
എല്ലാവരും ഉണ്ട്, എങ്കിലും തനിച്ചാണ്. ജീവിതത്തിൽ ഒരിക്കലെങ്കിലും ഇത്തരം ഒരു തോന്നലിലൂടെ കടന്നു പോകാത്തവർ വിരളമായിരിക്കും. ഇന്ന് മനുഷ്യരാശി നേരിടുന്ന ഏറ്റവും നിശ്ശബ്ദ പ്രതിസന്ധികളിലൊന്നാണ് ഏകാന്തത അഥവാ ഒറ്റപ്പെടൽ. ആൾക്കൂട്ടങ്ങൾക്കിടയിലും നാം ഉള്ളിൽ ഒറ്റപ്പെട്ടവരായി ജീവിക്കുന്നു.സംസാരിക്കാൻ ആളുകളുണ്ടെങ്കിലും മനസ്സ് തുറക്കാൻ ഒരാൾ പോലും ഇല്ലാത്ത അവസ്ഥ വേദനാജനകമാണ്. ഏകാന്തത ഒരു വ്യക്തിയുടെ മാത്രം പ്രശ്നമല്ല, സമൂഹത്തിന്റെ ആരോഗ്യത്തെയും ബാധിക്കുന്ന വിഷയമാണ്.
Thank you for reading this post, don't forget to subscribe!കുടുംബബന്ധങ്ങളുടെയും സൗഹൃദങ്ങളുടെയും സാമൂഹിക ഇടപെടലുകളുടെയും കുറവ് ഇതിനെ കൂടുതൽ രൂക്ഷമാക്കുന്നു. നീണ്ടുനിൽക്കുന്ന ഏകാന്തത മനുഷ്യന്റെ മാനസികവും ശാരീരികവുമായ ക്ഷേമത്തെ ബാധിക്കാം. വിവര സാങ്കേതികവിദ്യ മനുഷ്യരെ കൂടുതൽ അടുപ്പിച്ചെങ്കിലും, ഹൃദയങ്ങൾ തമ്മിലുള്ള അകലം വർദ്ധിച്ചിരിക്കുന്നു. അതുകൊണ്ടുതന്നെ ഏകാന്തതയെ ഒരു വ്യക്തിപരമായ ദൗർബ്ബല്യമായി കാണാതെ സാമൂഹിക പ്രതിസന്ധിയായി കാണേണ്ടതുണ്ട്.
പുതിയ മന്ത്രി, വകുപ്പ് ഒറ്റപ്പെടൽ

ഒറ്റപ്പെടൽ അല്ലെങ്കിൽ ഏകാന്തത എന്നത് തികച്ചും വ്യക്തിപരമായ കാര്യമല്ലേ? എന്തിനാണ് അതിനായി ഒരു പ്രത്യേക വകുപ്പും മന്ത്രിയും എന്ന് ചോദിക്കാൻ വരട്ടെ. ലോകത്ത് രണ്ടു രാജ്യങ്ങൾ ഇതിനായി പ്രത്യകം മന്ത്രിമാരെ നിയോഗിച്ചിട്ടുണ്ട്. ജനാധിപത്യ വ്യവസ്ഥയുടെ ആണിക്കല്ലാണ് വ്യക്തി. വ്യക്തി അഥവാ പൗരൻ ഇല്ലെങ്കിൽ സമൂഹമില്ല. ഒരു വ്യക്തിയുടെ ശാരീരികവും സാമ്പത്തികവും മാനസികവുമായ പ്രതിസന്ധികൾ മറ്റു വ്യക്തികളിലേക്ക് വ്യാപിക്കുമ്പോഴാണ് അതൊരു സാമൂഹിക പ്രതിസന്ധിയായി മാറുന്നത്. ഭരണകൂടങ്ങൾക്ക് ഇത് കണ്ടില്ലെന്നു നടിക്കാനാവില്ല. വിഷയത്തിന്റെ വ്യാപ്തി വർദ്ധിക്കുമ്പോൾ അതിനെ നേരിടാൻ പ്രശ്ന നിവാരണ മാർഗ്ഗങ്ങൾ ഗവണ്മെന്റുകൾ സ്വീകരിക്കും. ഒറ്റപ്പെടലിനെ തികച്ചും വ്യക്തിപരമായ വിഷയമായി നാം അവഗണിച്ചിച്ചിരുന്നു. എന്നാൽ 2015 മുതൽ പാശ്ചാത്യ രാജ്യങ്ങൾ ഇതേപ്പറ്റി ഗവേഷണം ആരംഭിച്ചതോടെയാണ് അതൊരു സാമൂഹിക പ്രശ്നമായി ഉരുത്തിരിഞ്ഞത്. അമേരിക്ക, യു.കെ, ജപ്പാൻ, ന്യൂസിലാൻഡ് ,ആസ്ട്രേലിയ തുടങ്ങിയ രാജ്യങ്ങളിൽ മനശ്ശാസ്ത്രജ്ഞരും വൈദ്യശാത്രജ്ഞരും സാമൂഹിക ശാത്രജ്ഞരും ഒരുപോലെ ഇതുസംബന്ധിച്ച് പഠനങ്ങൾ നടത്തുകയും പ്രബന്ധങ്ങൾ പ്രസിദ്ധീകരിക്കുകയും ചെയ്തിട്ടുണ്ട്.

