
ബി.ജെ.പി. തമിഴ്നാട് സംസ്ഥാന ഘടകം മുൻ അധ്യക്ഷൻ കെ.അണ്ണാമലൈയ്ക്ക് ഒരു വിളിപ്പേരുണ്ട് “സിംഹം”. കർണ്ണാടകത്തിലെ ഉഡുപ്പി, ചിക്കമംഗളൂർ, ബെംഗളൂർ എന്നിവിടങ്ങളിൽ പോലീസ് ഓഫീസർ ആയി അദ്ദേഹം ജോലിനോക്കിയിരുന്ന കാലത്ത് ഇടികൊണ്ടു പഞ്ചറായ ക്വട്ടേഷൻ ഗുണ്ടകളും , ഇരുമ്പഴിക്കുള്ളിലായ കള്ളപ്പണക്കാരും ചേർന്ന് ചാർത്തിക്കൊടുത്ത പേരാണ് അത്. ഇപ്പോൾ കേന്ദ്ര സർക്കാറിനെതീരെ നടത്തിയ’ ഗുജറാത്ത് മോഡൽ’ വിമർശനം ദേശീയ ശ്രദ്ധ ആകർഷിച്ചതോടെ അണ്ണാമലൈ വീണ്ടും വാർത്തകളിൽ നിറയുകയാണ്. കേന്ദ്ര സർക്കാർ ഒരു “ഗുജറാത്തി കമ്പനി” ആയി മാറിയിരിക്കുന്നു എന്നും അത് ദൗർഭാഗ്യകരം ആണെന്നുമായിരുന്നു അണ്ണാമലൈയുടെ വിമർശനം.
Thank you for reading this post, don't forget to subscribe!അണ്ണാമലൈ പറഞ്ഞത്;-
” ബി.ജെ.പിയുടെ തീരുമാനങ്ങൾ ഡൽഹി കേന്ദ്രീകൃതമായി മാറുകയാണെന്ന് ഞാൻ വിശ്വസിക്കുന്നു, അത് വളരെ നിർഭാഗ്യകരമാണ്. അത് മാറണം, എ.ഐ (A.i) കമ്പനികളെല്ലാം അവിടേക്ക് പോകുന്നു, വേഫർ കമ്പനികൾ അങ്ങോട്ടു പോകുന്നു, 2030 ലെ കോമൺവെൽത്ത് ഗെയിംസും 2030 ലെ പോലീസ് ഗെയിംസും 2036 ലെ ഒളിമ്പിക് ഗെയിംസും അഹമ്മദാബാദിലേക്ക് പോകുന്നു, ഇങ്ങനെ ആഗ്രഹിക്കാൻ നമുക്ക് കഴിയില്ല. അഖിലേന്ത്യാ വികസനത്തിന്റെ ഈ ‘ഗുജറാത്ത് മോഡൽ’ നമുക്ക് വേണോ എന്ന് നമ്മൾ ചിന്തിക്കണം?” ‘ഇന്ത്യാ ടുഡേ’ ഇംഗ്ലീഷ് ദിനപ്പത്രം ചെന്നൈയിൽ സംഘടിപ്പിച്ച ‘തമിഴ്‌നാട് റൗണ്ട് ടേബിളിലാ’ണ് അണ്ണാമലൈ തന്റെ പഴയ പാർട്ടി നേതൃത്വം നൽകുന്ന കേന്ദ്ര സർക്കാരിനെ വിമർശിച്ചത്. ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളായ കേരളം, തമിഴ്നാട്, ആന്ധ്രാ പ്രദേശ്, തെലങ്കാന എന്നിവിടങ്ങളിൽ കേന്ദ്ര സർക്കാർ പദ്ധതികൾ അനുവദിക്കുന്നില്ലെന്ന പതിവ് പരാതി ആവർത്തിക്കുകയായിരുന്നു അദ്ദേഹം. ഇതിനു പരിഹാരം കാണുവാൻ പ്രാദേശിക തലത്തിലുള്ള നേതാക്കളുടെ ശാക്തീകരണം ആവശ്യമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
കുപ്പുസ്വാമി അണ്ണാമലൈ
