gtag('config', 'G-V5M9MZ23B8');

പവർകട്ടും സണ്ണി ജോസഫും തമ്മിൽ എന്ത് ?

കേരളത്തിൽ അപ്രഖ്യാപിത പവർകട്ട് നടപ്പാക്കിക്കഴിഞ്ഞു. എപ്പോഴൊക്കെ കറന്റ് പോകുമെന്നും വരുമെന്നും വകുപ്പ് മന്ത്രി സണ്ണി ജോസഫിനു തന്നെ പറയുവാൻ കഴിയാത്ത അവസ്ഥയിലായി. ഉപഭോക്താവ് വിളിച്ചാൽ ഒരിക്കലും എടുക്കാത്ത കെ.എസ്.ഇ.ബി.ഓഫീസ് ഫോൺ പോലെയായി വൈദ്യുത വകുപ്പും. നാനാകോണിൽനിന്നും പ്രതിക്ഷേധ സ്വരങ്ങൾ ഉയരുമ്പോഴും യഥാർഥ കാരണം കണ്ടെത്തി പരിഹാരം കാണുവാനുള്ള ആത്മാർഥമായ ശ്രമങ്ങൾ ഒന്നുംതന്നെ നടക്കുന്നില്ല എന്നതാണ് വസ്തുത. കാലാവസ്ഥാ വ്യതിയാനവും ചൂടും കാരണം വൈദ്യുതിയുടെ പരമാവധി ആവശ്യകത 5,000–5,200 മെഗാവാട്ട് വരെ ഉയർന്നിരിക്കുകയാണ് (സാധാരണ സെപ്റ്റംബറിലെ ശരാശരി ഉപഭോഗം 3,900–4,200 മെഗാവാട്ട് ആണ് ). എക്കാലത്തേയുംപോലെ ഭരണപക്ഷത്തെ കുറ്റപ്പെടുത്തിക്കൊണ്ട് പ്രതിപക്ഷം കളത്തിൽ ഇറങ്ങിയിട്ടുണ്ട്. ഗാർഹിക ഉപഭോഗത്തിന് ഉപരിയായി വ്യവസായം, വാണിജ്യം, കൃഷി, ആരോഗ്യം, ബാങ്കിങ്, ഇൻഫർമേഷൻ ടെക്‌നോളജി, സിനിമ, ട്രെയിൻ – മെട്രോ റെയിൽ സംവിധാനങ്ങൾ, ഇലക്ട്രിക്ക് ഉൾപ്പെടെയുള്ള വാഹന വ്യവസായം തുടങ്ങീ സമസ്ത മേഖലകളുടെയും നിലനിൽപ്പിനും വികാസത്തിനും വൈദ്യുതി അത്യന്താപേക്ഷിതമാണ്. വികസനത്തിന്റെ അടിസ്ഥാന ശിലകളിലൊന്നാണ് വൈദ്യുതി (ഊർജ്ജം). അതിന്റെ ഉത്പാദനം വിർധിപ്പിച്ചില്ലെങ്കിൽ കേരളത്തിന് വികസന കാര്യത്തിൽ ഒരടി മുന്നോട്ടു പോകുവാൻ സാധിക്കുകയില്ല.

Thank you for reading this post, don't forget to subscribe!

ഇ.എം.എസ്സ്, ടി.വി.തോമസ്, കെ.കരുണാകരൻ

സ്വതന്ത്ര കേരള രൂപീകരണത്തിന് ശേഷം വൈദ്യുതി ഉൽപ്പാദനം കൂട്ടുവാൻ ഇ.എം.എസ് നമ്പൂതിരിപ്പാട്, ടി.വി.തോമസ്, കെ.കരുണാകരൻ എന്നിവർ ഒഴികെയുള്ളവർ കാര്യമായ പരിശ്രമങ്ങൾ ഒന്നും നടത്തിയിട്ടില്ല. കേരളത്തിന്റെ ഊർജ്ജ ഉൽപ്പാദനം അടിയന്തിര പ്രാധാന്യമുള്ള ഒരു രാഷ്ട്രീയ വിഷയമായി ഇപ്പോഴുള്ള ഭരണ നേതൃത്വങ്ങൾ കണക്കാക്കുന്നില്ല. ആന്ധ്ര, തമിഴ്‌നാട്, കർണാടക സംസ്ഥാനങ്ങൾ ഇക്കാര്യത്തിൽ കേരളത്തെ അപേക്ഷിച്ച് ബഹുദൂരം മുന്നോട്ടുപോയി.