ഒറ്റപ്പെടൽ, ഏകാന്തത, ഒറ്റപ്പെടുത്തൽ
ഒറ്റപ്പെടൽ എന്ന മലയാള പദത്തിന് പകരംവെയ്ക്കാൻ “ലോൺലിനെസ്സ് “(Loneliness) എന്ന പദമാണ് അനുയോജ്യം. വേണ്ടപ്പെട്ടവരിൽനിന്ന് മാനസികമായോ ശാരീരികമായോ ആയി വേർപിരിയേണ്ടിവരുന്ന ഒരു വ്യക്തിയുടെ മാനസികാവസ്ഥ ആണ് അത്. എന്നാൽ ഐസൊലേഷൻ (Isolation), സോലിറ്റ്യൂഡ് (Solitude), എലിയനേഷൻ (Alienation)എന്നീ പദങ്ങൾ സമാനമായി തോന്നാം എങ്കിലും ഇവ തമ്മിൽ അർത്ഥ വ്യത്യാസമുണ്ട്. ഒരാൾ മറ്റുള്ളവരിൽനിന്ന് ശാരീരികമായി വേർപെടുന്നതിനെ ഐസോലേഷൻ എന്നും അയാൾ മനഃശ്ശാന്തി ആഗ്രഹിച്ച് സ്വന്തം താൽപ്പര്യപ്രകാരം മറ്റുള്ളവരിൽ നിന്ന് അകന്നു ജീവിക്കുന്നതിനെ സോളിറ്റ്യൂഡ് എന്നും അയാളെ സമൂഹമോ കുടുംബമോ സംഘടനയോ കരുതിക്കൂട്ടി അകറ്റിനിർത്തുന്നതിനെ എലിയനേഷൻ എന്നും സാമാന്യമായി പറയാം.
ഒറ്റപ്പെടൽ എന്ന സാമൂഹികപ്രശ്നം
പ്രായമായവരെ മാത്രം ബാധിക്കുന്ന ഒരു അവസ്ഥയാണ് ഇതെന്ന മുൻകാല ധാരണ ഇപ്പോൾ തിരുത്തപ്പെട്ടിരിക്കുകയാണ്. യു.കെ. ഗവണ്മെന്റിന്റെ ഓഫീസ് ഫോർ നാഷണൽ സ്റ്റാറ്റിറ്റിക്സ് നടത്തിയ പഠനത്തിൽ യുവാക്കൾ, നവ ദമ്പതികൾ, പല കാരണങ്ങളാൽ സ്വന്തം കുടുംബവുമായുള്ളബന്ധം നഷ്ടപ്പെട്ടവർ, വിദേശ രാജ്യങ്ങളിൽ ജോലിക്കോ ഉപരിപഠനത്തിനോ പോയവർ എന്നിവരെല്ലാം ഇതിൽ ഉൾപ്പെടുമെന്ന് കണ്ടെത്തിയിട്ടുണ്ട്. സമൂഹത്തിലെ 16നും 24നും വയസ്സിന് ഇടയിലുള്ള 10% പേർ പലപ്പോഴും ഒറ്റപ്പെടൽ അനുഭവിക്കുന്നുണ്ടത്രേ! ഇതിനെ തരണം ചെയ്യുന്നതിൽ ചെറുപ്പക്കാരേക്കാൾ പ്രായമായവരാണ് മുന്നിട്ടുനിൽക്കുന്നത്. 10,000ൽ അധികം മുതിർന്നവരിൽ നടത്തിയ ഒരു സർവ്വേയിൽ 20 പേരിൽ ഒരാൾക്ക് ഒറ്റപ്പെടലിന്റെ പരുക്കൻ വശങ്ങൾ അനുഭവിക്കേണ്ടിവരുന്നതായി കണ്ടെത്തി. യൂറോപ്പിന്റെ ‘ഒറ്റപ്പെടലിന്റെ’ തലസ്ഥാനം ബ്രിട്ടൻ ആണെന്ന് സ്ഥിരീകരിച്ചു. ഇതോടെ ഒറ്റപ്പെടലിനെ നേരിടുവാനായി വിവിധ വകുപ്പുകളുടെ സഹകരണത്തോടെ ബ്രിട്ടൻ പ്രത്യേക പരിപാടികൾ ദേശവ്യാപകമായി ആരംഭിച്ചു. അങ്ങനെ ഒറ്റപ്പെടൽ എന്ന വൈയക്തിക പ്രശ്നം ഒരു സാമൂഹികവും രാഷ്ട്രീയവുമായ വിഷയമായി പരിണമിക്കുകയും മാറ്റ് പരിഷ്കൃത ഭരണകൂടങ്ങൾ ഇതിനെ ഗൗരവമായി കണകാക്കുവാനും ആരംഭിച്ചു. അമേരിക്ക, ജപ്പാൻ, ന്യുസിലാൻഡ്, ഓസ്ട്രേലിയ എന്നീ രാജ്യങ്ങൾ അതേപ്പറ്റിയുള്ള ഗവേഷണങ്ങളിൽ ഏറെ മുന്നോട്ടുപോയി. സ്വന്തം പൗരന്മാർ നേരിടുന്ന ആരോഗ്യപ്രശ്നമായി അവർ ഇതിനെ കണക്കാക്കി. ജപ്പാൻ മന്ത്രിസഭ ഒറ്റപ്പെടലിനെ ഒരു ദേശീയ നയപ്രശ്നമായി അംഗീകരിച്ചു. 2018ൽ യു.കെ.ഗവണ്മെന്റ് ട്രേസി ക്രൗച്ചിനെ ഒറ്റപ്പെടൽ വകുപ്പ് മന്ത്രിയായി ( Loneliness Minister) നിയമിച്ചു. 2012ൽ ജപ്പാൻ ഗവണ്മെന്റ് ടെറ്റ്സുഷി സകാമോട്ടോയെ അതെ വകുപ്പിന്റെ മന്ത്രിയാക്കി.
കളിയല്ല ഏകാന്തത
വ്യക്തിയുടെ ശാരീരികവും മാനസികവുമായ ആരോഗ്യത്തെ പ്രതികൂലമായി ബാധിക്കുന്ന വില്ലൻ ആണ് ഒറ്റപ്പെടൽ. കഠിന വിഷാദം , അമിത ചിന്ത, അമിതമായ ഉത്ക്കണ്ഠ, ലക്ഷ്യ ബോധം നഷ്ടപ്പെടൽ, അലസത, കടുത്ത നിരാശ തുടങ്ങിയ മാനസിക പ്രശ്നങ്ങൾ ഇത് സൃഷ്ടിക്കും. അമേരിക്കൻ നേച്ചർ മെന്റൽ ഹെൽത്ത് നടത്തിയ പഠനത്തിൽ നിരന്തരമായ ഒറ്റപ്പെടാൻ ഒരാളിൽ മറവി രോഗത്തിനുള്ള സാധ്യത 31% വർദ്ധിപ്പിക്കുന്നു എന്ന് കണ്ടെത്തി. അവർ 60,000ത്തിൽ അധികം ദമ്പതികളെ പഠന വിധേയരാക്കി. മനുഷ്യ ശരീരത്തിൽ കോർട്ടിസോൾ പോലെയുള്ള സ്ട്രെസ്സ് ഹോർമോണുകളുടേ അളവ് ഉയർത്താനും പ്രതിരോധ ശേഷിയെ ദുർബ്ബലപ്പെടുത്താനും രക്ത സമ്മർദ്ദവും മസ്തിഷ്ക ആഘാതവും ഹൃദ്രോഗ സാദ്ധ്യതയും വർദ്ധിപ്പിക്കും. കൂടാതെ പ്രമേഹം (ടൈപ്പ് 2), പൊണ്ണത്തടി, സന്ധികളിലെ വേദന എന്നിവക്കും ഒറ്റപ്പെടൽ കാരണമായേക്കാമെന്നു പഠനങ്ങൾ ചൂണ്ടിക്കാട്ടുന്നു. അമേരിക്കൻ സർജൻ ജനറൽ ആയ വിവേക് മൂർത്തി ഒറ്റപ്പെടലിനെ ഒരു പൊതുജനാരോഗ്യ പകർച്ചവ്യാധിയായി 2023ൽ പ്രഖ്യാപിച്ചു. ഒരാൾ ദിവസം 15 സിഗരറ്റുകൾ വലിക്കുന്നതിനേക്കാൾ മാരകമായ ശാരീരിക പ്രത്യാഖാതങ്ങൾ ഒറ്റപ്പെട്ട വ്യക്തികളിൽ ഉണ്ടാക്കുമെന്ന് അമേരിക്കൻ പഠനങ്ങൾ പറയുന്നു.
