gtag('config', 'G-V5M9MZ23B8');

ജന്ദർ മന്ദറിലേക്കുള്ള വഴികൾ

പൊതുപ്രവർത്തകനായ ഒരു സുഹൃത്തിനെ 2026 ജൂലൈ മാസം കുറച്ചുദിവസങ്ങളിൽ നാട്ടിൽ കണ്ടില്ല. പിന്നീട് കണ്ടുമുട്ടിയപ്പോൾ കുശലാന്വേഷണത്തിനിടയിൽ, എവിടെ ആയിരുന്നു എന്ന് അദ്ദേഹത്തോട് ചോദിച്ചു. ദില്ലിയിൽ പോയിരിക്കുകയായിരുന്നു എന്ന് വർദ്ധിച്ച ആനന്ദത്തോടെ അദ്ദേഹം മറുപടി പറഞ്ഞു. എന്തായിരുന്നു യാത്രാ ലക്‌ഷ്യം എന്ന് ആരാഞ്ഞപ്പോൾ, ജന്ദർ മന്ദറിലെ സമരത്തിൽ പങ്കെടുക്കുവാൻ പോയതായിരുന്നു എന്ന് പറഞ്ഞു. അദ്ദേഹം ഒരു പ്രതിപക്ഷ പാർട്ടിയുടെ കേരളത്തിലെ സജീവ പ്രവർത്തകൻ ആണ്. ഈ ലേഖകൻ സുഹൃത്തിനോട് വീണ്ടും ചോദിച്ചു. ട്രെയിനിൽ സ്ലീപ്പർ ടിക്കറ്റ് കിട്ടിയോ, അതോ ജനറൽ കമ്പാർട്ട്മെന്റിൽ ആയിരുന്നോ യാത്ര? തങ്ങൾ 42 ഓളം കൂട്ടുകാർ കൊച്ചിയിൽനിന്നും വിമാനത്തിലാണ് പോയതെനന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി. ആ സമയങ്ങളിൽ കൊച്ചിയിൽനിന്നും ദില്ലിയിലേക്ക് ഇക്കോണമി ക്ലാസ്സിൽ ഒരു ടിക്കറ്റിന് ശരാശരി 9500/- രൂപയായിരുന്നു നിരക്ക്. അതുപ്രകാരം 42 പേർക്ക് ദില്ലിയിൽ എത്താൻ 3,99.000/- രൂപ വേണം. തിരികെയുള്ള നിരക്ക് കൂടി കൂട്ടിയാൽ അത് 7,98,000/- രൂപ ആകും. ഒരാൾക്ക് ദില്ലിയിൽപോയി തിരികെ എത്തുവാൻ യാത്രാച്ചെലവ് ഇനത്തിൽ മാത്രം 19,000/-രൂപ വേണം. കേരളത്തിൽ താഴേ തട്ടിൽ നേരായ വഴിയിൽ പ്രവർത്തിക്കുന്ന ഒരു രാഷ്ട്രീയ പ്രവർത്തകന് ഇത് ഭീമമായ തുക തന്നെയാണെന്ന് ബോദ്ധ്യമുള്ളതിനാൽ, ഞെട്ടൽ പുറത്തു കാണിക്കാതെ വീണ്ടും സുഹൃത്തിനോടു ചോദിച്ചു. പണം എവിടെനിന്നും സംഘടിപ്പിച്ചു? അതിന് കൃത്യമായ മറുപടി നൽകാതെ അർത്ഥഗർഭമായ ഒരു ചിരിമാത്രം സമ്മാനിച്ച് അദ്ദേഹം പോയി.

Thank you for reading this post, don't forget to subscribe!