കൃഷിയും വ്യവസായവും കുലത്തൊഴിലായി സ്വീകരിച്ച ഹിന്ദു ഒ.ബി.സി.വിഭാഗത്തിൽപ്പെട്ട കൊൻഗു വെള്ളാളർ ഗൗണ്ടർ കുടുംബാംഗമായ കുപ്പുസ്വാമി അണ്ണാമലൈ, മെക്കാനിക്കൽ എഞ്ചിനീയറിംഗ് ബിരുധധാരിയും 2011 ബാച്ച് മുൻ ഐ.പി.സ് ഉദ്യോഗസ്ഥാനുമാണ്. കർണാടക പോലീസ് കേഡറിൽ 9 കൊല്ലം ജോലിചെയ്തു. 2021 ജൂലൈ 8 ന് ബി.ജെ.പി.തമിഴ്നാട് സംസ്ഥാന പ്രസിഡണ്ട് ആയി. അന്നത്തെ ഡി.എം.കെ സർക്കാരിനെതിരായ സമരങ്ങളിലൂടെയും സംസ്ഥാനത്തുടനീളം നടത്തിയ ജനസമ്പർക്ക പരിപാടികളിലൂടെയും തമിഴ്‌നാട്ടിലെ ബിജെപിയുടെ ഏറ്റവും ശ്രദ്ധേയമായ മുഖങ്ങളിലൊന്നായി അണ്ണാമലൈ മാറി. 2021ൽ അരുവാകുറിച്ചി നിയമസഭാ മണ്ഡലത്തിലും 2024 ൽ കോയമ്പത്തുർ ലോകസഭാ മണ്ഡലത്തിലും ബി.ജെ.പി. സ്ഥാനാർഥിയായി മത്സരിച്ചു പാരാജയപ്പെട്ടു. 2026 ജൂലൈ 5 ന് പാർട്ടിയിൽനിന്നും രാജിവച്ചു. (എ.ഐ.ഡി.എം.കെ.പഴനിസാമി ഗ്രൂപ്പുമായി സഖ്യത്തിൽ ഏർപ്പെടാൻവേണ്ടി പഴനിസാമിയുടെ ആവശ്യപ്രകാരം ബി.ജെ.പി.നേതൃത്വം അണ്ണാമലൈയെ സ്ഥാനത്തുനിന്നും നീക്കം ചെയ്യുകയായിരുന്നു എന്ന് പറയുന്നു) ‘വി ദ ലീഡേഴ്സ്’ (We The Leaders) എന്ന സംഘടനയും ഒപ്പം യുവജനങ്ങൾക്ക് രാഷ്ട്രീയ പ്രവർത്തന പരിശീലനം നൽകുന്നതിനായി ‘എ.പി.ജെ. അബ്ദുൽ കലാം സെന്റർ ഫോർ എത്തിക്സ് ആൻഡ് പൊളിറ്റിക്സ്’ എന്ന സ്ഥാപനവും ആരംഭിച്ച് ഇപ്പോഴും സജീവമായി തുടരുന്നു.
കരുത്ത്
ബി.ജെ.പി സംസ്ഥാന അധ്യക്ഷ പദവിയിൽ ഇരുന്ന പ്രവർത്തന പരിചയം തമിഴ്‌നാട്ടിൽ എമ്പാടും വേരുകൾ ആഴ്ത്താൻ അണ്ണാമലൈയെ സഹായിച്ചിട്ടുണ്ട്. അഴിമതി വിരുദ്ധ സമരങ്ങളിലൂടെ ജനശ്രദ്ധയും ഒപ്പം മാധ്യമ ശ്രധ്ധയും നേടികൊടുത്തു. വലിയ രാഷ്ട്രീയ സമ്മേളനങ്ങളെ അഭിസംബോധന ചെയ്തുള്ള പരിചയവും സോഷ്യൽ മീഡിയയിലെ ശക്തമായ സാന്നിദ്ധ്യവും സ്ഥാപിത വ്യവസ്ഥിതിക്കെതിരായ ഒരു രാഷ്ട്രീയ സ്വത്വം രൂപപ്പെടുത്തിയിട്ടുണ്ട്. അധികാരക്കൊതി മൂത്ത് പരസ്പരം കലഹിച്ചുനിൽക്കുന്ന പ്രതിപക്ഷത്തിന്റെ പിന്തുണ നേടിയെടുകാണാതായാൽ ഭാഗ്യം. നിലവിലുള്ള ഏതെങ്കിലും രാഷ്ട്രീയ പാർട്ടിയല്ല അദ്ദേഹത്തിന്റെ മുതൽക്കൂട്ട്; മറിച്ച്, വ്യക്തിപരമായ ജനസമ്മതിയാണ്. ബി.ജെ.പിയിലെ രാജിക്കുശേഷം അണ്ണാമല രൂപീകരിച്ച ‘വി ദ ലീഡേഴ്സ്’ എന്ന സംഘടനയിൽ 24 മണിക്കൂറിനുള്ളിൽ സമൂഹ മാധ്യമങ്ങളിലൂടെ ഏകദേശം 14 ലക്ഷം പേർ ചേർന്നതായി എൻ.ഡി.ടി.വി (NDTV) റിപ്പോർട്ട് ചെയ്തു.