അല്പം വൈദ്യുതി ചരിത്രം

കേരളത്തിൽ ആദ്യമായി വൈദ്യുതി ഉൽപ്പാദനം തുടങ്ങിയത് ബ്രിട്ടീഷുകാർ ആണ്.1900 ൽ മൂന്നാറിൽ ‘കണ്ണൻ ദേവൻ ഹിൽ പ്രൊഡ്യൂസ് കമ്പനി’ എന്ന ബ്രിട്ടീഷ് സ്ഥാപനം 200 കിലോവാട്ട് ശേഷിയുള്ള ഒരു ചെറിയ ജലവൈദ്യുത ജനറേറ്റർ സ്ഥാപിച്ചു. പെരിയാർ നദിയുടെ പോഷകനദിയായ മുതിരപ്പുഴ ആറ്റിലാണ് ഇത് നിർമ്മിച്ചത്. തേയില ഫാക്ടറികൾക്ക് വൈദ്യുതി നൽകുന്നതിനായി 1910-ഓടെ ഇത് പ്രവർത്തനസജ്ജമായി.

തിരുവിതാംകൂർ സർക്കാർ (1920–1940)

വീടുകളിലേക്ക് വൈദ്യുതി എത്തിക്കുന്നതിനായി തിരുവിതാംകൂർ സർക്കാർ 1929-ൽ തിരുവനന്തപുരത്ത് സർക്കാർ ഉടമസ്ഥതയിലുള്ള ഒരു ഡീസൽ പവർ സ്റ്റേഷൻ പ്രവർത്തനം ആരംഭിച്ചു. ഇതോടെ വൈദ്യുതിയുടെ വാണിജ്യപരമായ ഉൽപ്പാദനത്തിന് തുടക്കമായി.

ആദ്യത്തെ ജലവൈദ്യുത പദ്ധതി:

1933-ൽ പള്ളിവാസൽ ജലവൈദ്യുത പദ്ധതിയുടെ നിർമ്മാണം ആരംഭിച്ചു. 13.5 മെഗാവാട്ട് ശേഷിയുള്ള ഈ പദ്ധതി 1940-ൽ ഔദ്യോഗികമായി കമ്മീഷൻ ചെയ്തു.

കെ.എസ്.ഇ.ബി. രൂപീകരണം.

വൈദ്യുതി ഉൽപ്പാദനം, പ്രസരണം, വിതരണം എന്നിവ കാര്യക്ഷമമാക്കുന്നതിനായി ഇ.എം .എസ് സർക്കാർ 1957 മാർച്ച് 31-ന് ‘കേരള സ്റ്റേറ്റ് ഇലക്ട്രിസിറ്റി ബോർഡ്’ രൂപീകരിച്ചു.

ശബരിഗിരി, ഇടുക്കി പദ്ധതികൾ.

ശബരിഗിരി പദ്ധതിയുടെ (1966) കമ്മീഷനിംഗോടെ കേരളം കുറച്ചുകാലത്തേക്ക് വൈദ്യുതി മിച്ചമുള്ള സംസ്ഥാനമായി മാറി. തുടർന്ന് 1976-ൽ ഇടുക്കി ജലവൈദ്യുത പദ്ധതി നിലവിൽ വന്നു. കേരളത്തിന്റെ ആഭ്യന്തര വൈദ്യുതി ഉൽപ്പാദനത്തിന്റെ നട്ടെല്ലായി ഈ പദ്ധതി ഇന്നും നിലകൊള്ളുന്നു.

ജലവൈദ്യുതി പദ്ധതികൾ കാലഹരണപ്പെടുന്നു ?

1980-ലെ വനസംരക്ഷണ നിയമം നിലവിൽ വന്നതോടെ, പാരിസ്ഥിതിക ആശങ്കകൾ കാരണം വൻകിട അണക്കെട്ട് പദ്ധതികൾ നടപ്പിലാക്കുന്നത് ദുഷ്കരമായിത്തീർന്നു. ഇതോടെ, ദേശീയ ഗ്രിഡിൽ നിന്ന് വൈദ്യുതി ഇറക്കുമതി ചെയ്യുന്നതിലേക്ക് മാറാൻ കേരളം നിർബന്ധിതമായി.

