
മദ്ധ്യവർഗ്ഗ ബുദ്ധിജീവികളുടെ വീരവാദങ്ങളെയും അവരുടെ ഉള്ളിലെ ഭീരുത്വത്തെയും തുറന്നു കാട്ടുന്ന ആത്‌മ വിമർശനവുമായി കവി കെ.ജി.ശങ്കരപ്പിള്ള. “സച്ചിദാനന്ദനും ഞാനുമൊക്കെ ഭീരുക്കളായിരുന്നു. ഭീരുക്കൾക്ക് ആത്മഹത്യ ചെയ്യാനൊക്കെ പ്രയാസമാ… കവിതയല്ല എന്തെല്ലാം ഉണ്ടായാലും ആത്മഹത്യ ചെയ്യാൻ കഴിയില്ല. സത്യം അതാണ്, അതിന്റെ പൊള്ളിക്കുന്ന യാഥാർത്ഥ്യം അതാണ്.”
Thank you for reading this post, don't forget to subscribe!” ആർച്ച് ഫയൽസ് ” (Arch Files) എന്ന മലയാളം സോഷ്യൽ മീഡിയ ചാനലിന് അനുവദിച്ച അഭിമുഖത്തിലാണ് പ്രൊഫ; കെ.ജി.എസ്സ് തുറന്നടിച്ചത്. കേരളത്തിലെ നക്സലൈറ്റ് ചരിത്രത്തെപ്പറ്റി ചർച്ചചെയ്യവെ, പ്രസ്ഥാനത്തോട് ആത്മാർഥതകാട്ടിയ ഒരുപാടുപേർ ഒരുഘട്ടത്തിൽ ആത്മഹത്യയിൽ അഭയം പ്രാപിച്ചതിനെപ്പറ്റി അഭിമുഖകാരനായ എം.കെ.ശിവദത്ത് ആരാഞ്ഞു, അപ്പോൾ പ്രൊഫ; കെ.ജി.ശങ്കരപ്പിള്ളയുടെ മറുചോദ്യം “വേറെ വഴിയെന്താ? ഇപ്പോഴും ചിലർ സമൂഹത്തിൽനിന്നും സ്യയം ഒറ്റപ്പെടുത്തി രഹസ്യമായി ജീവിക്കുന്നുണ്ട്. അവരോട് സഹതാപമേ ഉള്ളൂ “
കവിത ഉള്ളതുകൊണ്ടാണ് താൻ അതിജീവിച്ചതെന്നു കവി സച്ചിദാനന്ദൻ പറഞ്ഞതായി കേട്ടിട്ടുണ്ടല്ലോ എന്ന് ചോദിച്ചപ്പോഴാണ് കെ.ജി.എസ്സ് ഇങ്ങനെ പ്രതികരിച്ചത്. “സച്ചിദാനന്ദനും ഞാനുമൊക്കെ ഭീരുക്കളായിരുന്നു. ഭീരുക്കൾക്ക് ആത്മഹത്യ ചെയ്യാനൊക്കെ പ്രയാസമാ… കവിതയല്ല എന്തെല്ലാം ഉണ്ടായാലും ആത്മഹത്യ ചെയ്യാൻ കഴിയില്ല. സത്യം അതാണ്, അതിന്റെ പൊള്ളിക്കുന്ന യാഥാർത്ഥ്യം അതാണ്. പോലീസ് പിടിക്കാൻ വരുമ്പോൾ പിൻവാതിലിലൂടെ പോയി കളക്ടറെ കണ്ട് എങ്ങനെ ജാമ്യം നേടാം എന്ന് ആലോചിക്കുന്ന തരം കക്ഷികളാണ് നമ്മൾ. അല്ലാതെ വിപ്ലവത്തിന് പോയി വെടിയേറ്റ് മരിച്ച വർഗ്ഗീസിനെപ്പോലെയുള്ള മനുഷ്യരല്ല നമ്മൾ. നമ്മളെപ്പോലെയുള്ളവർ അത്തരം ഹീറോയിക് ആയ റെവല്യൂഷണറികളുടെ പ്രാതിനിധ്യം അവകാശപ്പെടുന്നത് ഒരു അത്യാഗ്രഹമാണ്. അങ്ങനത്തെ ഹീറോയിസവും ധീരതയും നമ്മുടെ വാക്കിലല്ലാതെ സത്വത്തിൽ ഇല്ല; അതാണ് സത്യം.”