വെല്ലുവിളി
എന്നിരുന്നാലും, ഇത്തരം അംഗത്വ കണക്കുകളെ കരുതലോടെ വേണം സമീപിക്കാൻ. കാരണം ഓൺലൈൻ രജിസ്‌ട്രേഷനുകൾ എല്ലായ്‌പ്പോഴും ഉറച്ച വോട്ടായി മാറണമെന്നില്ല. അതുപോലെ അനുയായികൾ എല്ലായ്‌പ്പോഴും വോട്ടർമാരാകണമെന്നില്ല, സംഘടനയിൽ ചേർന്ന അംഗങ്ങൾ എല്ലായ്‌പ്പോഴും തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾക്ക് ഇറങ്ങണം എന്നുമില്ല. തന്റെ ജനപ്രീതിയെ ഒരു സംഘടനാ സംവിധാനമാക്കി മാറ്റുക എന്നതാണ് അദ്ദേഹത്തിന്റെ ഏറ്റവും വലിയ വെല്ലുവിളി. ഇവിടെയാണ് അണ്ണാമലൈയുടെ യഥാർത്ഥ പോരാട്ടം ആരംഭിക്കുന്നത്. രാജിക്കുശേഷം അണ്ണാമല നടത്തിയ പ്രസ്താവന ശ്രദ്ധേയമാണ് .”ഞാൻ രാഷ്ട്രീയം ഉപേക്ഷിക്കുകയല്ല; മറിച്ച്, തമിഴ്‌നാടിന് വ്യത്യസ്തമായൊരു രാഷ്ട്രീയ ദിശാബോധം ആവശ്യമാണെന്ന് വിശ്വസിക്കുന്നതിനാലാണ് ഞാൻ ഈ സംഘടനയിൽ നിന്ന് വിട്ടുനിൽക്കുന്നത്.” വെറുമൊരു ‘മുൻ ബിജെപി നേതാവ്’ എന്ന ലേബലിൽ ഒതുങ്ങിനിൽക്കുന്നതിനേക്കാൾ എത്രയോ കരുത്തുറ്റതാണ് ഈ നിലപാട്.