പ്രഫഷണൽ കോഴ്സ് പ്രവേശനത്തിനുള്ള പരീക്ഷാ പേപ്പർ ചോർന്നതുമായി ബന്ധപ്പെട്ട് ദില്ലിയിൽ ഒരു സംഘടന നടത്തിതായിരുന്നു മേൽപ്പറഞ്ഞ സമരം. ആ സംഘടനയുടെ പ്രത്യയശാസ്ത്ര ബന്ധങ്ങളോ ഉദ്ദേശ ലക്ഷ്യങ്ങളോ ഇനിയും വെളിപ്പെടുത്താനിരിക്കുന്നതെ ഉള്ളു. എന്നാൽ കേരളത്തിൽനിന്നും പോയ സുഹൃത്തുക്കൾക്ക് വ്യക്തമായ പ്രത്യയശാസ്ത്ര അടിത്തറയും അതിന് അനുസരിച്ച് പ്രവർത്തിക്കുന്ന സംഘടനയിലെ സജീവ അംഗങ്ങളുമായിരുന്നു ആയിരുന്നു അവർ. മുൻകാലങ്ങളിലൊന്നും കണ്ടിട്ടില്ലാത്ത ഒരു പുതിയ രാഷ്ട്രീയ പ്രവണതയാണ് ജന്ദർ മന്ദറിൽ 2026 ജൂലായ് മാസത്തിൽ ഉദ്ഘാടനം ചെയ്യപ്പെട്ടത്. രാഷ്ട്രീയമായോ പ്രത്യയശാസ്ത്രപരമായോ യാതൊരു ബന്ധവുമില്ലാത്ത ഒരു സംഘടന നടത്തുന്ന സമരത്തിൽ നുഴഞ്ഞു കയറി പങ്കെടുക്കുക. അതും ഫ്‌ളൈറ്റിൽ സംഘമായിചെന്ന് മറ്റൊരു സംഘടനയുടെ പരിപാടിയിൽ അണിചേരുക. ഒരുതരം രാഷ്ട്രീയ ഫാൻസി ഡ്രസ്സ് (പ്രച്ഛന്ന വേഷം). ഇവരുടെ ഭാരിച്ച വിമാന യാത്രാക്കൂലി, ഭക്ഷണ ചെലവ്, മുറിവാടക ഇവയെല്ലാം ആരാണ് സ്പോൺസർ ചെയ്തത്. അന്നന്നത്തെ ജീവിതം വളരെ ബുദ്ധിമുട്ടി തള്ളിവിടുന്ന നമ്മുടെ സുഹൃത്തുക്കളെപോലെയുള്ള രാഷ്രീയ പ്രവർത്തകരെ അടിയന്തിരമായി ദില്ലിയിൽ എത്തിച്ച രാഷ്ട്രീയ ബുദ്ധി ആരുടേതായിരുന്നു. അത്തരം ഒരു അടിയന്തിര രാഷ്ട്രീയ പ്രതിസന്ധി ഇന്ത്യയിൽ ഉണ്ടായിരുന്നോ. തിരശ്ശീലക്കു പിന്നിൽ അപ്പോൾ ആരോ കളിക്കുന്നുണ്ടെന്ന് ന്യായമായും സംശയിക്കാം.(സംഘടിക്കലും സമരംചെയ്യലും പൗരന്റെ ഭരണാഘടനാ സ്വാതന്ത്ര്യമെങ്കിൽ തീർച്ചയായും സംശയിക്കാനും അവകാശമുണ്ട് ).

ഇവയെല്ലാം കാണുമ്പോൾ ഫ്രെഡ്രിക് ലൂയിസ് ഡൊണാൾഡ്‌സൺ എന്ന പുരോഹിതൻ അവതരിപ്പിച്ച പ്രഖ്യാതമായ ഏഴ് തിന്മകളെക്കുറിച്ച് ഓർമ്മവരുന്നു. അവ ഇങ്ങനെയാണ് ;-

1. സ്വന്തം അദ്ധ്വാനം ഇല്ലാതെയുള്ള ധനസമ്പാദനം.

2. മനസ്സാക്ഷി ഇല്ലാത്ത ആനന്ദം.

3. സദ്സ്വഭാവം രൂപീകരിക്കാൻ ഉപകരിക്കാത്ത വിജ്ഞാനം.

4. ധാർമികതയില്ലാത്ത വ്യാപാരം.

5. മാനുഷ്യത്വം ഇല്ലാത്ത ശാസ്ത്രം.

6. ത്യാഗ മനോഭാവം ഇല്ലാത്ത മതം.

7. ആദർശ വിശുദ്ധി ഇല്ലാത്ത രാഷ്ട്രീയം.

