
ഭൂലോകത്ത് ഏറ്റവും കൂടുതൽ പ്രചരിപ്പിക്കപ്പെട്ട ബ്ലാക്ക് ആൻഡ് വൈറ്റ് ഫോട്ടോ. ഉത്ഭവകാലം മുതൽ ചായ കപ്പിലും, പോസ്റ്ററുകളിലും, ചുവരെഴുത്തുകളിലും, ബാനറുകളിലും, ഉടുപ്പുകളിലും, ടാറ്റൂകളിലും, ചിത്ര-ശില്പ കലാരൂപങ്ങളിലും നോൺ സ്റ്റോപ്പ് ആയി ഇപ്പോഴും ഓടിക്കൊണ്ടിരിക്കുന്ന ചിത്രം. ആരാലും ശ്രദ്ധിക്കപ്പെടാതെ ഏഴുകൊല്ലം ക്യൂബയിലെ ഒരു ചുവരിൽ തൂങ്ങി നിന്ന ചിത്രം. രാജ്യങ്ങളുടെ അതിർവരമ്പുകൾ ഗൗനിക്കാതെ, ഭൂമിയിൽ എവിടെയൊക്കെ അവകാശ പോരാട്ടങ്ങൾ ഉണ്ടോ അവിടങ്ങളിൽ തനിയെ പ്രത്യക്ഷപ്പെടുന്ന മാന്ത്രിക ഫോട്ടോ. പടം സൂപ്പർഹിറ്റായിട്ടും ഉടമസ്ഥന് കാൽ കാശിന്റെ പ്രയോജനം നേടിക്കൊടുക്കാത്ത ചിത്രം. “ഹീറോയിക് ഗ്വറില്ല ” എന്നാണ് ആ നിശ്ചല ചിത്രത്തിന്റെ പേര്. അത് ക്യാമറയിൽ പകർത്തിയതാകട്ടെ ആൽബർട്ടോ കോർഡ എന്ന ക്യൂബക്കാരനും. അതെ, കോടാനുകോടി മനുഷ്യരുടെ അന്ധത ബാധിക്കാത്ത റെറ്റിനകളിൽ ഒരിക്കലെങ്കിലും പതിഞ്ഞിട്ടുള്ള ചിത്രം. വിട്ടുവീഴ്ച ഇല്ലാത്ത പോരാട്ട വീര്യവും അടിച്ചമർത്തപ്പെട്ടവന്റെ വേദനയും ഒപ്പം പ്രതിഷേധവും സമാസമം ചാലിച്ച് കറുപ്പിലും വെളുപ്പിലും ഒപ്പിയെടുത്ത ബൊളീവിയൻ രക്തസാക്ഷി ഡോ.ഏണസ്റ്റോ ചെഗ്വേരയുടെ മുഖം. വിശേഷണങ്ങൾ ആവശ്യമില്ലാത്ത ‘ചെ’യുടെ ചിത്രത്തിന്റെ ക്യാമറാമാനും വിശിഷ്ട വ്യക്തിത്വത്തിന് ഉടമയുമായിരുന്നു.
Thank you for reading this post, don't forget to subscribe!