ബി.ജെ.പി അധ്യക്ഷൻ എന്ന നിലയിൽ അണ്ണാമലയ്ക്ക് ആ പാർട്ടിയിൽനിന്നും അദ്ദേഹത്തിന് പല ഗുണങ്ങളും ലഭിച്ചിട്ടുണ്ട്. ബി.ജെ.പി. എന്ന ദേശീയ രാഷ്ട്രീയ സംഘടനയുടേയും അതിന്റെ പ്രവർത്തകരുടേയും പിന്തുണ കിട്ടിയിട്ടുണ്ട്. ആ സംഘടനയുടെ ഓഫീസുകൾ തിരഞ്ഞെടുപ്പ് ചിഹ്നം, പതാക എന്നിവ ഉപായോഗപ്പെടുത്തിയിട്ടുണ്ട്. ബിജെപിക്ക് പുറത്ത്, അത്തരം ഘടകങ്ങൾ അദ്ദേഹം സ്വയം കെട്ടിപ്പടുക്കേണ്ടതുണ്ട്. അതുകൊണ്ട് തന്നെ, ‘വി ദ ലീഡേഴ്സ്’ നിരവധി പ്രയാസകരമായ ചോദ്യങ്ങൾക്ക് ഉത്തരം കണ്ടെത്തേണ്ടതുണ്ട്: വ്യക്തി കേന്ദ്രീകൃതമായ മറ്റൊരു പ്രസ്ഥാനമായി മാറാതെ തന്നെ, പരിചയസമ്പന്നരായ രാഷ്ട്രീയ പ്രവർത്തകരെ ആകർഷിക്കാൻ ഇതിന് കഴിയുമോ? വർഷങ്ങളോളം ഈ മുന്നേറ്റത്തിന്റെ ആവേശം നിലനിർത്താൻ ഇതിന് സാധിക്കുമോ? ഗ്രാമീണ തമിഴ്‌നാട്ടിൽ സോഷ്യൽ മീഡിയയിലെ ആവേശത്തെ വോട്ടുകളാക്കി മാറ്റാൻ ഇതിന് കഴിയുമോ?
പ്രതിഛായ
അണ്ണാമലൈ തന്റെ രാഷ്ട്രീയ നിലപാടിൽ ബോധപൂർവ്വം മാറ്റം വരുത്തിയിരിക്കുന്നു. കൗതുകകരമെന്നു പറയട്ടെ, ബിജെപി കാലഘട്ടത്തിൽ തനിക്കുണ്ടായിരുന്ന പ്രതിച്ഛായയേക്കാൾ വിശാലമായ ഒരു രാഷ്ട്രീയ ശൈലിയാണ് ബിജെപിക്ക് ശേഷമുള്ള അദ്ദേഹത്തിന്റെ പ്രവർത്തനങ്ങളിൽ കാണാനാവുന്നത്. ‘വി ദ ലീഡേഴ്സ്’ എന്ന സംഘടനയുടെ ആദ്യ സമ്മേളനത്തിൽ, എല്ലാവരെയും ഉൾക്കൊള്ളുന്ന ഒരു സമീപനത്തിന് അദ്ദേഹം ഊന്നൽ നൽകി. ജാതിയും മതവും ഈ പ്രസ്ഥാനത്തിൽ ആധിപത്യം സ്ഥാപിക്കരുതെന്ന് അദ്ദേഹം വാദിക്കുകയും ചെയ്തു. ജനങ്ങളെ തുല്യരായി കാണുന്നതിനെ അടിസ്ഥാനമാക്കിയുള്ളതാണ് തന്റെ രാഷ്ട്രീയ ദർശനമെന്ന് വ്യക്തമാക്കിയ അദ്ദേഹം, പൊതുസേവനത്തിനും സാമൂഹിക മാറ്റത്തിനും പ്രത്യേക പ്രാധാന്യം നൽകുകയും ചെയ്തു. എങ്കിലും അഴിമതിക്കാരും സ്വജനപക്ഷപാതികളും അധികാരക്കൊതിയന്മാരും നിറഞ്ഞ രാഷ്ട്രീയ ഘോരവനത്തിലെ വന്യജീവികളെ നേരിടാൻ ഈ മുൻ ഐ.പി.എസുകാരന് കഴിയുമോ?