മഹാത്‌മാ ഗാന്ധി പല അവസരങ്ങളും ഈ ഏഴു തിന്മകളെപ്പറ്റി പ്രതിപാദിച്ചിട്ടുണ്ട്. (ഇത് ഗാന്ധിജിയുടെ ആശയങ്ങളായി പലരും തെറ്റിദ്ധരിച്ചിട്ടുമുണ്ട്). മുകളിൽ പറഞ്ഞ ഏഴു തിന്മകളിൽ ആറെണ്ണം ഈ ലേഖനത്തിന്റെ ചർച്ചാ വിഷയം അല്ല. രാഷ്ട്രീയത്തിലെ ആദർശമാണ് ചിന്താ വിഷയം. നാസിസം, ഫാസിസം, മാർക്സിസം, ലിബറലിസം, ഗാന്ധിസം, സോഷ്യലിസം, അനാർക്കിസം തുടങ്ങിയ രാഷ്ട്രീയ പദങ്ങൾ പ്രത്യയശാസ്ത്ര രാഷ്ട്രീയവുമായി ബന്ധപ്പെട്ടവയാണ്. ഇവയിൽ ഗാന്ധിസം ഒഴികെയുള്ളവ പലകാലങ്ങളിൽ, പലനാടുകളിൽ പരീക്ഷിക്കപ്പെട്ടവയാണ്. ഇവ കൂടാതെ മതത്തെ അടിസ്ഥാനാമാക്കിയുള്ള രാഷ്ടതന്ത്രവും രൂപപ്പെട്ടു. ദൗർഭാഗ്യവശാൽ ലോകത്ത് എങ്ങുംതന്നെ പരീക്ഷിക്കപ്പെടാതെപോയ രാഷ്ട്രീയ പ്രത്യയ ശാസ്ത്രമാണ് ഗാന്ധിസം. പിറന്ന മണ്ണിൽപോലും പരീക്ഷിക്കപ്പെട്ടില്ല. മാത്രമല്ല ഗാന്ധിസം എന്ന പദപ്രയോഗത്തെ മഹാത്മാ ഗാന്ധി തന്നെ തള്ളിക്കളഞ്ഞിട്ടുണ്ട്. ഇതേപ്പറ്റി ആരാഞ്ഞവരോട്, “സത്യത്തിലൂടെയും അഹിംസയിലൂടെയും “സ്വരാജ് ” നേടുകയല്ലാതെ, എന്താണ് ഗാന്ധിസം?” എന്ന മറുചോദ്യമായിരുന്നു അദ്ദേഹത്തിന്റെ മറുപടി. എങ്കിലും ലക്‌ഷ്യംപോലെ തന്നെ മാർഗ്ഗവും സംശുദ്ധമായിരിക്കണമെന്നും സത്യവും അഹിംസയുമാണ് തന്റെ ദൈവങ്ങൾ എന്നും ഒരുജീവിതകാലം മുഴുവൻ ഉരുവിട്ട അദ്ദേഹത്തിന്റെ ചിന്താധാരയുടെ സ്വാധീനം ഇന്ത്യൻ രാഷ്ട്രീയത്തിന്റെ ചാലകശക്തി തന്നെ ആയിരുന്നു. സ്വതന്ത്ര ഇന്ത്യയുടെ അധികാരം പങ്കിട്ടവരിലും പ്രതിപക്ഷത്ത് ഇരുന്നവരിലും അതിന്റെ അലയൊലികൾ കുറച്ചുകാലമെങ്കിലും പ്രകടമായിരുന്നു. ജനാധിപത്യ മൂല്യങ്ങൾ ഉയർത്തിപ്പിടിക്കുവാൻ അവർ ശ്രമിച്ചിരുന്നു. അക്രമത്തെയും കുതിരക്കച്ചവടത്തിലൂടെയും എങ്ങനെയും അധികാരം നേടുന്നതിനെയും അവർ എതിർത്തിരുന്നു.