താപനിലയം

ജല വൈദ്യുത പദ്ധതികൾക്കു ബദലായി മറ്റ് ഊർജ്ജ സ്രോതസ്സുകൾ തേടിയുള്ള കേരളത്തിന്റെ യാത്രകൾക്ക് ആത്മാർഥമായ തുടക്കം കുറിച്ചത് കെ. കരുണാകരൻ ആണ്.1994 ൽ മുഖ്യമന്ത്രി ആയിരിക്കുമ്പോൾ കായംകുളം താപ വൈദ്യുത നിലയത്തിന് അദ്ദേഹം തുടക്കമിട്ടു. കൽക്കരി ഉപയോഗിച്ചുള്ള വൈദ്യുതി ഉൽപ്പാദന കേന്ദ്രം നിലവിൽ വന്നാൽ നാളീകേരം, നെൽ കർഷകർ വഴിയാധാരം ആകുമെന്നും പ്രദേശത്ത് കാൻസർ രോഗം പടരുമെന്നും, ഗർഭിണികൾക്ക് റേഡിയേഷൻ ഏൽക്കുമെന്നും മറ്റുമുള്ള എതിർ പ്രചാരണങ്ങളുമായി സി.പി.എമ്മും, എൽ.ഡി.എഫും അക്കാലത്ത് എതിർപ്പുമായി രംഗത്തുണ്ടായിരുന്നു. ആദ്യകാലത്ത് വൈദ്യുതി ഉൽപ്പാദനം കൽക്കരിയെ ആശ്രയിച്ചായിരുന്നു എങ്കിലും പിന്നീട് കൽക്കരി ക്ഷാമം മൂലം ഗ്യാസ് (നാഫ്ത ), നീരാവി തുടങ്ങിയവ ഉപയോഗിച്ച് വൈദ്യുതി ഉത്പാദിപ്പിക്കുന്ന മാർഗ്ഗങ്ങളിലേക്ക് ഇവിടം മാറി.

തിരമാല വൈദ്യുതി

ലോകത്ത് ആദ്യമായി കടൽ തിരമാലകളിൽ നിന്നും വൈദ്യുതി ഉൽപ്പാദിപ്പിക്കുന്ന പദ്ധതി പരീക്ഷിക്കപ്പെട്ടത് നമ്മുടെ കൊച്ചു കേരളത്തിൽ ആണ്.1991ൽ വിഴിഞ്ഞത്ത്.

സോളാർ തട്ടിപ്പല്ല

കാലാവസ്ഥാ വ്യതിയാനങ്ങളെയും മഴയേയും വെയിലിനേയും കുറ്റപ്പെടുത്തി കാലം കഴിക്കാതെ സോളാർ വൈദ്യുതി പോലെയുള്ള ഉർജ്ജസ്രോതസ്സുകളിലേക്ക് മാറുവാൻ ജനങ്ങളെ സഹായിക്കുകയോ, നിലവിലുള്ള ജലവൈദ്യുത പദ്ധതികളുടെ ഉൽപ്പാദന ക്ഷമത കൂട്ടുവാനുള്ള സമയ ബന്ധിതമായ നടപടി സ്വീകരിക്കുകയോ ആണ് വേണ്ടത്. വീടുകളിൽ സോളാർ യൂണിറ്റുകൾ സ്ഥാപിക്കുവാൻ 2024 ൽ കേന്ദ്ര സർക്കാർ 75,021 കോടി രൂപ മുതൽ മുടക്കി ‘പി.എം. സൂര്യ ഖർ ‘ പദ്ധതി നടപ്പാക്കിയെങ്കിലും രാഷ്ട്രീയ വിരോധം നിമിത്തം കേരള സർക്കാർ ഈ പദ്ധതിക്ക് വേണ്ടത്ര പ്രചാരം നൽകിയില്ലെന്ന് ആരോപണമുണ്ട്. 300 യൂണിറ്റ് വച്ച് ഒരു കോടി വീടുകളിൽ സോളാർ വൈദ്യുതി ഉത്പാദിപ്പിക്കുവാനുള്ള നവീന പദ്ധതി ആയിരുന്നു അത്. ആ വണ്ടിയും നമുക്ക് നഷ്ടമായി.