മുഖ്യമന്ത്രി വിജയിയ്ക്ക് പിന്തുണ
തമിഴ്‌നാട് മുഖ്യമന്ത്രി വിജയിയ്ക്ക് തന്റെ പിന്തുണ അണ്ണാമലൈ പ്രഖ്യാപിച്ചക്കത്തോടെ തമിഴ്നാട്ടിൽ അഴിമതി രഹിത, മതേതര ജനാധിപത്യ ശക്തികളുടെ രാഷ്ട്രീയ ധ്രുവീകരണം ആരംഭിക്കുമെന്നു കരുതാം. വിജയ് ഭരണം തമിഴ്‌നാട്ടിൽ ‘അഴിമതി വിരുദ്ധതയുടെ’ പുതു ശ്വാസം കൊണ്ടുവന്നിട്ടുണ്ടെന്ന് അണ്ണാമലൈ അഭിപ്രായപ്പെട്ടുകഴിഞ്ഞു. കൂടാതെ വിജയിക്ക് തന്റെ ചിന്താ പദ്ധതികൾ നടപ്പിലാക്കാൻ ഒരു കൊല്ലത്തെ സമയം നൽകണമെന്ന് അഭ്യർത്‌ഥിക്കുകയും ചെയ്തു. (സ്വന്തം രാഷ്ട്രീയ പാർട്ടി രൂപീകരിക്കാൻ നടൻ രജനീകാന്ത് ഒരിക്കൽ അണ്ണാമലൈയെ സമീപിച്ചെന്നും എന്നാൽ, താൻ ബി.ജെ.പി.യിൽ ചേരാനായി വാക്കുനൽകിപ്പോയെന്ന് പറഞ്ഞ് രജനീകാന്റിന്റെ ദൂതനെ അണ്ണാമല മടക്കിയെന്നും കഥയുണ്ട്. രജനീകാതിന്റെ ഒരു ഹിറ്റ് സിനിമയുടെ പേര് ‘അണ്ണാമലൈ’എന്നാണ്)
ഗുജറാത്ത് മോഡൽ വാദം
“ഗുജറാത്ത് -തമിഴ്‌നാട്” എന്ന വാദം ശക്തമായ ഒന്നാകാമെങ്കിലും, അതിൽ അപകടവുമുണ്ട്. അണ്ണാമലൈ ഉയർത്തുന്ന വിമർശനം, പ്രാദേശിക സ്വയംഭരണാധികാരവും തനിമയും സംരക്ഷിക്കുന്നതിനെക്കുറിച്ച് തമിഴ്‌നാടിനുള്ള ദീർഘകാലമായുള്ള ആശങ്കകളുമായി യോജിച്ചുപോകുന്നതാണ്. എന്നാൽ അദ്ദേഹത്തിന്റെ രാഷ്ട്രീയം പ്രധാനമായും “വടക്ക്-തെക്ക്” എന്ന വൈകാരികമായ തർക്കമായി മാറിയാൽ, ശക്തമായ ഇന്ത്യൻ ദേശീയബോധം പുലർത്തുകയും അതിൽ അഭിമാനം കൊള്ളുകയും ചെയ്യുന്ന വോട്ടർമാരെ അദ്ദേഹത്തിന് നഷ്ടമായേക്കാം. ഐക്യഭാരതവുമായി പൊരുത്തപ്പെടുന്ന രീതിയിൽ പ്രാദേശിക അഭിലാഷങ്ങളെ അവതരിപ്പിക്കേണ്ടതുണ്ട്. ഉയർന്നുവരുന്ന മറ്റ് രാഷ്ട്രീയ ശക്തികളുമായുള്ള അദ്ദേഹത്തിന്റെ ബന്ധം അതീവ നിർണ്ണായകമായിരിക്കും. തമിഴ്‌നാടിന്റെ രാഷ്ട്രീയ ചിത്രം ഇപ്പോൾ കേവലം ഡിഎംകെയും എഐഎഡിഎംകെയും തമ്മിലുള്ള പോരാട്ടം എന്ന നിലയിൽ മാത്രം ഒതുങ്ങിനിൽക്കുന്നതല്ല. നടൻ വിജയ് നേടിയെടുത്ത രാഷ്ട്രീയ അധികാരം ഉദാഹരണം. പുതിയ രാഷ്ട്രീയ കൂട്ടായ്മകളും വ്യക്തികളും, പ്രത്യേകിച്ച് യുവ വോട്ടർമാർക്കിടയിൽ, തങ്ങളുടെ സ്ഥാനം ഉറപ്പിക്കാൻ മത്സരിക്കുന്നുണ്ട്. അതായത്, ഡിഎംകെ വിരുദ്ധരോ ഭരണവിരുദ്ധരോ ആയ എല്ലാ വോട്ടർമാരും സ്വാഭാവികമായും തന്നെ പിന്തുണയ്ക്കുമെന്ന് അണ്ണാമലൈക്ക് കരുതാനാവില്ല. എന്നാൽ കേരളം, തമിഴ്നാട്,കർണാടക, തെലങ്കാന സംസ്ഥാനങ്ങളിൽ അണ്ണാമലയുടെ ‘ഗുജറാത്ത് കമ്പനി’ പരാമർശം പതിറ്റാണ്ടുകളായി ഇവിടങ്ങളിൽ സമാനമായി നിലനിൽക്കുന്ന കേന്ദ്ര അവഗണന എന്ന ബോധത്തെ തൊട്ടുണർത്തിയിട്ടുണ്ട്. കൂടാതെ ‘ദക്ഷിണേന്ത്യൻ അവഗണയെ’പ്പറ്റി ബി.ജെ.പിക്കുള്ളിലും ചർച്ച ആരംഭിച്ചിട്ടുണ്ട്.