എന്നാൽ 1957ൽ ജനാധിപത്യ മാർഗ്ഗത്തിലൂടെ കേരളത്തിൽ ആദ്യമായി അധികാരത്തിൽ വന്ന ഇ.എം.എസ് സർക്കാരിനെ കാലാവധി തികയുംമുമ്പ് പിരിച്ച് വിട്ടതിലൂടെ ഇന്ത്യൻ രാഷ്ട്രീയത്തിൽ ഗാന്ധിയൻ രാഷ്ട്രീയത്തിന്റെ വിശുദ്ധി ചോദ്യം ചെയ്യപ്പെട്ടു തുടങ്ങി. ജാതി-മത-രാഷ്ട്രീയ സംഘടനകൾക്കുപുറമെ ഏതാനും തോട്ടം ഉടമകളും ഭുപ്രഭുക്കളും സമ്പന്നവർഗ്ഗവും തെരുവിൽ ഇറങ്ങി ‘ജനാധിപത്യത്തെ’ തോൽപ്പിക്കുകയായിരുന്നു. പിന്നീട് കേന്ദ്രത്തിൽ ജനതാ പാർട്ടി അധികാരം നേടിയപ്പോൾ 1977 ഏപ്രിൽ 29, 30 തീയതികളിലായി മദ്ധ്യപ്രദേശ്, രാജസ്ഥാൻ, ബിഹാർ, ഹരിയാന, ഹിമാചൽ പ്രദേശ്, ഒറീസ്സ, പഞ്ചാബ്, ഉത്തർപ്രദേശ് എന്നീ എട്ടു സംസ്ഥാന സർക്കാരുകളെ കാലാവധി തികയ്ക്കും മുൻപ് ഒറ്റയടിക്ക് പിരിച്ചുവിട്ടു. തെരുവിൽ അക്രമം അഴിച്ചുവിട്ടതിനു സമാനമായി അധികാരത്തിൽ ഇരുന്നവർ ഇരുന്നവർ കാട്ടിയ രാഷ്ട്രീയ അക്രമമായിരുന്നു അത്. പിരിച്ചുവിടപ്പെട്ടതെല്ലാം കൊൺഗ്രസ്സ് സർക്കാരുകൾ ആയിരുന്നു. ഇതിനു പ്രതികാരമായി 1980ൽ ഇന്ദിരാ ഗാന്ധി ഒൻപത് കോൺഗ്രസ്സ് ഇതര സർക്കാരുകളെ പിരിച്ചുവിട്ടു. രാജസ്ഥാൻ, ബിഹാർ, ഗുജറാത്ത്, മഹാരാഷ്ട്ര, ഒറീസ്സ, പഞ്ചാബ്, തമിഴ്‌നാട്, ഉത്തർപ്രദേശ്, മധ്യപ്രദേശ് എന്നിവയായിരുന്നു രാഷ്ട്രീയ വൈരത്തിന് പാത്രമായ ഭരണകൂടങ്ങൾ. ഒരു രാജ്യത്തെ മുതിർന്ന പൗരന്മാർ തെരഞ്ഞെടുപ്പിലൂടെ ഒരു നിശ്ചിത കാലയളവിലേക്ക് അധികാരത്തിൽ ഏറ്റുന്ന സർക്കാരുകളെ രാഷ്ട്രീയവും കായികവും സാമ്പത്തികവുമായ ശക്തി ഉപയോഗിച്ച് അസ്ഥിരപ്പെടുത്താനും കരിവാരിതേക്കാനും ശ്രമിക്കുന്നത് ജനാധിപത്യ സംവിധാനത്തെ ദുർബ്ബലപ്പെടുത്താനേ ഉപകരിക്കുകയുള്ളൂ. ഈ പ്രവണത വർധിച്ചു വരുന്നു എന്നതിന്റെ അവസാന ഉദാഹരണമാണ് 2026 ലെ ജന്ദർ മന്ദരിൽ കണ്ടത്.