ആൽബർട്ടോ കോർഡ
1928 സെപ്റ്റംബർ 14 ന് ക്യൂബയിലെ ഹവാനയിൽ ജനനം. റയിൽവേ തൊഴിലാളിയുടെ മകൻ. അച്ഛൻ വാങ്ങിയ 35 എം.എം. കൊഡാക് കാമറയിൽ തുടക്കം. പിന്നീട് സ്വന്തം സ്റ്റുഡിയോ തുടങ്ങി. ഡിജിറ്റൽ കാലം അല്ലാതിരുന്നതിനാൽ സ്റ്റുഡിയോയിലെ ഇരുട്ടുമുറിയിൽ ഫിലിമുകൾ രാസപദാർഥങ്ങൾ ഉപയോഗിച്ച് കഴുകിയെടുക്കണമായിരുന്നു. പരിശീലനം ഇല്ലാതിരുന്നതിനാൽ മിക്കചിത്രങ്ങളും മഞ്ഞനിറം പടർന്ന് വികൃതമായി. സ്ഥിരോത്സാഹം കൈവിട്ടില്ല. ഒടുവിൽ എല്ലാം നേരെയായി. ക്യൂബയിലെ അറിയപ്പെടുന്ന ഫാഷൻ ഫോട്ടോഗ്രഫർ ആയി മാറി. തന്റെ അച്ഛനെപ്പോലെ കമ്യൂണിസ്ററ് എന്ന് പറഞ്ഞാൽ പോര ഫിദൽ കാസ്‌ട്രോയുടെയും ചെഗ്വേരയുടെയും കടുത്ത ആരാധകനായിരുന്നു. പിന്നീട് കാസ്ട്രോയുടെ ഫോട്ടോഗാഫർ ആയി. കമ്യുണിസ്റ് ആശയങ്ങളിൽ അടിയുറച്ച വിശ്വാസം ഉണ്ടായിരുന്നതിനാൽ പണം സമ്പാദിക്കാൻ മറന്നു. ഫോട്ടോഗ്രാഫിയെ വിപ്ലവം പ്രചരിപ്പിക്കുവാനുള്ള ഉപാധിയാക്കി
ചരിത്രം തിരുത്തിയ ചെഗ്വേര ചിത്രം ;
.1960 മാർച്ച് 5 ന് ക്യൂബയിലെ ഹവാനയിലെ ഒരു പ്രതിക്ഷേധ ചടങ്ങിൽ വച്ചാണ് കോർഡയുടെ ക്യാമറ ചെഗ്വേരയുടെ മുഖം അതിന്റെ സർവ്വ വൈകാരികതകളോടുംകൂടി ഒപ്പിയെടുത്തത്. ‘ചേ’ യ്ക്ക് അപ്പോൾ 32 വയസ്സ് . കോർഡയ്ക്ക് അപ്പോൾ 30 ഉം.
പശ്ചാത്തലം;
ക്യൂബയിലേക്ക് ചരക്കുമായിവന്ന ഫ്രഞ്ച് വാണിജ്യകപ്പൽ ‘ ലാ കൗബ്രെ ‘ 1960 മാർച്ച് 4ന് ഹവാന തുറമുഖത്തിൽവച്ച് സ്‌ഫോടനത്തിൽ തകർന്നു. 100ലേറെപ്പേർ കൊല്ലപ്പെടുകയും അതെല്ലേറെപ്പേർക്ക് പരിക്കേൽക്കുകയും ചെയ്തു . അതിനുപിന്നിൽ അമേരിക്ക ആണെന്ന് ആരോപിച്ച് മാർച്ച് 5 ന് ഹവാനയിൽ നടന്ന പ്രതിഷേധ സമ്മേളനത്തിൽ ഏണസ്റ്റോ ചെഗ്വേര പങ്കെടുത്തു. ആ വേദിയിൽ വച്ചാണ് ചെഗ്വേരയുടെ മുഖം ഫോക്ക്യൂസ് ചെയ്യപ്പെട്ടതും കോർഡയുടെ വിരൽ കാമറയിൽ ക്ലിക്ക് ചെയ്തതും.
തലയിൽ നേരം വെളുക്കാത്ത പത്രാധിപർ
ആ ചടങ്ങിലെ 40 വിവിധങ്ങളായ ഫോട്ടോകൾ കോർഡ എടുത്തിതിരുന്നു. അതിനെ പ്രോസസ്സ് ചെയ്യപ്പെട്ട ഫിലിമുകൾ ക്യൂബൻ ദേശീയ പത്രമായ ‘റവല്യൂഷന്റെ’ (Revolucion) പത്രാധിപരെ കാണിച്ചു. അയാൾ ആ ചടങ്ങിൽ പങ്കെടുത്ത ഫിദൽ കാസ്ട്രോ, സാർത്ര് – സിമോൺ ദി ബുവ്വർ തുടങ്ങിയവരുടെ ചിത്രങ്ങൾ പ്രസിദ്ധീകരണത്തിന് തെരഞ്ഞെടുത്തു. ചെ യുടെ ചിത്രം കോർഡ പത്രാധിപരുടെ ശ്രദ്ധയിൽപെടുത്തിയെങ്കിലും അയാൾ അത് അവഗണിച്ചു. കോർഡ ആകട്ടെ ആ ചിത്രം ചില്ലിട്ട് തന്റെ കിടപ്പു മുറിയിൽ തൂക്കിയിട്ടു. ആരാലും ശ്രദ്ധിക്കപ്പെടാതെ കിടക്കുന്ന തന്റെ പ്രിയപ്പെട്ട ചെഗ്വേര ചിത്രം നോക്കി കോർഡ പലരാത്രികളിലും നെടുവീർപ്പിട്ടു. ഒന്നല്ല ഏഴ് കൊല്ലം.
