gtag('config', 'G-V5M9MZ23B8');

‘മഹാഭാരത’ത്തിൽ ആകൃഷ്ടനായിട്ടുണ്ട് ; ഇ.എം.എസ്

ആദ്യം വായിച്ചത് വേദങ്ങളും മഹാഭാരതവും

  • ‘മഹാഭാരതം’ തന്നെ വളരെയധികം ആകർഷിച്ചിട്ടുണ്ടെന്നും ഋഗ് വേദം ഒരു മത ഗ്രന്ഥം അല്ലെന്നും അത് ഒരു കവിതാ പുസ്തകമാണെന്നും കമ്മ്യൂണിസ്ററ് പാർട്ടി നേതാവും ആദ്യ കേരള മുഖ്യമന്ത്രിയുമായിരുന്ന ഇ.എം.ശങ്കരൻ നമ്പൂതിരിപ്പാട് അഭിപ്രായപ്പെട്ടിട്ടുണ്ട്. 25-11-1995ൽ ഡൽഹിയിൽ വച്ചുനടന്ന ‘പുസ്തകങ്ങളും മനുഷ്യനും’ എന്ന ചർച്ചാ പരിപാടിയിൽ പങ്കെടുത്താണ് അദ്ദേഹം ഈ അഭിപ്രായം പ്രകടിപ്പിച്ചത്.

വേദം ചൊല്ലി ആറുവർഷം പാഴാക്കി

അദ്ദ്ദേഹം പറഞ്ഞതിങ്ങനെ;- എന്റെ കുട്ടിക്കാലത്ത് എനിക്ക് ബന്ധമുണ്ടായിരുന്ന രണ്ടു പുസ്തകങ്ങളിൽ ഒന്നാമത്തേത് ഋഗ് വേദവും രണ്ടാമത്തേത് മഹാഭാരതവും ആയിരുന്നു. ആദ്യത്തെ 6 വർഷങ്ങൾ ഋഗ് വേദ ശ്ലോകങ്ങൾ ചൊല്ലി മനഃപാഠമാക്കാൻ ഞാൻ നിർബന്ധിക്കപ്പെട്ടു. 5 വർഷങ്ങൾ കഴിഞ്ഞപ്പോൾ ഞാൻ എല്ലാം മറന്നു. ഇപ്പോൾ എനിക്കൊന്നും ഓർമ്മയില്ല. എന്റെ ജീവിതത്തിൽ പാഴായ 6 വർഷങ്ങളായിരുന്നു അത്. ഋഗ് വേദം വള്ളത്തോൾ നാരായണ മേനോൻ സംസ്കൃതത്തിൽനിന്നും മലയാളത്തിലേക്ക് വിവർത്തനം ചെയ്തിട്ടുണ്ട്. ബ്രാഹ്മണർ അല്ലാത്തവർ വേദങ്ങൾ കേൾക്കുകപോലും ചെയ്യരുത് എന്നായിരുന്നു പതിവ്. അബ്രാഹ്മണൻ ആയ വള്ളത്തോൾ വേദം പഠിക്കുകയും അത് മലയാളത്തിലേക്ക് തർജ്ജമ ചെയ്യുകയും ചെയ്തു. അതുകൊണ്ടാണ് അദ്ദേഹം ബധിരൻ ആയതെന്ന് ചില ആളുകൾ പറയുന്നത് ഞാൻ കേട്ടിട്ടുണ്ട്. പിന്നീട് ഞാൻ ഋഗ് വേദം വായിച്ചിട്ടുണ്ട് . അത് ഒരു മത ഗ്രന്ഥമായി തോന്നിയിട്ടില്ല. അത് ഒരു ക്ലാസിക്കൽ കവിതയാണ്. എന്റെ വ്യക്തിത്വം രൂപപ്പെടുത്തുന്നതിൽ ഒരു സ്വാധീനവും വേദങ്ങൾക്ക് ഇല്ല.

Thank you for reading this post, don't forget to subscribe!

മഹാഭാരതം ഏറെ സ്വാധീനിച്ചു.