ബി.ജെ.പി; അണ്ണാമലൈക്ക് മുൻപും, പിൻപും
തമിഴ്നാട്ടിലെ ബി.ജെ.പി യുടെ ലോക്സഭാ ഇലക്ഷൻ വോട്ട് ശതമാനം 2014 ൽ 5.5% വും, 2019 ൽ 3.62% വും ആയിരുന്നു. എന്നാൽ അണ്ണാമലൈയുടെ നേതൃത്വത്തിൽ ലോക്സഭാ എലക്ഷനെ നേരിട്ട 2024 ൽ വോട്ട് ശതമാനം 11.24% ആയി വർദ്ധിച്ചു. അണ്ണാമലൈ മത്സരിച്ച 2021ൽ ബി.ജെ.പി ക്ക് തമിഴ്നാട് അസംബ്‌ളിയിൽ ചരിത്രത്തിൽ ആദ്യമായി 4 സീറ്റ് (1.തിരുനൽവേലി- നൈയ്‌നാർ നാഗേന്ദ്രൻ, 2. കോയമ്പത്തൂർ- വനതി ശ്രീനിവാസൻ, 3. മൊടക്കുറുച്ചി-ഡോ;സി.സരസ്വതി, 4.എം.ആർ.ഗാന്ധി-നാഗർകോവിൽ) നേടാൻ കഴിഞ്ഞു. അണ്ണാമലൈയുടെ വെള്ളാളർ ഗൗണ്ടർ സമുദായത്തിന്റെ സ്വാധീനശക്തി പടിഞ്ഞാറൻ തമിഴ്‌നാട്ടിലെ കോയമ്പത്തൂർ, ഈറോഡ്, തിരുപ്പൂർ, സേലം, നാമക്കൽ, കാരൂർ എന്നിവിടങ്ങളിലായി നീണ്ടു കിടക്കുന്നു. 4 എം.എൽ.എ മാർ 2021ൽ വിജയിച്ചതും ഈ പ്രദേശത്തുനിന്നാണ് . ഇപ്പോൾ തമിഴ്‌നാട് അസ്സംബ്ലിയിൽ ബി.ജെ.പിക്ക് ആകെ ഒരു സീറ്റ് മാത്രമാണുള്ളത്. ഊട്ടിയിൽ (ഉദകമണ്ഡലം) നിന്നുള്ള എം.ഭോജരാജൻ. ബി.ജെ.പിയുടെ തമിഴ്‌നാട്ടിലെ രാഷ്ട്രീയ ചരിത്രം ഇനി രണ്ടായി തിരിക്കാം. കുപ്പുസ്വാമി അണ്ണാമലൈക്കു മുൻപുള്ള ബി.ജെ.പിയെന്നും, പിൻപുള്ള ബി.ജെ.പിയെന്നും. തന്റെ പഴയ ലാവണത്തിലെ രാഷ്ട്രീയ യജമാനന്മാരെ സ്വന്തം രാഷ്ട്രീയ ഭൂമികയിൽനിന്ന് അണ്ണാമല ചോദ്യം ചെയ്യുമ്പോൾ, ഒരുകാര്യം ഉറപ്പിക്കാം, സിംഹം നാട്ടിലുണ്ട്.
ആർ.ശങ്കർ; ജാതിവെറിയുടെ ഇര ;വായിക്കാം:- https://saltmarchmedia.in/rsankar-history/



