
അധികം പണച്ചെലവില്ലാതെ ചർമ്മസംരക്ഷണത്തിനായി വീട്ടിൽ തന്നെ ചെയ്യാവുന്ന അഞ്ച് കൊറിയൻ പരമ്പരാഗത ചേരുവകൾ പരിചയപ്പെടാം
Thank you for reading this post, don't forget to subscribe!1. കുക്കുംബർഫേസ് മാസ്ക്
എല്ലാവർക്കും അറിവുള്ള രീതി ആണ്. വെള്ളരിക്ക ചർമ്മസംരക്ഷണത്തിനായി കൊറിയയിൽ പതിറ്റാണ്ടുകളായി ഉപയോഗിച്ചുവരുന്നു. ഇതിനായി വേണ്ടത് വെള്ളരിക്കയും അലോവേര ജെല്ലും ആണ്. ആദ്യം ഒരു മീഡിയം സൈസ് കുക്കുംബർ നന്നായി കഴുകി വൃത്തത്തിലുള്ള വളരെ നേർത്ത കഷണങ്ങളാക്കുക. കുക്കുംബർ കഷണങ്ങൾ മുഖത്ത് നിന്ന് തെന്നിപ്പോകാതിരിക്കാൻ മുഖത്ത് ആദ്യം അലോവേര ജെലിന്റെ നേർത്ത ഒരു പാളി പുരട്ടുക. തുടർന്ന് കുക്കുംബർ കഷണങ്ങൾ ശ്രദ്ധാപൂർവം മുഖത്ത് വയ്ക്കുക. ഏകദേശം 10 മുതൽ 15 മിനിറ്റ് വരെ കിടന്ന് വിശ്രമിക്കാം. കുക്കുംബറിൽ ധാരാളം ജലാംശവും വൈറ്റമിനുകളായ K, C, B1, B5 തുടങ്ങിയവ അടങ്ങിയിരിക്കുന്നതിനാൽ ചർമ്മം വരളുന്നത് തടയാനും കോശങ്ങളുടെ പുനരുജ്ജീവനത്തിനും സഹായിക്കും.
2.അരി ഉപയോഗിച്ചുള്ള ഫേസ് മാസ്ക്
വളരെ പഴക്കമുള്ള ഒരു കൊറിയൻ സൗന്ദര്യപരിപാലന രീതിയാണ്. ജോസോൺ രാജവംശകാലത്തെ സ്ത്രീകൾ മുഖം കഴുകുന്നതിനും ലോഷൻ പോലെയും അരി ഉപയോഗിച്ചിരുന്നതായി ചരിത്രരേഖകളിൽ പറയുന്നുണ്ട്.ഇതിനായി വേണ്ടത് തേനും ചോറും മാത്രമാണ്. ഒരു പാത്രത്തിൽ നന്നായി വെന്ത കാൽ കപ്പ് ചോറ് എടുക്കുക. ഏത് തരത്തിലുള്ള അരിയുടെയും ചോറ് ഉപയോഗിക്കാം. മിക്സിയുടെ ഏറ്റവും ചെറിയ ജാറിൽ ചോറ് ഇട്ട് രണ്ട് ടേബിൾ സ്പൂൺ വെള്ളവും ഒരു ടേബിൾ സ്പൂൺ തേനും ചേർത്ത് മൃദുവായ, കുഴമ്പ് രൂപത്തിലാകുന്നതുവരെ അടിക്കുക. ഇതോടെ റൈസ് മാസ്ക് തയ്യാറായി. മുഖത്ത് ശ്രദ്ധാപൂർവ്വം അൽപ്പം ഘനത്തിൽ തേച്ചുപിടിപ്പിക്കുക.
മാസ്ക് വളരെ നേരം മുഖത്ത് വച്ചാൽ ചിലപ്പോൾ ചർമ്മം വരണ്ടുപോകാം. അതിനാൽ 10–15 മിനിറ്റ് മാത്രം ഉപയോഗിക്കുന്നതാണ് നല്ലത്. ശേഷം ഇളം ചൂടുള്ള വെള്ളത്തിൽ മൃദുവായി കഴുകിക്കളയുക. അതിനുശേഷം മോയ്സ്ചറൈസർ പുരട്ടാൻ മറക്കരുത്. ഫേസ് മാസ്കുകൾ വളരെ അധികം ഉപയോഗിച്ചാൽ ചർമ്മത്തിൽ അസ്വസ്ഥത ഉണ്ടാകാം. അതിനാൽ ആഴ്ചയിൽ ഒന്നോ രണ്ടോ തവണ ഉപയോഗിച്ചാൽ മതിയാകും.അധികം തയ്യാറാക്കി സൂക്ഷിക്കുന്നതിനേക്കാൾ ഓരോ തവണയും ആവശ്യമായ അളവിൽ മാത്രം തയ്യാറാക്കുന്നതാണ് ഏറ്റവും നല്ലത്.
3.തൈര് – ബദാം മാസ്ക്ക്
ആദ്യം 10-15 ബദാം പൊടിച്ചെടുക്കുക.അര കപ്പ് തൈര് അല്ലെങ്കിൽ യോഗർട്ട്, രണ്ട് ടേബിൾസ്പൂൺ ബദാം പൊടി, ഒന്നര ടീസ്പൂൺ അലോവേര ജെൽ എന്നിവ ചേർക്കുക. ഈ മിശ്രിതം നന്നായി കുഴച്ച്‍ മുഖത്ത് പുരട്ടാം. 10-15 മിനുട്ടിനുശേഷം കഴുകിക്കളയാം ചർമ്മസൗന്ദര്യം വർദ്ധിപ്പിക്കുന്നതിനു പുറമെ ചർമ്മത്തിലെ ഹാനികരമായ ബാക്ടീരിയകളുടെ വളർച്ച തടയാൻ ഈ മിശ്രിതം സഹായിക്കുമെന്നും മൃതകോശങ്ങളെ ഇളക്കിക്കളയുമെന്നും കരുതുന്നു.