വേദങ്ങൾ കഴിഞ്ഞാൽ ഞാൻ വായിക്കുന്ന രണ്ടാമത്തെ ഗ്രന്ഥം മഹാഭാരതം ആണ്. മഹാഭാരതം എന്നെ സ്വാധീനിച്ചിട്ടുണ്ട്. വള്ളത്തോൾ നാരായണ മേനോൻ അതും മലയാളത്തിലേക്ക് വിവർത്തനം ചെയ്തിട്ടുണ്ട്. എനിക്ക് 9-10 വയസ്സുള്ളപ്പോൾ ആണ് മഹാഭാരതം വായിച്ചത്. അത് ഒരു അനുഭവമായിരുന്നു. പദാനുപദം അത് മുഴുവൻ ഞാൻ വായിച്ചിട്ടുണ്ട്. മഹാഭാരതം എന്നെ കൂടുതൽ ആകർഷിച്ചു. ഇന്ത്യ എന്താണ് എന്നും ഹിന്ദു മതം എന്താണ് എന്നും മഹാഭാരതം എനിക്ക് മനസ്സിലാക്കി തന്നു. ആദ്യം പഠിച്ചത് സംസ്കൃതം ആണ് . പഠിപ്പിക്കുവാൻ പ്രത്യേകം അദ്ധ്യാപകൻ ഉണ്ടായിരുന്നു. മലയാളം സംസാരിക്കുമെങ്കിലും എഴുതുവാൻ പഠിച്ചത് സ്കൂളിൽ ചേർന്നതിന് ശേഷമാണ്. പിന്നീട് കവിതകളും നോവലുകളും വായിച്ചുതുടങ്ങി. 16 വയസ്സുള്ളപ്പോൾ ആണ് ഞാൻ സ്കൂളിൽ ചേരുന്നത്. സ്വകാര്യ ട്യൂഷൻ കാരണം ഭാഗ്യവശാൽ എനിക്ക് 7 ആം ക്‌ളാസിൽ നേരിട്ട് പ്രവേശനം ലഭിച്ചു. ഹൈസ്കൂളിൽ മൂന്നാം ഫോമിലും നാലാം ഫോമിലും പഠിക്കുമ്പോൾ ഞാൻ ഇംഗ്ളീഷ് പത്രം വായിച്ചു തുടങ്ങി. പത്രവായനയാണ് എന്നെ ഒരു രാഷ്ട്രീയക്കാരൻ ആക്കിയത്. ഗാന്ധിയൻ തത്വങ്ങൾക്ക് അനുസൃതമായി എന്റെ ജീവിതം രൂപപ്പെടുത്താൻ ശ്രമിച്ചു.അതിൽനിന്ന് പിന്നീട് നെഹ്രുയിസത്തിലേക്കും കമ്മ്യൂണിസത്തിലേക്കും വളർന്നു. സോഷ്യലിസത്തേയും കമ്യുണിസത്തെയും പറ്റിയുള്ള ആദ്യ പുസ്തകം ഞാൻ വായിക്കുന്നത് കത്തോലിക്കാ കോളേജിലെ ലൈബ്രറിയിൽ നിന്നാണ്. ഞാൻ ആദ്യം ഒരു കോൺഗ്രസ്സുകാരനും ഗാന്ധിയനുമായിരുന്നു. ഞാൻ ആദ്യം മലയാളത്തിൽ എഴുതിയ പുസ്തകം 1931ൽ പ്രസിദ്ധീകരിച്ച ജവാഹർലാൽ നെഹ്രുവിന്റെ ലഘു ജീവചരിത്രമാണ്. നിസ്സഹകരണ പ്രസ്ഥാനത്തിൽ പങ്കെടുത്തു ജയിലിൽ പോയതോടെ ധാരാളം പുസ്തകങ്ങൾ വായിച്ചു. വാസ്തവത്തിൽ ജയിൽജീവിതം ഒരു സർവകലാശാല ആയിരുന്നു.

കണ്ണൂർ ജയിലിലെ ബംഗാളി തടവുകാരൻ

ആദ്യം കണ്ണൂർ ജയിലിലേക്ക് എന്നെ കൊണ്ടുപോകുമ്പോൾ അവിടെ ബംഗാളിൽ നിന്നുള്ള തീവ്രവാദ തടവുകാർ ഉണ്ടായിരുന്നു. അവരിൽ ഒരാൾ പണ്ഡിതൻ ആയിരുന്നു. ഞാൻ എഴുതുമെന്നും വായിക്കുമെന്നും അദ്ദേഹത്തിന് അറിയാമായിരുന്നു. ചരിത്രം,പൊളിറ്റിക്സ്,സാമ്പത്തിക ശാസ്ത്രം എന്നിവയിൽ വായിച്ചിരിക്കേണ്ട പുസ്തകങ്ങളുടെ ലിസ്റ്റ് അദ്ദേഹം എനിക്ക് നൽകി. അദ്ദേഹം നിർദേശിച്ച പുസ്തകങ്ങൾ ജയിലിൽ വച്ച് തന്നെ ഞാൻ വായിച്ചു. ഋഗ് വേദത്തിൽ നിന്ന് കാൾ മാർക്സിന്റെ മൂലധനത്തിലേക്ക് ഞാൻ എന്നെ മാറ്റിമറിച്ചത് ഇങ്ങനെയാണ്. ഇത്തരം പുസ്തകങ്ങൾ ആണ് എന്നെ ഒരു മാർക്സിസ്റ്റ് ആയി രൂപപ്പെടുത്തിയത്. ഇത് എന്റെ ജീവിത കഥയാണ്. ‘പുസ്തകങ്ങളും മനുഷ്യനും’എന്ന വിഷയത്തിൽ ഇതിൽ കൂടുതൽ ഒന്നും എനിക്ക് പറയുവാൻ ഇല്ല .

Leave a Reply

Your email address will not be published. Required fields are marked *