കേന്ദ്ര സർക്കാരുകൾക്കെതിരെ മുൻപും സമരങ്ങൾ നടന്നിട്ടുണ്ട്.1965 ൽ തമിഴ്‌നാട്ടിൽ നടന്ന ഹിന്ദി വിരുദ്ധ സമരം, 1960 ലെ പോസ്റ്റൽ-ടെലിഗ്രാഫ് ജീവനക്കാരുടെ സമരം, 1974 മേയിൽ ജോർജ്ജ് ഫെർണാണ്ടസിന്റെ നേതൃത്വത്തിൽ കേന്ദ്ര സർക്കാരിനെതിരെ നടന്ന 20 ദിവസം നീണ്ട റെയിൽവേ സമരം,

1974 നവംബർ നാലിന് ജയപ്രകാശ് നാരായണന്റെ നേതൃത്വത്തിൽ ബിഹാറിൽ നടന്ന സമ്പൂർണ ക്രാന്തി സമരം, 1982 ലെ ദത്താ സാമന്തിന്റെ മുംബൈ ടെക്‌സ്റ്റൈൽ തൊഴിലാളി സമരം, 1991 നവംബർ, 2019 ജനുവരി, 2020 ജനുവരി , നവംബർ, 2022 മാർച്ച്, 2026 ഫെബ്രുവരി മാസങ്ങളിലായി ട്രേഡ് യൂണിയനുകൾ സംഘടിപ്പിച്ച തൊഴിലാളി സമരങ്ങൾ, 2020-2021 ലെയും 2024 ലെയും കർഷക സമരങ്ങൾ, അവയ്ക്കൊക്കെ വ്യക്തമായ രാഷ്ട്രീയ കാരണങ്ങളും ലക്ഷ്യങ്ങളും ഉണ്ടായിരുന്നു. എന്നുമാത്രമല്ല അതേ സംഘടനയിലേയോ സമാന ആശയങ്ങൾ പേറുന്ന സഹോദര സംഘടനകളിലെയോ അംഗങ്ങൾ മാത്രമേ സമരത്തിൽ അണിചേർന്നിരുന്നുള്ളു.

എന്തായാലും സർക്കാരിന് എതിരല്ലേ എന്നാൽ നമ്മളും കൂടിയേക്കാം എന്നചിന്തയോടെ പ്രച്ഛന്ന വേഷക്കാർ വിമാനംപിടിച്ച് അത്തരം സമരങ്ങളിൽ നുഴഞ്ഞുകയറിയിരുന്നില്ല. അത്തരക്കാരെ അകറ്റി നിർത്തുവാനുള്ള നിതാന്ത ജാഗ്രതയും, രാഷ്ട്രീയ സത്യസന്ധതയും മുൻകാല രാഷ്ട്രീയ നേതാക്കൾ പുലർത്തിയിരുന്നു. ഏറെക്കുറെ ആദർശ രാഷ്ട്രീയത്തിന്റെ വ്യക്താക്കളായിരുന്നു അവരെല്ലാം. അരാഷ്ട്രീയ വാദികൾക്ക് സമരവേദികളിൽ സ്ഥാനമില്ലായിരുന്നു.