(4). റൈസ് ടോണർ അഥവാ കാടിവെള്ളം
അരി നന്നായി കഴുകുക, കഴിയുമെങ്കിൽ മൂന്ന് മുതൽ നാല് തവണ വരെ. അവസാനമായി കഴുകുമ്പോൾ കൈകൊണ്ട് നന്നായി അമർത്തി കഴുകുക. ഒടുവിൽ കഴുകാൻചേർത്ത വെള്ളവും അരിയും മുറിയിലെ താപനിലയിൽ ഏകദേശം 30 മിനിറ്റ് മുതൽ 12 മണിക്കൂർവരെ വയ്ക്കുക. ശേഷം ഒരു അരിപ്പ ഉപയോഗിച്ച് വെള്ളം മാത്രം എടുക്കുക. ഇത് മുഖം കഴുകുന്നതിനായി ഉപയോഗിക്കാം. ടോണറായും ഉപയോഗിക്കാം. കൂടുതൽ പുളിപ്പിച്ചതിനു ഗുണം കൂടുമെന്നു പറയുന്നു.
(5). ഗ്രീൻ ടി ടോണർ
മുഖക്കുരുവിന് സാധ്യതയുള്ളതും സെൻസിറ്റീവുമായ ചർമ്മത്തിന് ഇത് നല്ലതാണെന്ന് പറയപ്പെടുന്നു. തയ്യാറാക്കുന്നത് വളരെ എളുപ്പമാണ്. വെള്ളം തിളപ്പിക്കുക. ഒരു ഗ്ളാസ്സിൽ ഒരു ടീസ്പൂൺ ഗ്രീൻ ടി ഇട്ട് അതിലേക്ക് തിളച്ച വെള്ളം ഒഴിക്കുക. 5 മുതൽ 10 മിനിറ്റ് വരെ ഗ്രീൻ ടീ തിളച്ചവെള്ളത്തിൽ കുതിർക്കാൻ അനുവദിക്കുക. വളരെ നേരം കുതിർക്കാതിരിക്കാൻ ശ്രദ്ധിക്കുക, കാരണം അങ്ങനെ ചെയ്താൽ അസിഡിറ്റി വർധിക്കാം. ഇളം ചൂടോടുകൂടി മുഖത്ത് പുരട്ടാം. ഗ്രീൻ ടീയിൽ ശക്തമായ ആന്റിഓക്സിഡന്റുകൾ അടങ്ങിയിട്ടുണ്ട്. വേണമെങ്കിൽ ഇതിലേക്ക് കുറച്ച് അലോവേര ജെൽ ചേർത്തും ഉപയോഗിക്കാം.
ഉപയോഗശേഷം മിച്ചം വരുന്ന ടോണറുകൾ ഫ്രിഡ്ജിൽ സൂക്ഷിക്കുക. ഇവയിൽ പ്രിസർവേറ്റീവുകൾ ഇല്ലാത്തതിനാൽ കഴിയുന്നത്ര വേഗത്തിൽ ഉപയോഗിക്കാൻ ശ്രമിക്കുക. പരമാവധി 5 ദിവസം വരെ സൂക്ഷിക്കുന്നതാണ് നല്ലത്.
ചില ചേരുവകളോട് ചിലർക്ക് അലർജി ഉണ്ടാകാൻ സാധ്യതയുള്ളതിനാൽ മുഖത്ത് ഉപയോഗിക്കുന്നതിന് മുമ്പ് പാച്ച് ടെസ്റ്റ് നടത്തുന്നത് എപ്പോഴും നല്ലതാണ്.

ഇതിനായി ഉൽപ്പന്നത്തിന്റെ ചെറിയൊരു അളവ് കൈത്തണ്ടയിലോ കൈയുടെ മുൻഭാഗത്തോ പുരട്ടുക. 1 മുതൽ 2 മണിക്കൂർ വരെ അത് അവിടെ വയ്ക്കുക. തുടർന്ന് എന്തെങ്കിലും പ്രതികരണം ഉണ്ടാകുന്നുണ്ടോ എന്ന് നോക്കുക. പ്രതികരണം ഒന്നും ഉണ്ടാകുന്നില്ലെങ്കിൽ മുഖത്ത് ഉപയോഗിക്കാൻ സാധ്യതയുള്ളതാണെന്ന് കരുതാം. എന്നാൽ ചർമ്മം വളരെ സെൻസിറ്റീവ് ആണെങ്കിൽ, ഉപയോഗിച്ചതിന് പിന്നാലെ തന്നെ ചർമ്മത്തിൽ അസ്വസ്ഥതയോ ചൊറിച്ചിലോ ഉണ്ടാകുകയാണെങ്കിൽ, ആ ചേരുവകൾ ഉപയോഗിക്കുന്നത് ഒഴിവാക്കുക. ഉപയോഗിക്കുന്നതിന് മുമ്പ് മുഖം നന്നായി കഴുകിയിരിക്കണം.
കൺമഷി കച്ചവടം; അനസ്താസിയ കോടീശ്വരി, വായിക്കാം :-https://saltmarchmedia.in/anastasia-business/