മന്ത്രി രാജിവക്കണോ ?

ഇപ്പോൾ കേരളത്തിൽ ഉണ്ടായിട്ടുള്ള വൈദ്യുതി പ്രതിസന്ധിക്ക് ഉത്തരവാദി വകുപ്പ് മന്ത്രി സണ്ണി ജോസഫ് ആണെന്ന് പറഞ്ഞാൽ അരിആഹാരം കഴിക്കുന്നവർ ആരും അത് വിശ്വസിക്കുകയില്ല. അദ്ദേഹം ആ കസേരയിൽ നൂറ് ദിവസം പിന്നിട്ടതേ ഉള്ളു. ഇപ്പോഴത്തെ വൈദ്യുതി പ്രതിസന്ധി നൂറു ദിവസംകൊണ്ട് ഉണ്ടായതല്ല. എന്നാൽ ഈ വിഷയം കൈകാര്യം ചെയ്യുന്നതിൽ സണ്ണി ജോസഫിന് തെറ്റുപറ്റി. പവർകട്ട് സംബന്ധിച്ച് യാതൊരു മുന്നറിയിപ്പും ജനങ്ങൾക്ക് നൽകിയില്ല. എന്ന് മാത്രമല്ല ഇതേപ്പറ്റി ഉന്നയിക്കപ്പെട്ട ചോദ്യങ്ങൾക്ക് കെ.എസ്.ഇ.ബി ലൈൻമാൻമാർ സ്ഥിരം പറയുന്ന മറുപടിയാണ് അദ്ദേഹം പറഞ്ഞത്. ഉത്തരവാദിത്തപ്പെട്ട ഒരു മന്ത്രിയിൽ നിന്നും ഇതല്ല ജനങ്ങൾ പ്രതീക്ഷിക്കുന്നത്. പവർകട്ടിന് പ്രാദേശികതലത്തിൽ സമയം മുൻകൂട്ടി നിശ്ച്ചയിക്കാൻ കഴിയില്ലെന്ന് പറയുന്ന മന്ത്രി ഈ നൂറ്റാണ്ടിൽ അല്ല ജീവിക്കുന്നതെന്ന് വേണം കരുതാൻ. സ്വന്തം ബഹിരാകാശ വാഹനത്തിൽ ചന്ദ്രനിലേക്ക് ആളെ അയക്കാൻ ഇന്ത്യ തയ്യാറെടുക്കുന്ന കാലമാണിത്. ഓരോ പ്രദേശത്തുനിന്നും വിവര ശേഖരണം നടത്താൻ വിപുലമായ കംപ്യൂട്ടർ ശൃംഖലയുള്ള കെ.എസ്,ഇ,ബി ക്ക് ഒരു പ്രയാസവും ഇല്ല. സംസ്ഥാനത്തിന്റെ വൈദ്യുതി ശേഷിയെപ്പറ്റിയുള്ള സ്ഥിതിവിവര കണക്കുകൾ ശേഖരിച്ച് ധവളപത്രം ജനങ്ങൾക്ക് മുൻപിൽ സമർപ്പിക്കേണ്ട ചുമതല സണ്ണി ജോസഫിന് ആയിരുന്നു. നേരത്തെ ഇത് ചെയ്തിരുന്നുവെങ്കിൽ സർക്കാരിന് ഈ പേരുദോഷം ഉണ്ടാകുമായിരുന്നില്ല. (ശരിയാണ്, തിരക്കായതിനാൽ താങ്കൾക്ക് സമയം കിട്ടിക്കാണില്ല. ഒരേസമയം മന്ത്രിയുടെയും കെ.പി.സി.സി. പ്രസിഡന്റിന്റേയും ഭാരിച്ച ചുമതലകൾ അങ്ങേക്ക് നിർവ്വഹിക്കണമല്ലോ. സാരമില്ല, പോയബുദ്ധി ആന പിടിച്ചാൽ കിട്ടില്ല എന്ന് ഇനിയെങ്കിലും ഓർത്താൽ നല്ലത്. (അബദ്ധം പറ്റാതെയിരിക്കുവാൻ മുൻ വൈദ്യുതി മന്ത്രി എം.എം. മണി, പഴയ രാഷ്ട്രീയ ഗുരു കെ. സുധാകരൻ എന്നിവരിൽ ആരുടെയെങ്കിലും ഉപദേശങ്ങൾ തേടുന്നതു നന്ന്).