2011 ഏപ്രിൽ അഞ്ചിന് അണ്ണാ ഹസാരെ ജന്തർ മന്ദറിൽ നടത്തിയ സമരത്തോടെ ഗതി മാറി. 12 കൊല്ലം ഇന്ത്യൻ പട്ടാളത്തിൽ ട്രക്ക് ഡ്രൈവർ ആയിരുന്ന അദ്ദേഹം തന്റെ ഗ്രാമത്തിൽ നടത്തിയ ചില സാമൂഹിക പ്രവർത്തനങ്ങളിലൂടെ മാധ്യമ ശ്രദ്ധയും പദ്മ ബഹുമതികളും നേടിയിരുന്നു . ഒരു രാഷ്ട്രീയ കക്ഷിയിലും അംഗമായിരുന്നില്ല അദ്ദേഹം. ഒരു സുപ്രഭാതത്തിൽ മഹാരാഷ്ട്രയിൽ നിന്നും അദ്ദേഹം ന്യൂ ഡൽഹിയിൽ ഇറങ്ങി കോണാട്ട് പ്ളേസിനു സമീപം ജന്തർ മന്ദറിൽ സമരം ആരംഭിക്കുകയായിരുന്നു. ഇന്ത്യയിലെ ഉദ്യോഗസ്ഥ അഴിമതിക്ക് കാരണം ലോക്പാൽ ലോകായുക്ത നിയമങ്ങൾ നടപ്പാക്കാത്തതാണെന്നും, അത് ഉടൻ നടപ്പാക്കണം എന്നാവശ്യപ്പെട്ടുകൊണ്ടുമായിരുന്നു പരിപാടി. സത്യസന്ധരിൽ സത്യസന്ധനും, സാമ്പത്തിക വിദഗ്ധനും, വിദേശ സർവ്വകലാ ശാലകളിലെ സാമ്പത്തികശാസ്ത്ര അദ്ധ്യാപകനും ആയിരുന്ന സാക്ഷാൽ ഡോ; മൻമോഹൻ സിങ് ഇന്ത്യയുടെ പ്രധാനമന്ത്രി ആയിരിക്കുമ്പോൾ ആയിരുന്നു ഇത്. 1991 ൽ ധനമന്ത്രി ആയിരിക്കെ ഉദാരവൽക്കരണ നയങ്ങൾ നടപ്പാക്കി ഇന്ത്യയിൽ സാമ്പത്തിക വിപ്ലവത്തിന് തുടക്കം കുറിച്ചതും അദ്ദേഹമായിരുന്നു. അഴിമതിയുടെ വേറുകൾ അറുക്കാൻ 2005 ൽ ഇന്ത്യയിൽ വിവരാവകാശ നിയമം നടപ്പാക്കിയതും അദ്ദേഹമായിരുന്നു. ആ മൻമോഹൻ സിങ്ങിനെതിരെ വിചിത്രമായ ഒരു കാര്യം ഉന്നയിച്ച് പെട്ടെന്ന് ഒരാൾ സമരം നടത്തിയതിനെ സംശയ ദൃഷ്ടിയോടെ കണ്ട നിരവധിപേർ അന്ന് ഉണ്ടായിരുന്നു. ഇതിനുപിന്നിൽ സ്‌പോൺസർമാർ ഉണ്ടെന്നും രാഷ്ട്രീയ ലക്ഷ്യമാണ് സമരത്തിന് പിന്നിലെന്നും ആരോപണം ഉയർന്നിരുന്നു. അരവിന്ദ് കെജരിവാൾ, മനീഷ് സിസോദിയ തുടങ്ങിയ ചില മുഖങ്ങൾ ആദ്യമായി ഹസാരെക്ക് പിന്നിൽ മിന്നിമറയുന്നത് കണ്ടു. അനാവശ്യമായ പ്രാധാന്യമാണ് മാധ്യമങ്ങൾ നൽകിയത്. അരാഷ്ട്രീയരായ ഒരുപാടുപേർ കേരളം ഉൾപ്പെടെ ഇന്ത്യയുടെ വിവിധ ഭാഗങ്ങളിൽ നിന്നും ജന്ദർ മന്ദറിലേക്ക് പിന്തുണയുമായി വണ്ടികയറി. ഹസാരെയുടെ സമരം ഇന്ത്യയിൽ അഴിമതി തുടച്ചുമാറ്റുമെന്ന് ആ സ്വപ്നജീവികൾ വൃഥാ കരുതി. എന്നാൽ അരവിന്ദ് കെജ്രിവാൾ ദൽഹി മുഖ്യമന്ത്രിയും മനീഷ് സിസോദിയ ഉപമുഖ്യമന്ത്രിയുമായി അധികാരത്തിന്റെ ഇടനാഴികൾ താണ്ടുന്നതാണ് പിന്നീട് നാം കാണുന്നത്. അഴിമതിക്കെതിരെ സമരം സംഘടിപ്പിച്ചവർ ഒടുവിൽ മദ്യ കോഴക്കേസിൽ ജയിലിൽ ആകുന്നതും കാണേണ്ടി വന്നു.

