാഷ്ട്രീയത്തിലുമായിരുന്നു. എന്നാൽ ഇന്ന് അവർക്ക് കൈനനയാതെ മീൻപിടിക്കാനുള്ള കമ്പോളമായി മാധ്യമരംഗം മാറി.. സമൂഹത്തോടും ജനങ്ങളോടും സ്വന്തം മനസ്സാക്ഷിയോടും പോലും യാതൊരു പ്രതിബദ്ധതയും ഇല്ലാത്തവരും ഉള്ളതെല്ലാം തനിക്കും തന്റെ അച്ചിക്കും മക്കൾക്കും വേണ്ടി മാത്രം എന്ന് കരുതുന്ന ചില അരാജക രാഷ്രീയക്കാരുടെ പിന്തുണകൂടി ഇവർക്ക് നിർലോഭം ലഭിച്ചുകൊണ്ടിരിക്കുമ്പോൾ, ഇനിയും കാട്ടുകള്ളന്മാരും മണൽ കൊള്ളക്കാരും മാധ്യമ മേഖലയിലേക്ക് ഒഴുകി എത്തിക്കൊണ്ടിരിക്കും.

ധർമ്മം മറക്കുന്ന വിധേയൻമാർ

കോർപ്പറേറ്റ് മുതലാളിമാരുടെ പാദസേവ ചെയ്യുന്ന ചില പത്രപ്രവർത്തകർ പലപ്പോഴും മാധ്യമ ധർമ്മം മറക്കുന്നു. റിയൽ എസ്റ്റേറ്റ് -വനം-മദ്യം-മണൽ-മയക്കുമരുന്ന്-സ്വർണക്കടത്ത്-നികുതി വെട്ടിപ്പ്-കള്ളപ്പണ മാഫിയകളുടെ ബ്രോക്കർമാരായി ഇവർ പ്രവർത്തിക്കുന്നു. മുൻപേ കടന്നുപോയ പ്രതിഭാ ധനന്മാരുടെ കാലടികൾ പിൻതുടർന്ന് ‘ധാർമ്മിക’ പത്രപ്രവർത്തനത്തിന് ഇറങ്ങിത്തിരിക്കുന്ന “സ്വപ്ന ജീവികൾക്ക്” ഇവിടെ പിടിച്ചു നിൽക്കാൻ ഏറെ വിയർപ്പൊഴുക്കേണ്ടിവരും. മുക്കാൽ ചക്രത്തിന്റെ തിളക്കത്തിൽ കണ്ണ് മഞ്ഞളിച്ച്, കാട്ടുകള്ളനായ സ്വന്തം യജമാനനു മുൻപിൽ വിഡ്ഢിവേഷം കെട്ടുന്ന പിതൃശൂന്യ പത്രപ്രവർത്തകർക്കാണ് ഇവിടെ സ്ഥാനം. ഇന്ത്യയിൽ മാധ്യമ ഉടമസ്ഥതയുടെ കേന്ദ്രീകരണം തടയുന്നതിനോ, ഉടമസ്ഥതയും വിപണി വിവരങ്ങളും വെളിപ്പെടുത്തുന്നതിനോ ഉള്ള സമഗ്രമായ മാധ്യമ നിയമങ്ങൾ നിലവിലില്ല. ആ സാഹചര്യത്തിൽ കൊള്ള മുതൽ ഒളിച്ചുവക്കുവാനും മുച്ചീട്ടുകളിക്കാരെപ്പോലെ ഒന്ന് വച്ച് നൂറ് ആക്കുവാനും കരിപുരണ്ട തങ്ങളുടെ പൂർവ്വകാലം വെളുപ്പിക്കുവാനും ക്രിമിനലുകൾ ഈ രംഗത്തേക്ക് ഇനിയും വന്നുകൊണ്ടിരിക്കും. കാട്ട് കള്ളന്മാരുടെ ചാനലുകളിൽ വിധേയന്മാർ ‘വാർത്തകൾ’ വായിച്ചുകൊണ്ടുമിരിക്കും.

Reference:- *Brij Bhushan & Another Vs State Of Delhi (1950) https://drive.google.com/file/d/1X17onRkvndD1itu_ZinKNO7A0G5p3Yd3/view?usp=drivesdk

**Sakal Papers Vs Union of India (1962) https://drive.google.com/file/d/1V-t342OMU1xSg619HsL5Lb_W3NNhi5Yi/view?usp=drivesdk

*** Naresh Sreedhar Mirajkar Vs State Of Maharashtra (1966) https://drive.google.com/file/d/1K_-eGH4tmlffiJmcXNEu2BHsBQ4NOvEg/view?usp=drivesdk

പടം പിടിച്ചത് കോർഡ , പണം വാരിയത് ഫെൽട്രിനെല്ലി;– വായിക്കാം. https://saltmarchmedia.in/che-guevara-image/

6 thoughts on “ചാനൽ മുതലാളി കാട്ടുകള്ളൻ, വാർത്തകൾ വായിക്കുന്നത് വിധേയൻ.”

Leave a Reply

Your email address will not be published. Required fields are marked *