വാൽക്കഷ്ണം;

കേരളത്തിന്റെ വൈദ്യുതി മേഖലയുമായി ബന്ധപ്പെട്ട വിവാദമായ മൂന്ന് പ്രധാന കേസുകൾ ഇവയാണ്.

(1). ഇടമലയാർ കേസ് (1980 ) ;- അന്നത്തെ വൈദ്യുതി മന്ത്രി ആർ.ബാലകൃഷ്ണപിള്ള, കെ.എസ്സ്.ഇ.ബി. ചെയർമാൻ ആർ.രാമഭദ്രൻ നായർ, കരാറുകാരൻ പി.കെ.സജീവൻ എന്നിവർ സുപ്രീം കോടതി ഉത്തരവ് പ്രകാരം 10,000/- രൂപവീതം പിഴ ഒടുക്കുകയും ഒരുകൊല്ലം ജയിൽ ശിക്ഷ അനുഭവിക്കുകയും ചെയ്തു. കേസ് നടത്തിയത് മുൻ മുഖ്യമന്ത്രി വി. എസ്സ്.അച്യുതാനന്ദൻ.

(2). എസ്.എൻ.സി ലാവ്‌ലിൻ കേസ് (1995-1996);- മുൻ വൈദ്യുതി മന്ത്രി പിണറായി വിജയൻ, കാനഡയിലെ എസ്.എൻ.സി.ലാവ്‌ലിൻ കമ്പനി ഉൾപ്പെടെ 11 പേർക്കെതിരെ സി.ബി.ഐ. 2009 ൽ കുറ്റപത്രം നൽകി. 2013ൽ സ്പെഷ്യൽ സി.ബി.ഐ.കോടതി പിണറായി വിജയനെ ഡിസ്ചാർജ് ചെയ്തു. 2017 ൽ കേരള ഹൈക്കോടതി, സി.ബി.ഐ.കോടതി ഉത്തരവ് ശരിവച്ചു. ഇതിനെതിരെ സി.ബി.ഐ. നൽകിയ അപ്പീൽ ഇപ്പോഴും സുപ്രീം കോടതിയിൽ നിലവിലുണ്ട്. വാദം കേൾക്കുന്നതിനായി കേസ് 36 തവണ മാറ്റിയിട്ടുണ്ട്.

(3). സോളാർ കേസ് (2013);- ഒരു കേസ് അല്ല, കേസുകളുടെ ഒരു പരമ്പരതന്നെ ഉണ്ടായി. സോളാർ വൈദ്യുതി ഉൽപ്പാദന യുണിറ്റ് സ്ഥാപിചു നൽകാം എന്ന് വാഗ്ദാനം ചെയ്ത് സരിത നായർ എന്ന സ്ത്രീയും അവരുടെ ഭർത്താവ് അനിൽരാധാകൃഷ്ണനും ചേർന്ന് കേരളത്തിലെ പലജില്ലകളിലും പണം വാങ്ങി തട്ടിപ്പു നടത്തി എന്നാരോപിച്ച് പോലീസ് കേസുകൾ രജിസ്റ്റർ ചെയ്തു. കൂടാതെ കോൺഗ്രസ്സ് (ഐ) യിലെയും, യു.ഡി.എഫിലെയും ചിലർക്കെതിരെ സരിത നായർ ലൈംഗിക ആരോപണങ്ങളും ഉന്നയിച്ചു.

7 thoughts on “പവർകട്ടും സണ്ണി ജോസഫും തമ്മിൽ എന്ത് ?”

  1. Pingback: Job Vacancies
  2. Pingback: Bank Jobs
  3. Pingback: I.T.I Vacancies
  4. Pingback: I.T.I Vacancies

Leave a Reply

Your email address will not be published. Required fields are marked *