ആ സമരത്തിനുശേഷം വീണ്ടും 2026 ജൂൺ ആറിനാണ് ജന്ദർ മന്ദർ സമരവേദി ആകുന്നത്. പ്രത്യയശാസ്ത്ര അടിത്തറ ഏതെന്നോ തങ്ങളുടെ ഉദ്ദേശ ലക്ഷ്യങ്ങൾ എന്തെന്നോ ഇതുവരെ വെളിപ്പെടുത്തിയിട്ടില്ലാത്ത ഒരു സംഘടന സമരം ആരംഭിച്ചു. ലഡാക്കിൽ സ്വന്തം വിദ്യാഭാസ സ്ഥാപനം നടത്തുന്ന സോനം വാങ്‌ച്ക് കൂടി കൂടിയതോടെ മാധ്യമങ്ങളും ഉഷാറായി . പ്രൊഫഷണൽ കോഴ്സ് പ്രവേശന പരീക്ഷയുടെ (നീറ്റ്-യുജി) ചോദ്യപേപ്പർ ചോർച്ചയായിരുന്നു വിഷയം. (2026 മെയ് മൂന്നിന് നടക്കാനിരുന്ന പരീക്ഷയുടെ ചോദ്യപേപ്പർ ചോർന്നതായി സംശയം ഉയർന്നതിനെ തുടർന്ന് പരീക്ഷമാറ്റി വെയ്ക്കുകയും പിന്നീട് ജൂൺ 21 ന് പരീക്ഷ നടത്തുകയും ചെയ്തു. 2026 ജൂലൈ 16ന് പരീക്ഷയുടെ ഫലം പ്രഖ്യാപിച്ചു. ഇതുസംബന്ധിച്ച് 2026 മെയ് 12 ന് സി.ബി.ഐ.കേസ് രജിസ്റ്റർ ചെയ്തു. 2026 മെയ് 27 വരെ 3 പ്രതികളെ സി.ബി.ഐ.അറസ്റ് ചെയ്തു. അവർ ജയിലിലുമാണ്.).