എന്നിട്ടും വിട്ടില്ല
ചിത്രം വെളിച്ചം കാണിക്കാൻ ഇതിനിടെ കോർഡ പലശ്രമങ്ങളും നടത്തി. 1961 ഏപ്രിൽ 16 ന് ഹവാനയിൽ നടന്ന ഒരു സമ്മേളനത്തിലെ മുഖ്യ പ്രഭാഷകൻ ചഗ്വേരയായിരുന്നു. ഇത് സംബന്ധിച്ച് റവല്യൂഷൻ പത്രത്തിൽ നൽകിയ പരസ്യത്തോടൊപ്പം ഈ ചിത്രവും ചേർത്തു. പറഞ്ഞതുപോലെ പരിപാടി നടന്നെങ്കിലും അമേരിക്കൻ അനുകൂലികളായ 1300ഓളം പേർ പരിപാടിയിലേക്ക് ഇരച്ചുകയറി യോഗം കലക്കി. പീന്നീട് അതെ സ്ഥലത്തുവച്ച് അതേമാസം 28 നു ചെഗ്വേര പങ്കെടുത്ത സമ്മേളനം നടത്തി. രണ്ടാമത്തെ പരസ്യത്തോടൊപ്പവും ചിത്രം ചേർത്തെങ്കിലും ആരും ഗൗനിച്ചക്കില്ല. എന്നാൽ ആ ചിത്രം സാക്ഷാൽ ചെഗ്വേരയും കണ്ടിട്ടുണ്ട്. അതിന് 6 കൊല്ലം കഴിഞ്ഞാണ് ചെ രക്തസാക്ഷ്യം വഹിക്കുന്നത്. കോർഡയാകട്ടെ ഫിദൽ കാസ്ട്രോയുടെ ഔദ്യോഗിക ഫോട്ടോഗ്രാഫർ ആയി ജോലി തുടർന്നു.

ഭാഗ്യം തേടിവന്ന ഫെൽട്രിനെല്ലി
ഒരു ഇറ്റാലിയൻ സമ്പന്നനും വിപ്ലവ അനുകൂലിയുമായിരുന്നു ജൻജാക്കോമോ ഫെൽട്രിനെല്ലി (Giangiacomo Feltrinelli). പുസ്തക പ്രസാധകനും കൂടിയായ അദ്ദേഹം വിപ്ലവകാരിയായ തന്റെ ഫ്രഞ്ച് സുഹൃത്തിനെ ബൊളീവിയൻ തടവിൽനിന്നും മോചിപ്പിക്കുന്നതിനായി ക്യൂബയിൽ എത്തിയതായിരുന്നു. 39 ആം വയസ്സിൽ 1967 ഒക്ടോബർ 9 ന് ചെഗ്വേര രക്തസാക്ഷിത്വം വരിച്ചു. ചെഗ്വേരയുടെ ‘ബൊളീവിയൻ ഡയറി’ യൂറോപ്പിൽ പ്രസിദ്ധീകരിക്കുവാൻ ഫെൽട്രിനെല്ലി തയ്യാറെടുപ്പുകൾ തുടങ്ങി. ഇതിനായി ചെ യുടെ ചിത്രം അന്വേഷിച്ചു ചെന്ന ഫെൽട്രിനെല്ലിയെ ക്യൂബൻ സർക്കാർ കോർഡയുടെ സമീപത്തേക്ക് അയച്ചു. ചിത്രത്തിന്റെ രണ്ടു കോപ്പികൾ അയാൾ വാങ്ങി. പ്രതിഫലം വാങ്ങിയില്ല.താൻ ഒരു കമ്മ്യൂണിസ്റ് അനുഭാവി ആകയാൽ ചെ യുടെ ചിത്രത്തിന് പ്രതിഫലം വാങ്ങുന്നത് മനസാക്ഷിക്ക് യോജിച്ചതല്ലെന്ന് കോർഡ പറഞ്ഞു. ഡോ.ഏണസ്റ്റോ ചെഗ്വേരയുടെ ബൊളീവിയൻ ഡയറി, കോർഡനൽകിയ ഫോട്ടോ മുഖചിത്രമാക്കി ഫെൽട്രിനെല്ലി ഇറ്റലിയിൽ പ്രസിദ്ധീകരിച്ചു. കോടിക്കണക്കിനു കോപ്പികളാണ് ലോകമെമ്പാടും വിറ്റുപോയത്. പ്രസാധകൻ എന്ന നിലയിൽ ഫെൽട്രിനെല്ലി പുസ്തകത്തിൽ തന്റെ സ്വന്തം പേര് ചേർത്തെങ്കിലും മുഖചത്രത്തിന്റെ ഫോട്ടോഗ്രഫർ ആയ കോർഡയുടെ പേര് വിട്ടുകളഞ്ഞു.