കെ.ജി.എസ്സ് തുടരുന്നു. “ഒരു ഭാഗത്ത് നമ്മളൊക്കെ കരിയറിസ്റ്റുകളാണ്. കൂടുതൽ നല്ല പദവികളിലേക്കും സാമ്പത്തിക ഭദ്രതയിലേക്കും ഒക്കെ പോകുന്ന സാധാരണ മധ്യവർഗ്ഗ മനുഷ്യർ. ഈ മധ്യവർഗ്ഗ മനുഷ്യൻ, അയാൾ ബുദ്ധിജീവിയോ, കവിയോ, ചിത്രകാരനോ, നടനോ ആരായിരുന്നാലും, അയാളുടെ ഘടനയെ രൂപപ്പെടുത്തുന്നതിൽ ഭീരുത്വം ഒരു പ്രധാനപ്പെട്ട, നിർണ്ണായകമായ ഘടകമാണ് . അതുകൊണ്ട് യാതൊരുവിധ വീരവാദത്തോടും എനിക്ക് യോജിപ്പില്ല. സ്വയം ഹീറോ ആക്കുന്നത് തന്നെ ഭീരുത്വം കൊണ്ടാണ്. റിട്ടയർ ചെയ്ത നക്സലൈറ്റുകൾ ഇപ്പോൾ എഴുതുന്ന ആത്മകഥകളിൽ അവർ ഭയങ്കര ഹീറോസ് ആണെന്നാണ് വാദിക്കുന്നത് . അങ്ങനെ ഒന്നുമല്ല സത്യം. എല്ലാ വിപ്ലവ പ്രസ്ഥാനങ്ങളുടെ ഉള്ളിലും രണ്ടുതരം മനുഷ്യർ ഉണ്ട്. അങ്ങേയറ്റം സത്യസന്ധരും ധീരരും ആയിട്ടുള്ള ഒരു വിഭാഗവും സംശയാലുക്കളും ഭീരുക്കളും ആയിട്ടുള്ള മറ്റൊരു വിഭാഗവും . ക്രീയേറ്റിവ് ആയിട്ടുള്ളവരിൽ 90% വും സന്നിഗ്ദ്ധന്മാരും ഭീരുക്കളും ആയിരിക്കും. സൈക്കോളജിക്കൽ ഫോർമേഷൻ അങ്ങനെയാണ്. ആത്‌മപ്രശംസ ചെയ്യാൻ പാടില്ല. ആത്‌മപ്രശംസയിലൂടെ നമ്മൾ നമ്മളെത്തന്നെ കൂടുതൽ വിൽപ്പന സാദ്ധ്യത ഉള്ളവർ ആക്കി മാറ്റുകയാണ്. സ്വയം വിൽപ്പനക്ക് തയ്യാറാണെങ്കിൽ അതൊക്കെ ചെയ്തോളു. എല്ലാത്തരം ഗ്ളാമർ താരങ്ങളും മോഡലുകളും ഒക്കെ ചെയ്തുകൊണ്ടിരിക്കുന്ന കാര്യമാണ് അത്. കവിയും കലാകാരനും മനഃസാക്ഷിക്കൊണ്ട് സമൂഹത്തോട് ഒപ്പം നിൽക്കണം. അവരുടെ ഇടയിൽ ഞാൻ അല്പമെങ്കിലും സുപ്പീരിയർ ആണെന്ന് ഭാവിക്കാതെ ഇരിക്കണം. ആണെന്ന് മറ്റുള്ളവർ പറഞ്ഞാലും ബ്രഹ്റ്റ് പറഞ്ഞതുപോലെ മനുഷ്യർക്കിടയിലെ മനുഷ്യനാണ് താനെന്നു പറയുവാനുള്ള സത്യസന്ധതയാണ് കലാകാരനുവേണ്ടത്.” കെ.ജി.എസ്സ് പറഞ്ഞു നിർത്തി .