ഈ സമരത്തിൽ പങ്കെടുക്കാൻ ആണ് തുടക്കത്തിൽ സൂചിപ്പിച്ച സുഹൃത്തും സംഘവും പോയത്. അവർ പിന്തുണയുമായി പോയതാണെങ്കിൽ നന്ന്. എന്നാൽ വിമാനയാത്രക്കുള്ള പണം മുടക്കിയാതാര് ? ഇത്തരം സമരങ്ങൾക്ക് വൻതോതിൽ ഫണ്ട് ഒഴുകുന്നുവെന്ന് നേരത്തെമുതൽ ആരോപണം ഉണ്ട്. എങ്കിൽ പണം മുടക്കിയവരുടെ ലക്ഷ്യമെന്ത് ? സ്വദേശത്തുള്ളവരാണോ വിദേശികളാണോ ഈ സാമ്പത്തിക സ്രോതസ്സിന്റെ ഉറവിടം. സമരകാലത്ത് സമൂഹ മാധ്യമങ്ങളിലൂടെ വാർത്ത പ്രചരിപ്പിക്കുന്നതിനും ഏജൻസികളെ നിയോഗിച്ചിരുന്നതായി കണ്ടെത്തലുകൾ ഉണ്ട്. ചില സോഷ്യൽ മീഡിയ പോസ്റ്റുകൾ വ്യാജമാണെന്ന് ദില്ലി പോലീസ് കണ്ടെത്തിയിരുന്നു. സമൂഹ മാധ്യമങ്ങളിൽ വാർത്ത ചമയ്ക്കുന്നവർക്കും പ്രതിഫലം നൽകേണ്ടതുണ്ട്. ഇവിടെയാണ് പൊളിറ്റിക്കൽ സയൻസിൽ വിവരിക്കുന്ന സമ്മർദ്ദ ഗ്രൂപ്പുകളുടെ (Pressure Groups) പ്രസക്തി. ഒരു ജനാധിപത്യ രാഷ്ട സംവിധാനത്തിൽ എല്ലായിടത്തും സമ്മർദ്ദ ഗ്രൂപ്പുകൾ സജ്ജീവമാണ്. ശമ്പളം കൂട്ടി ചോദിക്കുന്ന ഒരു അദ്ധ്യാപക സംഘടന, നികുതി ഇളവുകൾ ആവശ്യപ്പെട്ട് സമരം ചെയ്യുന്ന വ്യവസായികളുടെ സംഘടന, കൂടുതൽ സ്‌കൂളും കോളേജും ചോദിക്കുന്ന ജാതി സംഘടന, പെട്ടെന്നുള്ള ഒരു പ്രകൃതി ദുരന്തം അല്ലെങ്കിൽ ചോദ്യപേപ്പർ ചോർച്ച പോലെയുള്ള ഒരു സംഭവത്തെ തുടർന്ന് സർക്കാരിനെതിരെ സമരവുമായി ഇറങ്ങുന്നവർ ഇവയെല്ലാം സമ്മർദ്ദ ഗ്രൂപ്പുകൾ ആണ്. എന്നാൽ ഇവയുടെ പ്രവർത്തന രീതികൾ ഒരുപോലെ അല്ല. പെട്ടെന്ന് രൂപപ്പെടുമെന്ന സംഘങ്ങൾക്ക് പ്രത്യാശാസ്ത്രപരമായ യാതൊരു അടിത്തറയും കാണുകയില്ല. കേവലം ഭരണകൂടത്തോടുള്ള താൽക്കാലിക വിദ്വേഷമോ പ്രതികാരമോ കൊണ്ടാകും ഇത്തരം ഗ്രൂപ്പുകൾ രൂപപ്പെടുന്നത്. വെറുപ്പിന്റെ രാഷ്ട്രീയം കൈകാര്യം ചെയ്യുന്ന അവയിലേക്ക് ബാഹ്യശക്തികൾക്ക് നുഴഞ്ഞുകയറുവാൻ വളരെ എളുപ്പമായിരിക്കും. വൈകാരിക വിക്ഷോഭത്തിന്റെ പിടിയിൽ അകപ്പെട്ട വ്യക്തിക്കും സംഘടനക്കും ചിന്താശേഷി നഷ്ടമായിരിക്കും. അതോടെ ആൾക്കൂട്ടത്തിന് അക്രമവാസനകൂടുകയും ചെയ്യും. ഈ തക്കം പാർത്ത് അക്രമത്തിന്റെ മൂർച്ഛകൂട്ടുവാനായി ബാഹ്യശക്തികൾ ആൾക്കൂട്ടത്തിലേക്കു നുഴഞ്ഞു കയറുകയും തങ്ങൾ ഉദ്ദേശിച്ച ലക്ഷ്യത്തിലേക്ക് ആൾക്കൂട്ടത്തെ വഴിതിരിച്ചുവിടുകയും ചെയ്യും. വിഘടന വാദികൾ, മദ്യം-മയക്കുമരുന്ന് മാഫിയകൾ, കള്ളപ്പണക്കാർ, അഴിമതിക്കാരായ ബ്യൂറോക്രാട്ടുകൾ, സർക്കാർ നടപടിമൂലം മുറിവേറ്റ വ്യാപാര പ്രമുഖർ, വിദേശ ശക്തികൾ എന്നിവരോ ഇതിനായി അവർ വാടകക്കെടുത്തവരോ നുഴഞ്ഞുകയറ്റക്കാരായിമാറാം. അവരുടെ ഏക ശ്രദ്ധ കലാപമുണ്ടാക്കി രാജ്യത്തെ അപകടത്തിൽ ആക്കുകയോ അപ്പോൾ നിലവിലുള്ള സർക്കാരിനെ ദുർബ്ബലപ്പെടുത്തുക എന്നതായിരിക്കും. അത് കൊണ്ടാണ് തട്ടിക്കൂട്ട് സംഘടനാ സമരങ്ങളെ സംശയത്തോടെയും ആശങ്കയോടെയും വീക്ഷിക്കുന്നത്. ആദർശ വിശുദ്ധിയില്ലാത്ത രാഷ്ട്രീയക്കാർ ജന്ദർ മന്ദറിലെ വഴികളിൽ നിറയുകയാണോ ?

സോനം വാൻചക്, മടിയിൽ കനമുണ്ടോ? വായിക്കാൻ ചിത്രത്തിൽ ക്ളിക് ചെയ്യുക

2 thoughts on “ജന്ദർ മന്ദറിലേക്കുള്ള വഴികൾ

  1. Pingback: R,Sankar

Leave a Reply

Your email address will not be published. Required fields are marked *