കോർഡ എന്ന നിർബ്ബന്ധ ബുദ്ധി
തന്റെ ചെഗ്വേര ചിത്രത്തിന് പ്രതിഫലം വാങ്ങില്ല എന്ന നിർബന്ധത്തിനു പുറമെ, ആ ചിത്രം സാമ്രാജ്യത്വ ശക്തികൾ, കമ്മ്യൂണിസത്തിന് എതിരെ ഉപയോഗിക്കുവാൻ പാടില്ലെന്നും, മദ്യം പോലെ മനുഷ്യരാശിക്ക് ദോഷമുണ്ടാക്കുന്ന ഉൽപ്പന്നങ്ങളുടെ പ്രചാരണത്തിനായി തന്റെ ചിത്രം ഉപയോഗിക്കരുതെന്നും നിബന്ധനകൾ ഉണ്ടായിരുന്നു.
മദ്യ കമ്പനിക്കെതിരെ കോർഡയുടെ കേസ്
തന്റെ നിബന്ധനകൾ പാലിക്കാതെ മദ്യക്കുപ്പിയിൽ ‘ചെ’ യുടെ ചിത്രം ഉപയോഗിച്ചതിന് ഒരു മദ്യ കമ്പനിക്കെതിരെ കോർഡ നഷ്ടപരിഹാരത്തിന് കേസ് കൊടുത്തിട്ടുണ്ട്. ഗത്യന്തരമില്ലാതെ കോടതിക്ക് പുറത്തുവച്ച് കോർഡക്ക് 50,000/- ഡോളർ നഷ്ടപരിഹാരം നൽകി മദ്യക്കമ്പനി കേസ് ഒത്തുതീർപ്പാക്കി. ആ തുകയിൽ ഒരു പൈസ പോലും കോർഡ എടുത്തില്ല. കുട്ടികളുടെ ക്ഷേമത്തിനുവേണ്ടി വിനിയോഗിക്കാൻ മുഴുവൻ തുകയും ക്യൂബൻ അരോഗ്യ വകുപ്പിന് സംഭാവന ചെയ്തു.

അനന്തരം ആ കാമറയ്ക്ക് എന്തു സംഭവിച്ചു
തന്റെ 90 m.m, ലൈക്ക എം 2 (Leica M 2) ക്യാമറയിലാണ് കോർഡ തന്റെ വിഖ്യാതമായ ചിത്രം പകർത്തിയത്. 2001ൽ പാരീസിൽ ഒരു ചിത്രകലാ പ്രദർശനത്തിൽ പങ്കെടുക്കവെ ഹൃദയാഘാതംമൂലം കോർഡ അന്തരിച്ചു. 2016 ൽ കോർഡയുടെ കാമറ ഓൺലൈൻ ലേലത്തിലൂടെ 18,100- യുറോയ്ക്ക് (ഏകദേശം 13,45,735/-രൂപ) അവകാശികൾ വിറ്റു.
വാൽക്കഷ്ണം;
ഫെട്രിനെല്ലി തനിക്ക് ഒരു ഇറ്റാലിയൻ ‘ലിറ’ വച്ച് തന്നിരുന്നുവെങ്കിൽ താൻ കോടീശ്വരനാകുമായിരുന്നു എന്ന് കോർഡ തമാശയായി പറയുമായിരുന്നുവത്രേ. തന്റെ നിത്യഹരിത സൃഷ്ടി ലോകത്തിന് ദാനം നൽകി നിസ്സംഗനും നിർമമനുമായി ആൽബർട്ടോ കോർഡ നിത്യതയിലേക്ക് മടങ്ങി. തന്റെ നേതാവ് ഏണസ്റ്റോ ചെഗ്വേരയെപ്പോലെ , സ്വന്തം ആദർശം ആർക്കും അടിയറവ് വയ്ക്കാതെ.
ജവാഹർലാൽ നെഹ്രുവും എഡ്വിനയും ; അപൂർവ്വ സൗഹൃദത്തിന്റെ കഥ, വായിക്കാം;-https://saltmarchmedia.in/nehru_edwina-saltmarchmedia/