പരിഹാരങ്ങൾ
ഏകാന്തതയെ ഒരു വ്യക്തിപരമായ ദൗർബല്യമായി കാണാതെ സാമൂഹിക പ്രതിസന്ധിയായി കാണേണ്ടതുണ്ട്. പരസ്പരം കേൾക്കുകയും മനസ്സിലാക്കുകയും ചേർത്തുനിർത്തുകയും ചെയ്യുന്നതാണ് ഇതിനെ നേരിടാനുള്ള ആദ്യപടി.
മനുഷ്യർ വീണ്ടും മനുഷ്യരിലേക്ക് ഹൃദയത്തോടെ തിരികെ എത്തേണ്ട കാലമാണിത്. ജീവിതത്തിൽ തനിച്ചായിപ്പോയ വ്യക്തികളെ പൊതുജീവിതത്തിലേക്ക് മടക്കിക്കൊണ്ടു വരിക എന്നത് ഭരണകൂടങ്ങളുടെ ഉത്തരവാദിത്തമാണ്. അത്തരക്കാരുടെ സാമൂഹിക ബന്ധങ്ങൾ വർദ്ധിപ്പിക്കുക, സന്നദ്ധ സേവന പ്രവർത്തനങ്ങളിലേക്ക് അവരെ ആകൃഷ്ടരാക്കുക, മനശ്ശാസ്ത്ര ശാഖക്ക് പൊതുജനാരോഗ്യ മേഖലയിൽ പ്രാധാന്യം നൽകുക, കൗൺസലിംഗ് കേന്ദ്രങ്ങൾ ആരംഭിക്കുക, ബോധവൽക്കരണ പരിപാടികൾ സംഘടിപ്പിക്കുക എന്നിവയെപ്പറ്റി ആലോചിക്കാവുന്നതാണ്.
ചതിക്കുമോ ഇന്റർനെറ്റ് ?
ഒറ്റപ്പെട്ട യുവതീ യുവാക്കൾ അമിതമായ മൊബൈൽ ഫോൺ ഉപയോഗത്തിനും അതുവഴി ഇന്റർനെറ്റിലെ പല ചതിക്കുഴികളിലും പെട്ടുപോകുന്ന സംഭവങ്ങൾ വർദ്ധിച്ചുവരുന്നുണ്ട്. ആർറ്റിഫിഷിയൽ ഇന്റലിജൻസിന്റെ (AI ) വ്യാപനത്തോടെ ഇത്തരക്കാരെ വലവിരിക്കാൻ ഇന്റർനെറ്റിലെ ചതിയന്മാർ കാത്തിരിപ്പാണ്. സൗഹൃദം, സാമ്പത്ത്, വിശ്വാസ്യത, സമയം, ലക്ഷ്യബോധം എന്നിവയെല്ലാം ഇവിടെ കൊള്ളയടിക്കപ്പെടുന്നു. ഇന്റർനെറ്റിലെ “എ.ഐ.കാമുകർ ” സമൂഹത്തിലെ ഒറ്റപ്പെട്ട വ്യക്തികളെ ചൂഷണം ചെയ്യുന്നത് വ്യാപകമായതോടെ ചൈന അത്തരം മൊബൈൽ ആപ്പുകളെ നിരോധിച്ച് നിയമം പാസ്സാക്കി. ഒറ്റപ്പെട്ടവരുടെ പ്രശ്നങ്ങൾ കൈകാര്യം ചെയ്യുവാനായി ഇവിടെയും ഭാവിയിൽ ഒരു മന്ത്രി ഉണ്ടായിക്കൂടെന്നില്ല.
എ.ഐ. കാമുകൻ ഉയർത്തുന്ന വല്ലുവിളികൾ വായിക്കാം;-https://saltmarchmedia.in/ailover/




One thought on “എങ്കിലും, തനിച്ചാണ് …”